തപാൽവഴിയെത്തും ലഹരിപ്പൊതികൾ
മൂന്ന് വർഷത്തിനിടെ പിടികൂടിയത് വിദേശത്ത് നിന്നെത്തിയ 110 ചരക്കുകൾ
ഡാർക്ക്‌നെറ്റ് വഴി ക്രിപ്‌റ്റോ കറൻസി നൽകിയാണ് ഇടപാടുകൾ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • തപാൽ വഴി കേരളത്തിലേക്ക് പറന്നിറങ്ങുന്നു ലഹരിപ്പൊതികൾ. അതിർത്തികളിലും ട്രെയിനിലും ബസിലും ലഹരി പരിശോധന കർശനമാക്കിയതോടെയാണ് ലഹരി മാഫിയ പുത്തൻ വഴി കണ്ടെത്തിയത്. ഡാർക്ക്‌നെറ്റ് വഴിയാണ് സംസ്ഥാനത്തെ ലഹരി മാഫിയകൾ ക്രിപ്‌റ്റോകറൻസി നൽകി മയക്ക് മരുന്ന് വാങ്ങുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യാന്തര തപാൽ സംവിധാനം വഴി കേരളത്തിലെത്തിയ 110 മയക്കുമരുന്ന് ചരക്കുകൾ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തു. യു.എസ്.എ, നെതർലൻഡ്‌സ്, ഖത്തർ എന്നീ മൂന്ന് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന രാജ്യാന്തര മാഫിയകളിൽ നിന്നാണ് കേരളത്തിലെ മാഫിയകൾ ഈ ചരക്കുകൾ വാങ്ങിയത്. കസ്റ്റംസ് കേസെടുത്തതിനു ശേഷം കഴിഞ്ഞ മാർച്ച് 15ന് എക്‌സൈസ് വകുപ്പിന് കൈമാറി. മയക്കുമരുന്ന് ചരക്കുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തതായി എക്‌സൈസ് വൃത്തങ്ങൾ അറിയിച്ചു. തപാൽ വകുപ്പിന്റെ ഇന്റർനാഷണൽ മാൾ സെന്ററിൽ (ഐ.എം.സി) നടത്തിയ പരിശോധനയിലാണ് കസ്റ്റംസ് ചരക്കുകൾ പിടികൂടിയത്. കൊച്ചി ഐ.എം.സിയിൽ നിന്നാണ് 102 കാർട്ടൻ ചരക്കുകൾ കസ്റ്റംസ് പിടികൂടിയത്. ഇതോടെയാണ് മയക്കുമരുന്ന് കടത്താൻ തപാൽ സേവനം ഉപയോഗിക്കുന്നതായി പുറത്തുവന്നത്. കസ്റ്റംസ് പിടിച്ചെടുത്ത 102 കാർട്ടൻ ചരക്കുകളിൽ ഒരു കിലോ എം.ഡി.എം.എ, 12.7 ഗ്രാം എൽ.എസ്.ഡി, 75 ഗ്രാം കഞ്ചാവ്, 967 ഗ്രാം ഹാഷിഷ് ഓയിൽ, 1,800 ഗ്രാം ഭാരമുള്ള അജ്ഞാത മയക്കുമരുന്ന് എന്നിവയാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് വൃത്തങ്ങൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് ഇതുവരെ 53 പേർക്കെതിരേ കേസെടുത്തു. പ്രതികൾ ഡാർക്ക്‌നെറ്റ് സൈറ്റുകളിൽ നിന്ന് ക്രിപ്‌റ്റോകറൻസികൾ വാങ്ങി അതേ സൈറ്റുകൾ വഴി മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെടുകയും തുക നൽകിയ ശേഷം മയക്കുമരുന്ന് ഓർഡർ ചെയ്യുകയുമായിരുന്നെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. തപാലിലെത്തിയ ചരക്കിന്റെ ഉള്ളടക്കത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് എത്തിയത് മയക്കുമരുന്നാണെന്ന് കണ്ടെത്തിയതെന്ന് എക്‌സൈസിലെ ഒരു ഉന്നത ദ്യോഗസ്ഥൻ പറഞ്ഞു.
കോസ്‌മെറ്റിക്‌സ്, പെർഫ്യൂം, മൊബൈൽ ആക്‌സസറികൾ എന്നിവയിലാണ് മയക്ക് മരുന്ന് കടത്തുന്നത്. പിടിയിലായ പ്രതികൾ 19നും 35നും ഇടയിൽ പ്രായമുള്ളവരാണെന്നും പത്തിൽ താഴെ പ്രതികൾ മാത്രമാണ് ഇതുവരെ അറസ്റ്റിലായതെന്നും എക്‌സെസ് വൃത്തങ്ങൾ അറിയിച്ചു. എൻക്രിപ്റ്റ് ചെയ്ത സൈറ്റുകളിൽ നിന്നും പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഗാഡ്‌ജെറ്റുകളിൽ നിന്നും ഡാറ്റ വീണ്ടെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയാത്തതാണ് ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിന് കാരണം. കേസ് തങ്ങൾക്ക് കൈമാറാൻ കസ്റ്റംസ് കാലതാമസം വരുത്തി. ഇക്കാരണത്താൽ, സംശയിക്കുന്നവരും അവരുടെ മയക്കുമരുന്ന് വിതരണക്കാരും തമ്മിലുള്ള ആശയവിനിമയങ്ങളിൽ പലതും സ്വയം ഇല്ലാതാക്കപ്പെട്ടുവെന്നും എക്‌സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."