സി.പി.എമ്മിനെ വിഴുങ്ങുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍
പിണറായി വിജയനാണ് മുഖ്യമന്ത്രി പദത്തോടൊപ്പം ആഭ്യന്തര വകുപ്പിന്റേയും ചുമതല വഹിക്കുന്നത്. അദ്ദേഹം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് 2013ല്‍ പാലക്കാട്ട് സി.പി.എം പ്ലീനം നടന്നത്. പ്ലീനത്തില്‍ സംഘടനാരേഖ അവതരിപ്പിച്ചുകൊണ്ട് അന്നദ്ദേഹം പറഞ്ഞത്, 'ദൗര്‍ബല്യങ്ങള്‍ തിരുത്താന്‍ തയാറാകാത്ത പ്രവര്‍ത്തകരെ കൈയൊഴിയണം. ഏത് സാഹചര്യത്തിലായാലും ഇത്തരക്കാരുടെ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുത്. പലിശക്കാരും റിയല്‍ എസ്‌റ്റേറ്റ് മാഫിയക്കാരും വയലുകള്‍ മണ്ണിട്ട് നികത്തുന്നവരുംപാര്‍ട്ടിയില്‍ ഉണ്ടാകരുത് '. ഇത് പറഞ്ഞു മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം ആഭ്യന്തര വകുപ്പിന്റേയുംകൂടി ചുമതല വഹിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിയായിക്കഴിഞ്ഞിരുന്നു. പ്ലീനം റിപ്പോര്‍ട്ടില്‍ പേരെടുത്ത് കുറ്റപ്പെടുത്തിയവരെ കവച്ചുവയ്ക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളാണിപ്പോള്‍ പാര്‍ട്ടിയില്‍ പിടിമുറുക്കിയിരിക്കുന്നത്. പ്ലീനത്തില്‍ പറഞ്ഞ വാക്കുകള്‍ പാര്‍ട്ടി തീരുമാനമായിരുന്നെങ്കില്‍, ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ എങ്ങനെയാണ് പാര്‍ട്ടിയില്‍ ആധിപത്യമുറപ്പിച്ചത്?
ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന കൊടി സുനിക്ക് അയാളുടെ താല്‍പര്യപ്രകാരം വിയൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫര്‍ ശരിയാക്കിക്കൊടുക്കുന്ന തരത്തിലേക്ക് അധഃപതിക്കുകയായിരുന്നില്ലേ സി.പി.എം. യു.ഡി.എഫ് ഭരിക്കുമ്പോഴാണ് സെല്ലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കൊടി സുനിയെ വിയൂരില്‍ നിന്നും പൂജപ്പുര ജയിലിലേക്ക് മാറ്റിയത്.പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വലിയ കാലതാമസമില്ലാതെ പൂജപ്പുരയില്‍ നിന്നും വീണ്ടും വിയൂരിലേക്ക് മാറ്റിയത് ആരുടെ താല്‍പര്യപ്രകാരമാണ്. ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കൊലക്കേസ് പ്രതികള്‍ക്ക് അനുവദനീയമായ പരോള്‍ കാലാവധി എത്ര?, ഓരോ ഉദ്യോഗസ്ഥര്‍ക്കും അനുവദിക്കാവുന്ന കാലാവധി എത്ര?, ടി.പി ചന്ദ്രശേഖരന്‍ കേസ് പ്രതികള്‍ക്ക് ചട്ടവിരുദ്ധമായി പരോള്‍ അനുവദിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?, ഇവര്‍ക്ക് അനുവദിച്ച പരോള്‍ കാലാവധി എത്രയാണ്? ഈ വക ചോദ്യങ്ങള്‍ക്കൊന്നും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരങ്ങള്‍ നിയമസഭയില്‍ എത്തിയിട്ടില്ല.
ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികള്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചു പരോളില്‍ പുറത്ത് വന്നു ക്വട്ടേഷന്‍ നടത്തുമ്പോള്‍ എങ്ങനെ മുഖ്യമന്ത്രിക്ക് ശരിയായ ഉത്തരം നല്‍കാന്‍ കഴിയും. ഈ പരോള്‍ കാലത്തും ജയിലിലുമിരുന്നും ക്വട്ടേഷന് നേതൃത്വം നല്‍കുകയായിരുന്നു ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ മുഖ്യപ്രതികളായ കൊടി സുനിയും ഷാഫിയും. ഒന്‍പത് വര്‍ഷത്തെ തടവ് ജീവിതം കൊണ്ട് വമ്പിച്ച സാമ്പത്തിക വളര്‍ച്ചയാണ് ഇവര്‍ക്കുണ്ടായത്. ഇതേക്കുറിച്ച് പാര്‍ട്ടി അന്വേഷിച്ചോ? ഇടത് മുന്നണി സര്‍ക്കാര്‍ അന്വേഷിച്ചോ?
ഈ കറുത്ത ചരിത്രത്തിന്റെ ഏടുകളുമായി പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സ്വര്‍ണക്കവര്‍ച്ചാ പ്രതികളും പാര്‍ട്ടി സൈബര്‍പോരാളികളുമായ ആകാശ് തില്ലങ്കേരിയേയും അര്‍ജുന്‍ ആയങ്കിയേയും തള്ളിപ്പറഞ്ഞാല്‍ അത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ മാത്രം വിഡ്ഢികളാണോ കേരളീയ പൊതുസമൂഹം. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തുന്നവരുടെ ഭാര്യമാര്‍ക്ക് മാസ ശമ്പളം കിട്ടുന്ന ജോലി ശരിയാക്കി കൊടുക്കുന്ന സി.പി.എം നേതൃത്വത്തിന് എന്ത് രാഷ്ട്രീയ നൈതികതയാണ് പൊതുസമുഹത്തിന് മുന്‍പില്‍ വയ്ക്കാനുള്ളത്. ആകാശ് തില്ലങ്കേരിയെ പാര്‍ട്ടി എന്നോ പുറത്താക്കിയതാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞപ്പോള്‍, ഒറ്റ രാത്രി കൊണ്ട് ഒറ്റുകാരനെന്ന് തള്ളിപ്പറഞ്ഞാല്‍ പത്രസമ്മേളനം നടത്തി പലതും വിളിച്ചു പറയേണ്ടിവരുമെന്ന് ആകാശ് വെല്ലുവിളിച്ചപ്പോള്‍ പാര്‍ട്ടി നേതൃത്വം പിന്നീട് എന്തുകൊണ്ടാണ് നിശബ്ദത പാലിച്ചത്.
ടി.പി വധക്കേസിലെ പ്രതി കൊടി സുനിയില്‍ നിന്നും രണ്ടാം പ്രതി കിര്‍മാണി മനോജില്‍ നിന്നും മറ്റൊരു പ്രതിയായ ശാഫിയില്‍ നിന്നും ക്വട്ടേഷന്‍ പതാകയ്‌ക്കൊപ്പം പാര്‍ട്ടി പതാകയും അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഏറ്റുവാങ്ങി എന്നതാണ് യാഥാര്‍ഥ്യം. ഈ വസ്തുത അന്വേഷണ സംഘത്തോട് അര്‍ജുന്‍ ആയങ്കി സമ്മതിച്ചതായാണ് വാര്‍ത്തകളില്‍ കാണുന്നത്. ഇവര്‍ക്കാര്‍ക്കും പാര്‍ട്ടി അംഗത്വമില്ലെന്നാണ് സി.പി.എം നേതൃത്വം പറയുന്ന ന്യായം. എന്നാല്‍ ഇവര്‍ക്ക് സി.പി.എം ഉന്നത നേതാക്കളില്‍ വരെ സ്വാധീനമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണല്ലൊ പുറത്താക്കിയെന്ന് പാര്‍ട്ടി നേതൃത്വം പറയുമ്പോഴും പാര്‍ട്ടിക്ക് വേണ്ടി പടച്ചട്ടയണിഞ്ഞ് സൈബര്‍ ഇടങ്ങളില്‍ ഇവര്‍ പോരാടിയത്. എന്തുകൊണ്ട് ആ സമയം പാര്‍ട്ടി നേതൃത്വം ഇവരെ തള്ളിപ്പറഞ്ഞില്ല. ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് കിട്ടുന്ന പിന്തുണയേക്കാള്‍ അണികളില്‍ നിന്നു ഈ ക്രിമിനലുകള്‍ക്ക് കിട്ടുന്നതിനാലല്ലേ പുറത്താക്കിയെന്ന് പുറമേക്ക് പറയുമ്പോഴും ഇവരെ സി.പി.എം പരസ്യമായി തള്ളിപ്പറയാതിരുന്നത്.
