ലോകത്തോളം വളര്‍ന്ന കോട്ടക്കലുകാരന്‍
എം.പി അബ്ദുസ്സമദ് സമദാനി
ആയുര്‍വേദത്തിന്റെ കുലഗുരുവും കുലപതിയുമാണ് പോയിമറഞ്ഞിരിക്കുന്നത്. മഹത്തായ ഈ വൈദ്യശാസ്ത്ര സമ്പ്രദായത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച അതിന്റെ ആചാര്യസ്ഥാനീയനായ ജ്ഞാനിവര്യനായിരുന്നു ഡോ. പി.കെ വാര്യര്‍. പഴമയുടെ മണ്ണില്‍ കാലുറപ്പിച്ചു നിന്നുകൊണ്ട് തന്നെ പുതുമയുടെ രീതികളെ ആശ്ലേഷിക്കുന്നതായിരുന്നു പി.കെ വാര്യരുടെ സമീപനം. ആയുര്‍വേദത്തിന്റെ ആധുനീകരണത്തിന് അമൂല്യമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ഈ നിലപാടായിരുന്നു. പുതിയ കാലത്ത് ആയുര്‍വേദത്തിന് കൈവന്ന വിപുലമായ പ്രചാരണവും ലോകമാസകലം അതിന് ലഭ്യമായ സ്വീകാര്യതയും ഡോ. പി.കെ വാര്യരെപ്പോലുള്ളവരുടെ ഈ നയത്തോട് കൂടി ബന്ധപ്പെട്ടാണ് സംഭവിച്ചത്. അങ്ങനെ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിക്കാതെത്തന്നെ പുരോഗമനത്തിന്റെ പുതിയ കാലത്തേക്ക് ഈ വൈദ്യവിജ്ഞാനത്തെ വഴി നടത്താന്‍ വാര്യര്‍ക്ക് സാധ്യമായി.
പേരുകേട്ട ഡോക്ടറായിരുന്നു പി.കെ വാര്യര്‍. മാറാരോഗങ്ങള്‍ പോലും അദ്ദേഹം ചികിത്സിച്ചു. കാന്‍സര്‍ രോഗികളെ പരിശോധിക്കാനായി മാത്രം ആഴ്ചയില്‍ ഒരു ദിവസം നീക്കിവച്ചു. 'അഷ്ടാംഗഹൃദയ'ത്തിലെ ശ്ലോകങ്ങളോരോന്നും മനഃപാഠമായി ചൊല്ലിക്കൊണ്ട് തന്നെ മരുന്നിലും ചികിത്സയിലും പുതുമയും പുരോഗതിയും കൊണ്ടുവരാന്‍ അദ്ദേഹം പ്രയത്‌നിച്ചു. വലിയ ജ്ഞാനിയായിരിക്കുമ്പോള്‍ തന്നെ ഒരു വിദ്യാര്‍ഥിയെപ്പോലെ അറിവിനെ അനുധാവനം ചെയ്യുകയും ഗവേഷണ രീതികള്‍ക്കായി വാതിലുകള്‍ തുറന്നിടുകയും ചെയ്തു. ആര്യവൈദ്യശാലയില്‍ ഈയിടെ ചികിത്സയിലും മരുന്ന് നിര്‍മാണത്തിലും കൊണ്ടുവന്ന പുരോഗമനാത്മകമായ നവീന സംരംഭങ്ങള്‍ പി.കെ വാര്യര്‍ എന്ന മാനേജിങ് ട്രസ്റ്റിയുടെ ഉന്നതമായ ചിന്തയില്‍ നിന്ന് ഉത്ഭൂതമായിട്ടുള്ളതാണ്.
പ്രഗത്ഭനായ ഭിഷഗ്വരനും പ്രശസ്തമായ വൈദ്യസ്ഥാപനത്തിന്റെ അധിപനും മാത്രമായിരുന്നില്ല ഡോ. പി.കെ വാര്യര്‍. എല്ലാവരാലും ആദരിക്കപ്പെട്ട സമൂഹത്തിന്റെ പൊതുമനുഷ്യനും വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരെ യോജിപ്പിച്ച് നിര്‍ത്തിയ സാമൂഹിക സൗഹൃദത്തിന്റെ വലിയൊരു കണ്ണി കൂടിയായിരുന്നു അദ്ദേഹം. 1921 ലെ ബ്രിട്ടിഷ് വിരുദ്ധ സ്വാതന്ത്ര്യ പോരാട്ടത്തില്‍ പങ്കെടുത്ത് വിവിധങ്ങളായ ദുരിതങ്ങള്‍ക്ക് വിധേയരാക്കപ്പെട്ട മാപ്പിളപ്പോരാളികള്‍ക്ക് ആശ്വാസമരുളുകയും അവര്‍ക്ക് വേണ്ടി കഞ്ഞി പാര്‍ച്ച നടത്തുകയും ചെയ്ത ആര്യവൈദ്യശാലാ സ്ഥാപകന്‍ വൈദ്യരത്‌നം പി.എസ് വാര്യരുടെ മാതൃക മുറുകെ പിടിച്ച് ആ കാല്‍പ്പാടുകളിലൂടെ സഞ്ചരിക്കുകയായിരുന്നു പി.കെ വാര്യര്‍. ചികിത്സയിലും സ്ഥാപന നടത്തിപ്പിലും മാത്രമല്ല സാമൂഹികമായ പ്രതിബദ്ധതയിലും വല്യമ്മാമന്റെ പിന്‍ഗാമിയാകാന്‍ അദ്ദേഹത്തിന് സാധിച്ചു. തന്റെ വ്യക്തിത്വത്തിലും കര്‍മരംഗത്തും ഉടനീളം മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും നിലപാടും സംസ്‌കാരവും കാത്ത് സൂക്ഷിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഒട്ടും പിറകോട്ട് പോയില്ല.
