HOME
DETAILS
MAL
അഫ്ഗാന്-ഇറാന് അതിര്‍ത്തി പിടിച്ചെന്ന് താലിബാന്
backup
July 09 2021 | 20:07 PM
കാബുള്‍: അഫ്ഗാനില്‍നിന്നുള്ള അമേരിക്കന്‍ സഖ്യസേനയുടെ പിന്മാറ്റം വാര്ത്തയായിരിക്കേ, അഫ്ഗാന്-ഇറാന് അതിര്‍ത്തിയിലെ ഭൂരിഭാഗം പ്രദേശങ്ങളും തങ്ങള്‍ നിയന്ത്രണത്തിലാക്കിയതായി പ്രഖ്യാപിച്ച് താലിബാന് രംഗത്ത്. രാജ്യത്തിന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന അവകാശവാദവുമായി സംഘടന രംഗത്തെത്തി.
അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം പൂര്‍ണമാകുന്നതോടെ അഫ്ഗാനില്‍ ഭരണം പിടിക്കാനാണ് താലിബാന്റെ ശ്രമമെന്നാണ് സൂചന. ഇതിനായി രാഷ്ട്രീയതലത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍, മറ്റു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ അഫ്ഗാന് സൈന്യവുമായി താലിബാന് ഏറ്റുമുട്ടലുകള്‍ നടത്തുന്നുമുണ്ട്.ഇത്തരത്തില്‍ ഇറാന്, തജിക്കിസ്താന്, തുര്ക്ക്മെനിസ്താന്, ചൈന, പാകിസ്താന് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെല്ലാം താലിബാന് നീക്കം നടത്തുന്നുണ്ട്. ഉസ്ബെക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ബാല്‍ഖ് പ്രവിശ്യയിലും ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.
ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ഇസ്ലാം ഖാലയിലാണ് ഇപ്പോള്‍ താലിബാന് നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. അഫ്ഗാനിലെ 250 ജില്ലകള്‍ താലിബാന്റെ നിയന്ത്രണത്തിലായതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, താലിബാന്റെ അവകാശവാദം പൂര്‍ണമായി അംഗീകരിക്കാന്‍ അഫ്ഗാന് സര്‍ക്കാര്‍ തയാറായിട്ടില്ല. അതിര്‍ത്തി ഇപ്പോഴും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നാണ് ആഭ്യന്തര വകുപ്പ് വക്താവ് അവകാശപ്പെട്ടത്.
നേരത്തെ, ഈ വര്‍ഷം ഓഗസ്റ്റ് 31ഓടെ യു.എസ് സൈന്യത്തിന്റെ അഫ്ഗാന് പദ്ധതി അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, അഫ്ഗാനിലെ ഭാവി കാര്യങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."