ജാനുവിന് കോഴ നല്കിയ കേസ് ബി.ജെ.പി ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തു
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാവാന്‍ ജെ.ആര്.പി സംസ്ഥാന അധ്യക്ഷ സി.കെ ജാനുവിനു കോഴ നല്കിയ കേസില്‍ ബി.ജെ.പി സംസ്ഥാന ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി എം. ഗണേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കല്‍പ്പറ്റ ക്രൈംബ്രാഞ്ച് ഓഫിസില്‍നിന്ന് നേരത്തെ നല്കിയ നോട്ടിസിനെ തുടര്‍ന്നാണ് ഗണേഷ് ഹാജരായത്.
ഇന്നലെ രാവിലെ 10.30ഓടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഏതാണ്ട് ഉച്ച കഴിഞ്ഞാണ് അവസാനിച്ചത്. ജാനുവിന് എന്‍.ഡി.എ സ്ഥാനാര്‍ഥിയാവാന്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസില്‍ മേഖലാ സെക്രട്ടറി കെ.പി സുരേഷിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഗണേഷിനേയും അന്വേഷണ സംഘം വിളിപ്പിച്ചത്. കേസില്‍ ഒന്നാംപ്രതി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. നേരത്തെ ജെ.ആര്.പി ട്രഷറര്‍ പ്രസീത അഴീക്കോട് ഉള്‍പ്പെടെയുള്ള നേതാക്കളുടെ മൊഴികളില്‍ പ്രധാന പരാമര്‍ശമുള്ള ബി.ജെ.പി സംസ്ഥാന നേതാക്കളിലൊരാളാണ് ഗണേഷ്. സുല്‍ത്താന്‍ ബത്തേരിയില്‍വച്ച് കോഴനല്‍കിയെന്ന് ആരോപണവിധേയനായ ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ രണ്ടുതവണ ചോദ്യം ചെയ്തതില്‍നിന്ന് ഇവര്‍ക്കെതിരേയുള്ള തെളിവുകള്‍ ലഭിച്ചതായി അറിയുന്നു.
സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 3.5 കോടി രൂപയെത്തിയെന്ന ഡിജിറ്റല്‍ തെളിവുകളും ഇ-മെയില്‍ സന്ദേശങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഇവ ചില സംസ്ഥാന നേതാക്കള്‍ക്ക് അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ തുകയില്‍ നിന്ന് ജാനുവിനും പണം കൈമാറിയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഗണേഷിന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകേണ്ടി വന്നത്.
നേരത്തെ കൊടകര കുഴല്‍പ്പണക്കേസിലും ഗണേഷിനെ ചോദ്യം ചെയ്തിരുന്നു. മറ്റുചില സാക്ഷികളുടെ കൂടി മൊഴിയെടുത്തതിനു ശേഷം കേസിലെ പ്രതികളായ കെ. സുരേന്ദ്രനെയും ജാനുവിനെയും അടുത്ത ദിവസങ്ങളില്‍ തന്നെ വിളിച്ചുവരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."