പാണക്കാട് കുടുംബവുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നു പി.കെ വാര്യര്‍. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോട് പ്രത്യേകമായ സ്‌നേഹ സമ്പര്‍ക്കമുണ്ടായിരുന്നു. ശിഹാബ് തങ്ങള്‍ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ കിടക്കുകയുമുണ്ടായി, അപ്പോഴെല്ലാം അവര്‍ ഇരുവരുടെയും സ്‌നേഹസംഗമങ്ങളില്‍ പങ്കാളിയാകാന്‍ സാധിച്ചത് മറക്കാനാവില്ല. സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളും ആ അടുപ്പവും സ്‌നേഹബന്ധവും നിലനിര്‍ത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പി.കെ വാര്യരുടെ ശതപൂര്‍ണിമയുടെ വേളയില്‍ എന്നെ വിളിച്ച് നമുക്ക് വൈദ്യശാലയില്‍ പോയി അദ്ദേഹത്തിന് ആശംസകള്‍ നേരാമെന്ന് പറഞ്ഞു. അങ്ങനെ സാദിഖലി തങ്ങള്‍ കോട്ടക്കലില്‍ എത്തി ഞങ്ങളൊന്നിച്ച് വൈദ്യശാലയില്‍ പോയിരുന്നു.
ജീവിതത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നൈതികബോധം ഡോ. പി.കെ വാര്യര്‍ മുറുകെ പിടിച്ചിരുന്നു. സമയനിഷ്ഠ അതിന്റെ ഭാഗമായിരുന്നു. ഏത് കാര്യത്തിലും കൃത്യനിഷ്ഠ പാലിക്കുന്നതില്‍ അദ്ദേഹം കാര്‍ക്കശ്യം പുലര്‍ത്തി. കാലത്ത് എണീറ്റ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചാല്‍ നേരെ ഓഫിസിലേക്ക്. അവിടത്തെ ജോലി കഴിഞ്ഞാല്‍ നഴ്‌സിങ് ഹോമിലെ രോഗികളെ ചികിത്സിക്കാന്‍ പോകും. അത് കഴിഞ്ഞ് വൈദ്യശാലയിലെ ഒ.പി വിഭാഗത്തില്‍ ചെന്ന് അവിടെ കാത്തുനില്‍ക്കുന്ന രോഗികളെ കാണും. അവിടെ നിന്ന് വീട്ടിലെത്തിയാല്‍ ഉച്ചഭക്ഷണവും അല്‍പ സമയം വിശ്രമവും. പിന്നെ വീണ്ടും ഓഫിസിലേക്ക്. നൂറ് വയസ് ജീവിച്ച അദ്ദേഹം സദാകര്‍മനിരതനും ഊര്‍ജ്ജസ്വലനുമായിരുന്നു. രേഗികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന ചിട്ടകളും രീതികളും അദ്ദേഹം സ്വന്തം ജീവിതത്തില്‍ പ്രയോഗിക്കുന്നത് തന്നെയായിരുന്നു. അങ്ങനെ മഹാത്മാഗാന്ധിയെ പോലെ തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്ന് പറയാനാകുന്ന ഋഷിതുല്യനായിരുന്നു പി.കെ വാര്യര്‍. സാമൂഹികമായി വലിയ ആലംബമായി നിലകൊണ്ട കര്‍മയോഗിയാണ് വിടപറഞ്ഞിരിക്കുന്നത്. ബഹുമുഖ പ്രതിഭയായൊരു മഹാമനീഷി. അതൊക്കെ ആയിരിക്കുമ്പോഴും കോട്ടക്കല്‍ക്കാരനായ ഒരു സാധാരണക്കാരനായി ജീവിച്ച മഹാമനുഷ്യന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."