എന്തു വന്നാലും മുഖ്യമന്ത്രി സ്ഥാനം സചിന് പൈലറ്റിന് വിട്ടു കൊടുക്കില്ലെന്ന നിലപാടില്‍ ഗെഹ്ലോട്ട്; ആശയക്കുഴപ്പമൊഴിയാതെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി: തീയതി തൊട്ടടുത്തെത്തിയിട്ടും ആശയക്കുഴപ്പം തീരാതെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്. ഇതുവരെ നെഹ്റു കുടുംബ പക്ഷത്തിന്റെ സ്ഥാനാര്‍ഥിയാകുമെന്ന് കണക്കാക്കപ്പെട്ട രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ട് മത്സരിക്കാനില്ലെന്ന് അറിയിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടേക്കുമോ എന്നതാണ് ഗെഹ്ലോട്ടിനെ പുറകോട്ട് വലിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷനായി താന്‍ പോകുമ്പോള്‍ സച്ചിന് സ്ഥാനം കിട്ടുന്നത് തടയുക കൂടിയാണ് ഗെഹ്ലോട്ടിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. താന്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറിയാല്‍ സച്ചിന് പൈലറ്റിന് സ്ഥാനം നല്‍കരുതെന്നാണ് ഗെഹ്ലോട്ട് പറയുന്നത്. രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചത് മുതലേയുള്ളതാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം.
രാഹുല്‍ ഗാന്ധിയും അശോക് ഗെഹ്ലോട്ടും സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറിയാല്‍ മുകുള്‍ വാസ്നിക്കിനെ പരിഗണിക്കാനാണ് എഐസിസി ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. നെഹ്റു കുടുംബ പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി വൈകുന്നത് ജി 23യിലും തീരുമാനം വൈകാനിടയാക്കുകയാണ്. രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ജി 23ക്കായി മനീഷ് തിവാരി മത്സരിക്കണമെന്നും മറ്റൊരെങ്കിലുമാണെങ്കില് ശശി തരൂര്‍ സ്ഥാനാര്‍ത്ഥിയാകണമെന്നുമാണ് അവര്‍ക്കിടയിലെ ധാരണ. കൂടുതല്‍ ചര്‍ച്ചകള്‍ക്കും തീരുമാനത്തിനുമായി പ്രസിഡന്റ് സോണിയ ഗാന്ധി കെ.സി വേണുഗോപാലിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."