മരംമുറി ഉത്തരവിന് നിര്‍ദേശം നല്‍കിയത് മുന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്
കോഴിക്കോട്: വിവാദത്തിന് വഴിവെച്ച മരംമുറി ഉത്തരവിന് നിര്‍ദേശം നല്‍കിയത് മുന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. മീഡിയ വണ്‍ ആണ് രേഖകള് പുറത്തു വിട്ടത്. ഈട്ടി, തേക്ക് എന്നീ മരങ്ങള്‍ മുറിക്കരുതെന്ന വ്യവസ്ഥ മറികടക്കാന്‍ നിര്‍ദേശം നല്‍കിയതും മുന്‍ മന്ത്രിയാണെന്നും വിഷയത്തില്‍ നിയമ വകുപ്പിന്റെ അഭിപ്രായം ലഭിക്കാതെയാണ് തീരുമാനമെടുത്തതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
മരം മുറി തടഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിര്‍ദ്ദേശത്തിന് മുമ്പും ശേഷവും ഉദ്യോഗസ്ഥര്‍ നിയമപ്രശ്‌നം ഉന്നയിച്ചു. പക്ഷെ ഉപദേശം തേടാതെ ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിന് പിന്നാലെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കി.
21/10/2019ല്‍ നിയമ വകുപ്പിന്റെയും എ.എ.ജിയുടെയും അഭിപ്രായം തേടി മുന്‍ മന്ത്രി ചന്ദ്രശേഖരന്‍ ഫയലില്‍ കുറിച്ചിരുന്നു. എന്നാല്‍, 05/10/2020 നിയമ വകുപ്പിന്റെ മറുപടി ലഭിക്കും മുമ്പ് മന്ത്രി തീരുമാനമെടുത്തുവെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഈട്ടി, തേക്ക് എന്നീ മരങ്ങള്‍ മുറിക്കരുതെന്ന വ്യവസ്ഥ മറികടക്കാന്‍ നിര്‍ദേശം നല്‍കിയതും മുന്‍ റവന്യൂ മന്ത്രിയാണ്. ഈ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും 2017ലെ ഭേദഗതി പ്രകാരം ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചിരുന്നു.
അതേസമയം മരം മുറിക്ക് അനുമതി നല്‍കുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും വീണ്ടും മരംമുറിക്കാന്‍ വനംവകുപ്പ് പാസ് നല്‍കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ഈ രീതിയില്‍ 50 ലേറെ പാസുകള്‍ അനുവദിച്ചെന്നും ആയിരത്തിലേറെ മരങ്ങള്‍ മുറിച്ചെന്നുമാണ് കണ്ടെത്തല്‍. ഉത്തരവ് റദ്ദാക്കിയിട്ടും അനുമതി നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്ത് കളിയുടെ വ്യക്തമായ തെളിവാണ്.
മുട്ടിലേത് അടക്കമുള്ള മരം മുറിയില്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ പ്രധാന പ്രതിരോധം റവന്യു പ്രിന്‍സിപ്പില്‍ സെക്രട്ടറി മരം മുറിക്കാന്‍ നല്‍കിയ ഉത്തരവ് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തു എന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇറക്കിയ ഉത്തരവ് വിമര്‍ശനങ്ങളെ തുടര്‍ന്ന് ഫെബ്രുവരി രണ്ടിന് റദ്ദാക്കിയിട്ടും മരംമുറി നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."