മധുവധക്കേസില്‍ കൂറുമാറിയ സുനില്‍ കുമാറിന്റെ കാഴ്ച പരിശോധിപ്പിച്ച് കോടതി, പിന്നാലെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് വനംവകുപ്പ്
മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ സാക്ഷി സുനില്‍കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.സൈലന്റ് വാലി ഡിവിഷനിലെ ആനവായ് ഫോറസ്റ്റ് സ്റ്റേഷനിലെ താല്‍ക്കാലിക വാച്ചറാണ് സുനില്‍കുമാര്‍. മൊഴി മാറ്റിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തേ മറ്റ് മൂന്ന് വാച്ചര്‍മാരെ കൂടി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.ആദ്യ തവണ ഇത്തരത്തില്‍ കേസില്‍ മൊഴി മാറ്റിയതിന് പിരിച്ചു വിടല്‍ നടപടി ഉണ്ടായിരുന്നിട്ടും പിന്നീട് വീണ്ടും വാച്ചര്‍മാര്‍ മൊഴി മാറ്റിയത് ഇവര്‍ക്ക് മേലുള്ള സമ്മര്‍ദം വ്യക്തമാക്കുന്നതാണ്.
ജോലി നഷ്ടപ്പെടുമെന്ന് വ്യക്തമായിട്ടും കൂറ് മാറിയത് വലിയ തുക പണമായി ഇവര്‍ക്ക് ലഭിക്കുന്നതിന്റെ തെളിവാണെന്ന് പ്രോസിക്യൂഷനും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. bമധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ടുവരുന്ന വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ തനിക്ക് കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു സുനില്‍കുമാര്‍ പറഞ്ഞത്. സുനില്‍ ഈ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായി നില്ക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ കോടതിയില്‍ വീഡിയോ പ്രദര്‍ശിപ്പിച്ചപ്പോള്‍ തനിക്ക് ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് ഇയാളുടെ കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."