'കേരളത്തെ അപമാനിക്കാന്‍ നീക്കം, നിയമവും ചട്ടവും പാലിക്കേണ്ടത് വേട്ടയാടല്‍ അല്ല'- കിറ്റക്‌സിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം വിടുന്നുവെന്ന് പ്രഖ്യാപിച്ച് കിറ്റക്‌സ് മേധാവി സാബു എം. ജേക്കബ് നടത്തിയ പ്രസ്താവനകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നിക്ഷേപ സൗഹൃദമല്ല എന്ന പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിറ്റക്‌സ് സംഘത്തെ സ്വീകരിക്കാന്‍ വിമാനമയച്ചതും കൊണ്ടുപോയതും തെലങ്കാന സംസ്ഥാനത്തിന്റെ താല്‍പര്യം കൊണ്ടായിരിക്കും. എന്നാല്‍ ഇതുയര്‍ത്തുന്ന ഗൗരവമായ പ്രശ്‌നങ്ങളുണ്ട്.
സംസ്ഥാനത്ത് ഒരുപാട് വസ്തുതകള്‍ക്ക് നിരക്കാത്ത വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നത് പല കാലങ്ങളായി പറഞ്ഞു പരത്തിയ കാര്യമാണെന്നും, ഇത്, പൂര്‍ണമായും നമ്മുടെ നാട് നിരാകരിച്ചതാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2018 ലെ നിക്ഷേപ സാധ്യതാ സൂചികയില്‍ കേരളം നാലാമതായിരുന്നു. ഭൂമി, തൊഴില്‍ രാഷ്ട്രീയ സ്ഥിരത എന്നിവ പരിഗണിച്ചായിരുന്നു ഇത്.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 2016 മുതല്‍ സുപ്രധാനമായ വ്യവസായ നിക്ഷേപ സൗഹൃദ നടപടികള്‍ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സാക്ഷ്യപത്രം കൊടുത്ത് ഇന്ന് കേരളത്തില്‍ ഒരു വ്യവസായം തുടങ്ങാം. മൂന്ന് വര്‍ഷം കഴിഞ്ഞ് ആറ് മാസത്തിനകം ലൈസന്‍സ് നേടിയാല്‍ മതി. ഇത്തരമൊരു സ്ഥിതി നിലവിലുള്ള സംസ്ഥാനമാണ് കേരളം. 7,00,946 ചെറുകിട സംരംഭങ്ങള്‍ കേരളത്തില്‍ 2016 ന് ശേഷം തുടങ്ങി.
ആറായിരം കോടിയുടെ നിക്ഷേപമെത്തി. ഈസ് ഓഫ് ഡൂയിങില്‍ കേരളത്തെ പത്താം സ്ഥാനത്തേക്ക് കേരളത്തെ എത്തിക്കാനാണ് ശ്രമം. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത് നാടിന്റെ മുന്നോട്ട് പോക്കിനെ തടയാനുള്ള ശ്രമമാണ്. പരാതി വന്നാല്‍ സ്വാഭാവികമായ പരിശോധനയുണ്ടാകും. അത് വേട്ടയാടലല്ല. ഒരു കാര്യം വ്യക്തമാണ്. ആരെയും വേട്ടയാടാന്‍ ഈ സര്‍ക്കാര്‍ തയാറല്ല.
പല വ്യവസായികളും അത് പരസ്യമായി സമ്മതിക്കുന്നതാണ്. കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം കൂടുതല്‍ സൗഹൃദമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."