സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് മറിയം റഷീദയും ഫൗസിയ ഹസനും
ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റി
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസ് ഗൂഢാലോചനക്കേസില്‍ സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് മാലി വനിതകളായ മറിയം റഷീദയും ഫൗസിയ ഹസനും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ ഇരുവരും തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹരജി നല്കി.
സിബി മാത്യൂസിന്റെ ഹരജി തീര്‍പ്പാക്കുന്നതിനു മുമ്പ് തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാണ് ആവശ്യം. ഇതേ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. നേരത്തെ നമ്പി നാരായണനും കക്ഷിചേരാന്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. മാലി വനിതകളുടെയും നമ്പി നാരായണന്റെയും ഹരജികളും തിങ്കളാഴ്ച പരിഗണിക്കും.
ചാരക്കേസ് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണോദ്യോഗസ്ഥനെന്ന നിലയില്‍ ഐ.ബിയുടെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിബി മാത്യൂസ് കോടതിയെ സമീപിച്ചത്. ഫൗസിയ ഹസന്റെയും മറിയം റഷീദയുടെയും മൊഴികളില്‍നിന്നാണ് ചാരവൃത്തി നടന്നിട്ടുണ്ടെന്ന് ഉറപ്പിച്ചത്. ഇവരുടെ നെറ്റ്വര്‍ക്കുകളും കണ്ടെത്തിയിരുന്നു. ഇവരുമായുള്ള നമ്പി നാരായണന്റെ ബന്ധവും ബോധ്യപ്പെട്ടിരുന്നെന്നും സിബി മാത്യൂസ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേസില്‍ ഗൃഢാലോചന നടന്നിട്ടില്ലെന്നാണ് ഹരജിയിലെ വാദം.
എന്നാല്‍ മനഃപൂര്‍വം സിബി മാത്യൂസ് തന്നെ കേസില്‍ കുടുക്കയായിരുന്നെന്നും അതുകൊണ്ടുതന്നെ സിബി മാത്യൂസിനു മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് നമ്പി നാരായണന്റെ മറുവാദം. മാത്രമല്ല കേസില്‍ തന്നെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് സിബി മാത്യൂസാണെന്നും നമ്പി നാരായണന്റെ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."