കിറ്റക്‌സ് 'ക്വിറ്റ്'; വിവാദം പുകയുന്നു ഒരു മൃഗത്തെപ്പോലെ വേട്ടയാടി ചവിട്ടിപ്പുറത്താക്കി: സാബു ജേക്കബ്
നെടുമ്പാശ്ശേരി: താന്‍ സ്വന്തം ഇഷ്ടപ്രകാരം കേരളം വിട്ട് പോകുകയല്ലെന്നും തന്നെ ഒരു മൃഗത്തെപ്പോലെ വേട്ടയാടി പുറത്താക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കിറ്റക്‌സ് എം.ഡി സാബു ജേക്കബ്.
തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലേക്ക് യാത്രയാകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഒട്ടനവധി വ്യവസായികള്‍ ആത്മഹത്യ ചെയ്യുകയും നാടുകടത്തപ്പെടുപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇനിയൊരു വ്യവസായിക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. 53 വര്‍ഷം കേരളത്തില്‍ ഒരു വ്യാവസായിക ചരിത്രം സൃഷ്ടിച്ച വ്യവസായിയുടെ അവസ്ഥ ഇതാണെങ്കില്‍ ചെറിയ മുതല്‍മുടക്കില്‍ ജീവിതം തന്നെ പണയം വച്ച് ബിസിനസ് ആരംഭിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്നും സാബു ജേക്കബ് ചോദിച്ചു.
ഇന്ന് കേരളത്തില്‍ നിന്നും 61 ലക്ഷം ആളുകളാണ് തൊഴില്‍ തേടി പുറം രാജ്യങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും പോയിട്ടുള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത 25 വര്‍ഷം കഴിയുമ്പോഴേയ്ക്കും കേരളം പ്രായമായ അച്ഛനമ്മമാരുടെ നാടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ചിന്താഗതിക്ക് മാറ്റം വന്നില്ലെങ്കില്‍ വലിയൊരു വിപത്തിലേക്കാണ് കേരളം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 3,500 കോടിയുടെ നിക്ഷേപം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞിട്ടുപോലും ഇവിടെ ആരും തിരിഞ്ഞു നോക്കിയില്ല. പക്ഷേ ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നും മുഖ്യമന്ത്രിമാരും മന്ത്രിമാരും അടക്കം ബന്ധപ്പെട്ടു. കേരളം ഇപ്പോഴും 50 വര്‍ഷം പിന്നിലാണെന്നും സാബു ജേക്കബ് പറഞ്ഞു.
സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം തെലങ്കാന സര്‍ക്കാര്‍ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തില്‍ രാവിലെ 10.30 നാണ് ഹൈദരാബാദിലേക്ക് യാത്രതിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."