HOME
DETAILS
MAL
വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹക്കേസ്; പള്ളിക്കമ്മിറ്റിയംഗങ്ങളുടെ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി
backup
July 09 2021 | 20:07 PM
ലഖ്‌നൗ: യു.പിയിലെ 100 വര്‍ഷത്തിലധികം പഴക്കമുള്ള ഗരീബ് നവാസ് പള്ളി ജില്ലാ അധികൃതര്‍ പൊളിച്ചുനീക്കിയ സംഭവത്തില്‍ പ്രമുഖ വാര്‍ത്താ വെബ്‌സൈറ്റായ 'ദ വയര്‍' ചെയ്ത വിഡിയോ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പള്ളിക്കമ്മിറ്റിയംഗങ്ങള്‍ക്കെതിരായി ചുമത്തിയ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. 'ദ വയറി'നും പള്ളിക്കമ്മിറ്റി സെക്രട്ടറി മുഹമ്മദ് അനീസ്, കമ്മിറ്റിയംഗം മുഹമ്മദ് നദീം എന്നിവര്‍ക്കും എതിരേയാണ് പൊലിസ് കേസെടുത്തിരുന്നത്. ഈ ഘട്ടത്തില്‍ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാവുന്നതാണെന്നും ജസ്റ്റിസുമാരായ രമേശ് സിങ്, നരേന്ദ്രകുമാര്‍ ജോഹ്‌രി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
പള്ളിക്കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ 153എ പ്രകാരമാണ് കേസുകള്‍ ചുമത്തിയിരിക്കുന്നതെന്നും ഇത് നിലനില്‍ക്കില്ലെന്നും ഹരജിക്കാരുടെ അഭിഭാഷകന്‍ ത്രിപാതി വാദിച്ചു. പള്ളി പൊളിച്ചത് കോടതിയലക്ഷ്യമാണെന്ന് ഇതിനകം കോടതി അംഗീകരിച്ചതും ബാരബങ്കി ജില്ലാ അധികൃതര്‍ക്കെതിരേ കോടതിയലക്ഷ്യ നോട്ടിസ് പുറപ്പെടുവിച്ചതാണെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. മഹേന്ദ്രസിങ് എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഡിയോ വാര്‍ത്തയുടെ പേരില്‍ 'ദ വയറി'നും പള്ളിക്കമ്മിറ്റിയംഗങ്ങള്‍ക്കുമെതിരേ യു.പി പൊലിസ് രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്തത്. വാര്‍ത്ത കലാപമുണ്ടാക്കാന്‍ പ്രേരണ നല്‍കുന്നതും ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതുമാണെന്നാണ് പൊലിസ് വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."