കൂളിമാട് പാലം: വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കുമെന്ന് ആവർത്തിച്ച് മന്ത്രി
തിരുവനന്തപുരം • ചാലിയാറിന് കുറുകെ കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകൾ തകർന്നുവീണ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നടപടിയെടുക്കുന്ന കാര്യത്തിൽ ഒഴിഞ്ഞുമാറുന്ന പ്രശ്നമില്ലെന്നും അതിന്റെ കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 15 മാസത്തിനുള്ളിൽ നടപടിയെടുത്ത ഉദ്യോഗസ്ഥരുടെ എണ്ണമെടുത്താൽ ജാഥക്കുള്ള ആളുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂളിമാട് പാലം നിർമാണത്തിൽ വീഴ്ച വരുത്തിയെന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗം കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ജൂണിൽ മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മൂന്ന് മാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് നടപടിയെടുക്കുമെന്ന നിലപാട് മന്ത്രി ആവർത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."