സ്വര്‍ണം തട്ടിയെടുക്കുന്ന 'പൊട്ടിക്കല്‍' പ്രക്രിയയില്‍ വൈദഗ്ധ്യം നേടിയ ആകാശും അര്‍ജുനും കിട്ടുന്നതില്‍ ഒരു പങ്ക് പാര്‍ട്ടിക്കും കൊടുക്കുന്നുണ്ടെന്ന് പറയുമ്പോള്‍, പാര്‍ട്ടി നേതൃത്വം അത് നിഷേധിക്കുന്നില്ല.പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ഇവര്‍ എങ്ങനെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി മുന്‍നിരക്കാരായി പ്രവര്‍ത്തിച്ചതെന്ന് വിശദീകരിക്കാനുള്ള ബാധ്യത സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കുണ്ട്. നേതാക്കള്‍ അവരുടെ പല കാര്യങ്ങള്‍ക്കും ഈ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചിട്ടില്ലെന്ന് നെഞ്ചത്ത് കൈവച്ചു അവര്‍ക്ക് പറയാനാകുമോ? ഇത്തരം സഹായങ്ങള്‍ കിട്ടുന്നതിനാലാണ് ഇവര്‍ക്ക് നേരെ കണ്ണടയ്ക്കാന്‍ നേതാക്കള്‍ നിര്‍ബന്ധിതരായത്.
ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള സി.പി.എമ്മിന്റെ ബന്ധത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2002 നും 2009നും കണ്ണൂര്‍ ജില്ലയില്‍ നടന്ന പത്തിലധികം രാഷ്ട്രീയ കൊലപാതകങ്ങളില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയിട്ടില്ലെന്ന് സി.പി.എം നേതാക്കള്‍ക്ക് പറയാനാകുമോ? കണ്ണൂരില്‍ തുടക്കമിട്ട പാര്‍ട്ടി - ക്വട്ടേഷന്‍ ബന്ധം ഇന്ന് കേരളത്തിലാകെ പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. ഈ യാഥാര്‍ഥ്യത്തിനുനേരെ പാര്‍ട്ടി നേതൃത്വത്തിന് കണ്ണടയ്ക്കാനാവില്ല.
പാര്‍ട്ടിയെ ക്വട്ടേഷന്‍ സംഘത്തില്‍ നിന്നു ശുദ്ധീകരിക്കുമെന്നാണ് എം.വി.ജയരാജന്‍ പറയുന്നത്. സ്വര്‍ണം ശുദ്ധീകരിക്കാന്‍ സഹകരണ ബാങ്കിലെ അപ്രൈസര്‍മാര്‍വരെ അര്‍ജുന്‍ - ആകാശ് ക്വട്ടേഷന്‍ സംഘത്തില്‍ ഉള്ളപ്പോള്‍ പാര്‍ട്ടിയെ ശുദ്ധീകരിക്കുവാന്‍ എന്ത് വിദ്യയാണാവോ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ കൈയിലുള്ളത്. 2013 ലെ പ്ലീനത്തില്‍ പാര്‍ട്ടിയെ മാഫിയകളില്‍ നിന്നു രക്ഷിക്കാന്‍ ആഹ്വാനം നല്‍കിയ സെക്രട്ടറി ഇന്നു സംസ്ഥാന മുഖ്യമന്ത്രിയായി വാഴുമ്പോഴും അദ്ദേഹത്തിന് പ്ലീനം റിപ്പോര്‍ട്ടിനോട് നീതി പുലര്‍ത്താന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, കൂടുതല്‍ അധഃപതിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്നു പാര്‍ട്ടിയെ രക്ഷിക്കാനും കഴിയുന്നില്ല. ഒരു പ്ലീനം റിപ്പോര്‍ട്ടിനും രക്ഷിക്കാന്‍ കഴിയാത്തവിധം ചുവന്ന കുപ്പായമിട്ട ക്വട്ടേഷന്‍ സംഘങ്ങള്‍ വിഴുങ്ങിക്കൊണ്ടിരിക്കുകയല്ലേ കേരളത്തിലെ സി.പി.എമ്മിനെ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."