മഴയിലും അണമുറിയാതെ ആവേശം ജനമനസുകളിലൂടെ ചുവടുവച്ച് രാഹുൽ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • കോരിച്ചൊരിയുന്ന മഴയത്തും അണമുറിയാത്ത ആവേശത്തിൽ ജനമനസുകളിലൂടെ ചുവടുവച്ച് രാഹുലും പദയാത്രികരും. ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിനം കണിയാപുരത്തുനിന്ന് ആരംഭിച്ചപ്പോൾ മഴയായിരുന്നു. ചുറ്റും കുടകൾ നിവർന്നപ്പോഴും മഴ നനഞ്ഞ് രാഹുൽ നടത്തം തുടർന്നതോടെ പ്രവർത്തകരും നേതാക്കളും മുദ്രാവാക്യം വിളിച്ച് ഒപ്പം ചേർന്നു. മഴയിലും രാഹുൽ ഗാന്ധിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ആയിരങ്ങളാണ് ഒന്നിച്ചുകൂടിയത്.
പൂക്കളുമായി രാഹുലിനെ വരവേൽക്കാൻ കുട്ടികളും കാത്തുനിൽക്കുന്നുണ്ടായിരുന്നു. അതിനിടെ, യാത്രയിൽ തനിക്കൊപ്പം അണിചേർന്ന പിഞ്ചുകുഞ്ഞ് അടക്കമുള്ള കുടുംബത്തിന് കുട ചൂടിക്കാൻ രാഹുൽ നിർദേശം നൽകി. തനിക്ക് കുടയുമായി കൂടെ നടന്ന സുരക്ഷാ ഉദ്യോഗസ്ഥനോടാണ് കുഞ്ഞു നനയാതിരിക്കാൻ കുട ചൂടാൻ രാഹുൽ ആവശ്യപ്പെട്ടത്. തുടർച്ചയായി പെയ്ത മഴയിലും ആയിരത്തിലേറെ കോൺഗ്രസ് പ്രവർത്തകർ പദയാത്രയെ അനുഗമിച്ചു. പ്രവർത്തകർ കൂട്ടമായി ജാഥയിലേക്ക് എത്തിയതോടെ വേഗത്തിൽ മുന്നോട്ടു നടക്കാൻ നേതാക്കൾക്കു പലതവണ മൈക്കിലൂടെ വിളിച്ചുപറയേണ്ടി വന്നു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, അടൂർ പ്രകാശ് എം.പി. കെ. മുരളീധരൻ എം.പി. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, വി.എസ് ശിവകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി. ഷാഫി പറമ്പിൽ എന്നിവർ രാഹുൽ ഗാന്ധിക്ക് ഒപ്പം നടന്നു. നേതാക്കളുമായി സംസാരിച്ചും റോഡിന്റെ ഇരുവശത്തുമുള്ള ജനസഞ്ചയത്തെ കൈകൾ ഉയർത്തി അഭിവാദ്യം ചെയ്തും രാഹുൽ യാത്ര തുടർന്നു. തന്നോടു സംസാരിക്കാനെത്തിയ കുട്ടികളെ ചേർത്തുപിടിച്ച് രാഹുൽ വിവരങ്ങൾ ആരാഞ്ഞു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം യാത്ര കടന്നുപോകുന്ന വഴികളിലെല്ലാം രാഹുലിനെ കാണാനെത്തിയിരുന്നു. തിരക്കിനിടയിൽ രാഹുലിന്റെ അടുത്തേക്ക് എത്താൻ ശ്രമിച്ചവരെ പൊലിസ് ഏറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്.
യാത്ര തോന്നയ്ക്കലിൽ എത്തിയപ്പോൾ ആശാൻ സ്മാരകത്തിലെത്തി രാഹുൽ പുഷ്പാർച്ചന നടത്തി. ആശാൻ സ്മാരകത്തെക്കുറിച്ചുള്ള വിവരങ്ങൾ കെ.സി വേണുഗോപാലും നേതാക്കളും രാഹുലുമായി പങ്കിട്ടു. മാമത്ത് തൊഴിലാളികളുടെ വലിയ പങ്കാളിത്തം ജാഥയിലുണ്ടായി. ആറ്റിങ്ങലിലാണ് യാത്രയുടെ ഒന്നാംഘട്ടം അവസാനിച്ചത്. ആറ്റിങ്ങലിലെ കൺവൻഷൻ സെന്ററിലായിരുന്നു വിശ്രമം. വിശ്രമത്തിനിടെ നേതാക്കൾക്ക് രമേശ് ചെന്നിത്തല യോഗയിലെ ചില അഭ്യാസങ്ങൾ പഠിപ്പിച്ചത് കൗതുക കാഴ്ചയായി. ദീർഘനേരം നടക്കുമ്പോൾ കാലുവേദനിക്കുന്നത് ഒഴിവാക്കാനുള്ള കാര്യങ്ങളാണ് ചെന്നിത്തല കാണിച്ചത്. ആചാര്യ ചെന്നിത്തല ജി എന്ന് നേതാക്കൾ വിശേഷിപ്പിച്ചു. കൺവൻഷൻ സെന്ററിൽ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ രാഹുലിനെ കാണാനെത്തി. രണ്ടു മണിക്ക് തൊഴിലുറപ്പ് തൊഴിലാളികളുമായി രാഹുൽ ചർച്ച നടത്തി. സി.എം.പി നേതാക്കളുമായും കെ റെയിൽ വിരുദ്ധ സമരസമിതി നേതാക്കളുമായും ചർച്ച നടത്തി. വിശ്രമത്തിനു ശേഷം നാലു മണിയോടെ രണ്ടാംഘട്ട യാത്ര തുടർന്ന് ഏഴു മണിയോടെ കല്ലമ്പലത്താണ് യാത്ര സമാപിച്ചത്. ഇന്ന് രാവിലെ യാത്ര കൊല്ലം ജില്ലയിൽ പ്രവേശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."