ഗവര്‍ണര്‍- മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്; രണ്ട് കൂട്ടരും തമ്മിലുളളത് നാടകം, ബില്ലുകള്‍ ഒപ്പിടില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു
തിരുവനന്തപുരം; ഗവര്‍ണര്‍ മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. രണ്ട് കൂട്ടരും നടത്തുന്നത് നാടകമാണെന്നും ലോകായുക്ത,സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകള്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ നിയമിക്കുന്നതിനായി മുഖ്യമന്ത്രി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത് കേരള ചരിത്രത്തില്‍ ഉണ്ടാകാത്ത സംഭവമാണെന്നും അത് തെറ്റാണെന്നറിഞ്ഞിട്ടും ഗവര്‍ണര്‍ അതിന് കൂട്ടുനിന്നെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ലോകായുക്ത ബില്ല് നിയമവിരുദ്ധമാണെന്നും അതില്‍ ഒപ്പിടരുതെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. 2019 ല്‍ നടന്ന കാര്യത്തെക്കുറിച്ച് ഗവര്‍ണര്‍ ഇതുവരെ പറയാതിരുന്നതും ഇപ്പോള്‍ പറയുന്നതും എന്തുകൊണ്ടെറിയില്ല. അതിന് മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
രാജ്ഭവനില്‍ ഇന്ന് വിളിച്ചുചേര്‍ത്ത അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 2021 ഡിസംബര്‍ എട്ടിന് വൈസ് ചാന്‍സലറെ നിയമിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നും പിന്നീട് രാജ്ഭവനില്‍ മുഖ്യമന്ത്രി നേരിട്ടെത്തി ശുപാര്‍ശ നടത്തിയെന്നും ഗവര്‍ണര്‍ വെളിപ്പെടുത്തി. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാമത്തെ കത്ത് ഡിസംബര്‍ 16 നും സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള അവസാന കത്ത് ജനുവരി 16 നും മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ചെന്നാണ് ഗവര്‍ണര്‍ പറയുന്നത്. മുഖ്യമന്ത്രി നല്‍കിയ മൂന്ന് കത്തുകളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."