പൊലിസിലെ സീനിയോറിറ്റി അട്ടിമറി; ബി. സന്ധ്യയ്ക്ക് ഡി.ജി.പി പദവി നല്‍കാന്‍ ശുപാര്‍ശയുമായി പൊലീസ് മേധാവി
തിരുവനന്തപുരം: എ.ഡി.ജി.പി സന്ധ്യയ്ക്ക് ഡിജിപി പദവി നല്‍കാന്‍ സംസ്ഥാന പൊലിസ് മേധാവി അനില്‍ കാന്ത് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. അനില്‍ കാന്ത് ഡിജിപി കേഡര്‍ പദവിയില്‍ പൊലിസ് മേധാവി ആയതോടെ സന്ധ്യയ്ക്കു ആ പദവിയിലെ മുന്‍തൂക്കം 1 മാസം നഷ്ടമായി. ഈ സാഹചര്യത്തിലാണ് അനില്‍ കാന്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കിയത്. താല്‍ക്കാലികമായി ഒരു ഡിജിപി തസ്തിക കൂടി സൃഷ്ടിച്ച് സ്ഥാനക്കയറ്റം നല്‍കണമെന്നാണു നിര്‍ദേശം. കേന്ദ്ര അനുമതിയില്ലാതെ 1 വര്‍ഷം വരെ താല്‍കാലിക തസ്തിക സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇത് അക്കൗണ്ടന്റ് ജനറല്‍ കൂടി അംഗീകരിക്കണം. ഇതാണ് അനില്‍ കാന്ത് മുമ്പോട്ടു വയ്ക്കുന്ന നിര്‍ദേശം.
അംഗീകരിക്കപ്പെട്ടാല്‍ സന്ധ്യയും അനില്‍കാന്തിനെ പോലെ ഡിജിപിയാകും. അല്ലെങ്കില്‍ ഋഷിരാജ് സിങ് വിരമിക്കും വരെ കാത്തിരിക്കേണ്ടി വരും. നാല് ഡിജിപിമാരെയാണ് കേരളാ കേഡറില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നത്. സീനിയോരിറ്റി പ്രകാരം ജൂലൈ ഒന്നിന് ഈ റാങ്ക് കിട്ടേണ്ട ഉദ്യോഗസ്ഥയായിരുന്നു സന്ധ്യ. എന്നാല്‍ എഡിജിപി റാങ്കിലെ അനില്‍ കാന്തിനെ പൊലിസ് മേധാവിയായി നിയമിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചതോടെ സന്ധ്യയ്ക്ക് സീനിയോരിറ്റിയിലും നഷ്ടം വരികയാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സന്ധ്യയെ എല്ലാ അര്‍ത്ഥത്തിലും പിണറായി പരിഗണിച്ചിരുന്നു. ജിഷാ കേസിന്റെ അന്വേഷണം നടത്തിയത് സന്ധ്യയായിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച കേസോടെ എല്ലാം തകിടം മറിഞ്ഞു. ദിലീപിന്റെ അറസ്റ്റ് സര്‍ക്കാരിന് നേട്ടമായെങ്കിലും സന്ധ്യയ്ക്ക് വലിയ തിരിച്ചടിയായി. ഇതിനിടെയാണ് പുതിയ പൊലീസ് മേധാവിയാകാനുള്ള സാധ്യത സന്ധ്യയ്ക്ക് തെളിഞ്ഞത്.ടോമിന്‍ തച്ചങ്കരിയേക്കും സുധേഷ് കുമാറിനും വിവാദമുള്ളതിനാല്‍ സന്ധ്യ പൊലിസ് മേധാവിയാകുമെന്ന് ഏവരും കരുതി. അതുണ്ടായില്ലെന്ന് മാത്രമല്ല അര്‍ഹിച്ച പ്രമോഷന്‍ പോലും വൈകുന്ന സാഹചര്യം ലോക്‌നാഥ് ബെഹ്‌റയുടെ വിരമിക്കലോടെ സന്ധ്യയ്ക്കുണ്ടായി. \
ഐപിഎസുകാരില്‍ ഇപ്പോള്‍ ഋഷിരാജ് സിംഗിനും തച്ചങ്കരിക്കും സുധേഷ് കുമാറിനും അനില്‍ കാന്തിനുമാണ് കേന്ദ്രം അംഗീകരിച്ച ഡിജിപി കേഡറുള്ളത്. യഥാര്‍ത്ഥത്തില്‍ നാലാമത് വരേണ്ടത് സന്ധ്യാണ്. എഡിജിപിയായ അനില്‍കാന്തിനെ സന്ധ്യയെ മറികടന്ന് പൊലീസ് മേധാവിയാക്കിയതോടെയാണ് ഈ അവസരം സന്ധ്യയ്ക്ക് നഷ്ടമാകുന്നത്. ഫലത്തില്‍ കേരളത്തിലെ ഐപിഎസ് സീനിയോറിട്ടിയില്‍ അഞ്ചാമതായി സന്ധ്യയുടെ സ്ഥാനം. അടുത്ത മാസം ഋഷിരാജ് സിങ് വിരമിക്കും. ഈ സമയം കേന്ദ്ര കേഡറില്‍ സന്ധ്യയും ഡിജിപിയാകും.
അതായത് ഒരു മാസം വൈകി മാത്രമേ സന്ധ്യയ്ക്ക് പ്രമോഷന്‍ കിട്ടൂ എന്ന അവസ്ഥ വന്നു. ഈ സാഹചര്യത്തിലാണ് അനില്‍ കാന്തിന്റെ കത്തയയ്ക്കല്‍.അനില്‍ കാന്ത് 2022 ജനുവരിയില്‍ വിരമിക്കും. രണ്ടു കൊല്ലം സര്‍ക്കാര്‍ പദവി നീട്ടികൊടുക്കാന്‍ സാധ്യതയുമില്ല. ഈ സമയത്തേക്ക് തച്ചങ്കരിയുടെ വിജിലന്‍സ് കേസുകള്‍ അവസാനിപ്പിക്കുന്ന തരത്തില്‍ ഇടപെടലുണ്ടാകും. അങ്ങനെ വന്നാല്‍ തച്ചങ്കരി യുപിഎസ് സിയുടെ അംഗീകാരത്തോടെ പൊലീസ് മേധാവിയാകും. അല്ലാത്ത പക്ഷമേ സന്ധ്യയ്ക്ക് ഡിജിപിയാകാന്‍ അവസരം ഉണ്ടാകൂ. അന്ന് പുതിയ പേരുകള്‍ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാനും ഇടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."