ഭാരത് ജോഡോ യാത്ര ; ഫണ്ട് നൽകാത്ത മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിടും യാത്രയുമായി സഹകരിക്കാത്ത ഭാരവാഹികൾക്കെതിരേയും നടപടി വരും
ഇ.പി മുഹമ്മദ്
കോഴിക്കോട് • രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണവുമായും ഫണ്ട് ശേഖരണവുമായും സഹകരിക്കാത്ത മണ്ഡലം കമ്മിറ്റികൾക്കും നേതാക്കൾക്കുമെതിരേ നടപടി ശക്തമാക്കി കെ.പി.സി.സി.
യാത്രയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക സമാഹരണം കെ.പി.സി.സിക്ക് അത്യാവശ്യമായിരുന്നു. യാത്രാ അംഗങ്ങൾക്കായി പ്രത്യേകം വാഹനം, ഭക്ഷണം, യാത്രയുടെ പ്രചാരണം, അലങ്കാരം എന്നിവക്കായി വലിയ തുകയാണ് കെ.പി.സി.സി ചെലവഴിക്കുന്നത്.
ഇതിനായി ബൂത്ത് തലത്തിൽ ഫണ്ട് ശേഖരിക്കാൻ കെ.പി.സി.സി നിർദേശിച്ചിരുന്നു. 55,000 രൂപയുടെ കൂപ്പൺ ബൂത്ത് കമ്മിറ്റികൾക്ക് നൽകിയിരുന്നു. വീടുകൾ കയറിയിറങ്ങി പ്രവർത്തകർ സ്ക്വാഡുകളായി ഗൃഹ സന്ദർശന പരിപാടിയിലൂടെയാണ് ഫണ്ട് ശേഖരണം ലക്ഷ്യമിട്ടത്.
കുറഞ്ഞത് 10,000 രൂപ സ്വരൂപിച്ച് നൽകണമെന്നാണ് നിർദേശം. ഇതിൽ മൂവായിരം രൂപയാണ് കെ.പി.സി.സിക്ക് നൽകേണ്ടത്. മൂവായിരം രൂപ ഡി.സി.സിക്കും രണ്ടായിരം വീതം ബ്ലോക്ക്, മണ്ഡലം കമ്മിറ്റികൾക്കും ലഭിക്കും. മണ്ഡലം കമ്മിറ്റികൾക്കാണ് ഫണ്ട് പിരിവിന്റെ ഏകോപന ചുമതല. ഡി.സി.സി പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ നടത്തിയ പ്രചാരണ ജാഥയിൽ വച്ചാണ് ഫണ്ട് ഏറ്റുവാങ്ങിയിരുന്നത്. എന്നാൽ ചില ബൂത്തുകളിൽ ഫണ്ട് പിരിവ് കാര്യക്ഷമമായി നടത്തിയിട്ടില്ല.
ആറായിരം രൂപയെങ്കിലും ബൂത്തിൽ നിന്ന് സ്വരൂപിച്ച് നൽകാത്ത മണ്ഡലം കമ്മിറ്റികൾക്കെതിരേയാണ് നടപടി സ്വീകരിക്കുക. കുറഞ്ഞ തുക നൽകിയ മണ്ഡലം കമ്മിറ്റികളിൽ നിന്ന് നിശ്ചിത ക്വാട്ട പൂർത്തിയാക്കാൻ ബാക്കി തുകയുടെ ചെക്ക് വാങ്ങിയിട്ടുണ്ട്. ഇരുപതിനകം ഡി.സി.സികളിൽ പണം അടയ്ക്കാത്ത കമ്മിറ്റികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനും നേതാക്കളെ സ്ഥാനത്ത് നിന്നും നീക്കാനുമാണ് കെ.പി.സി.സി പ്രസിഡന്റിന്റെ നിർദേശം.
യാത്രയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കാത്ത ഭാരവാഹികൾക്കെതിരേയും അച്ചടക്ക നടപടിയുണ്ടാകും. പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന മണ്ഡലത്തിലെ കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെ ലിസ്റ്റ് കെ.പി.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനകം പല നേതാക്കൾക്കും നോട്ടിസ് അയച്ചിട്ടുണ്ട്. ഇരുപതിനകം പണം അടച്ചില്ലെങ്കിൽ മണ്ഡലത്തിലെ ഭാരവാഹികളെ യോഗത്തിലേക്ക് വിളിക്കേണ്ടതില്ലെന്നും നിർദേശമുണ്ട്. ഫണ്ട് ശേഖരണവും പ്രചാരണ പ്രവർത്തനങ്ങളും തീരെ നടത്താത്ത ചില മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടിട്ടുണ്ട്. അതേസമയം, ഫണ്ട് സമാഹരണം ഊർജിതമായി നടന്ന സ്ഥലങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് നേതാക്കൾ പറയുന്നു. ദേശീയ തലത്തിൽ ഉയർത്തെഴുന്നേൽക്കാനുള്ള കോൺഗ്രസിന്റെ ശ്രമത്തെ മതേതര, ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷയോടെയാണ് കാണുന്നതെന്നാണ് ഇതുവരെയുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
കേരളത്തിൽ ഒരാഴ്ച പിന്നിട്ട യാത്ര കോൺഗ്രസിന് പുത്തനുണർവ് നൽകിയിട്ടുണ്ട്. യാത്രയ്ക്ക് പൊതുസമൂഹത്തിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
പാർട്ടി അനുഭാവികൾ അല്ലാത്തവരും രാഹുൽ ഗാന്ധിയെ കാണാനും യാത്രയെ അഭിവാദ്യം ചെയ്യാനും എത്തുന്നത് രാഷ്ട്രീയ നേട്ടമാവുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."