വിഴിഞ്ഞം പദ്ധതി ആർക്കുവേണ്ടി?
എം. ജോൺസൺ റോച്ച്
വികസനത്തിന്റെ അയഥാർഥ വാദമുഖങ്ങൾ ഉന്നയിച്ച്, ഭരണകൂടവും കോർപറേറ്റുകളും മാധ്യമങ്ങളും ഒന്നുചേർന്ന് പൊതുജനബോധത്തെ അട്ടിമറിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. പ്രതിവാദമുഖങ്ങൾ തുറക്കുന്നവരെ 'വികസനവിരോധി'കളെന്ന് ചാപ്പകുത്തി തുരത്തിയോടിക്കുന്നു. ഈയൊരു കാലഘട്ടത്തിന്റെ നേർക്കാഴ്ചയായി വികസനമോഹങ്ങൾ കുത്തിനിറച്ച് വിഴിഞ്ഞം തുറമുഖമെന്ന വ്യാമോഹപ്പക്ഷിയെ തുറന്നുവിട്ടിരിക്കുകയാണ്. ഇതിനായി അദാനിക്ക് പൊതുഖജനാവും പൊതുവിഭവങ്ങളും ഭൂമിയും പരസ്യമായിത്തന്നെ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു.
വിഴിഞ്ഞം വാണിജ്യ തുറമുഖം ഒട്ടും ലാഭകരമല്ലെന്ന് നേരത്തെ തന്നെ പല കമ്പനികളിൽനിന്നും ഉറപ്പുകിട്ടിയിരുന്നു. നാലു പ്രാവശ്യം ഓപൺ ടെൻഡർ വിളിച്ചിട്ടും ലാഭക്ഷമതയില്ലെന്നും നഷ്ടമുണ്ടാകുമെന്നും പറഞ്ഞ് ലോകത്തിലെ പ്രമുഖ ട്രാൻഷിപ്‌മെന്റ് കമ്പനികളെല്ലാം പദ്ധതി ഉപേക്ഷിച്ച് മുഖംതിരിച്ചു കളഞ്ഞതാണ്. ആ സ്ഥാനത്തേക്കാണ് അദാനി സ്വന്തം താൽപര്യങ്ങളും ലക്ഷ്യങ്ങളും പൂർണമായും സംരക്ഷിച്ചുകൊണ്ട് രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഈ സംരക്ഷണത്തിൽ മുഖ്യമായും നിഴലിക്കുന്നത്, തുറമുഖത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ മൂന്നിലൊന്നായ 128 ഏക്കർ, തുറമുഖേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്ന വ്യവസ്ഥയാണ്.
ഫീസിബിലിറ്റി റിപ്പോർട്ടിന്റെ 12ാം പേജിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് നമ്മുടെ ഭൂമിയിൽ എങ്ങനെയാണ് അദാനി ഗ്രൂപ്പ് നടപ്പാക്കുന്നതെന്ന് വിവരിക്കുന്നത് ഇങ്ങനെയാണ്; 'റസിഡൻഷ്യൽ ഫ്‌ളാറ്റുകൾക്ക് 45.42 ലക്ഷം ചതുരശ്ര അടി, ചെലവ് 1,172 കോടി രൂപ. റീട്ടെയിൽ ഷോപ്പിങ് മാളുകൾക്ക് 38.41 ലക്ഷം ചതുരശ്ര അടി, ചെലവ് 1,055 കോടി രൂപ. ആഡംബര ഹോട്ടലിന് 2.59 ലക്ഷം ചതുരശ്ര അടി, ചെലവ് 180 കോടി രൂപ. വാണിജ്യ ഓഫിസ് കെട്ടിടങ്ങൾക്ക് 13.7 ലക്ഷം ചതുരശ്ര അടി, ചെലവ് 459 കോടി രൂപ. മിഡ് മാർക്കറ്റ് ഹോട്ടലിനു 1.83 ലക്ഷം ചതുരശ്ര അടി, ചെലവ് 81 കോടി രൂപ'. മുകളിൽ പറഞ്ഞവയ്ക്ക് 105 ഏക്കർ ഉപയോഗിക്കുമ്പോൾ ടൂറിസ്റ്റ് കെട്ടിടങ്ങൾക്ക് 23 ഏക്കറും 413 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. റിയൽ എസ്റ്റേറ്റ് വികസനത്തിനായി 3,380 കോടി രൂപയാണ് അദാനി നിക്ഷേപിക്കാൻ പോകുന്നത്.
തുറമുഖവുമായി ബന്ധമില്ലാത്ത റീട്ടെയിൽ ഷോപ്പിങ് മാളുകൾ, റസിഡൻഷ്യൽ ഫ്‌ളാറ്റുകൾ, ആഡംബര ഹോട്ടലുകൾ, ടൂറിസ്റ്റ് വ്യവസായങ്ങൾ എന്നിവയ്ക്കാണ് അദാനി പ്രധാനമായും നിക്ഷേപം നടത്താൻ പോകുന്നതെന്ന് മുകളിലെ കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ ഏറ്റെടുത്ത 219 ഏക്കറും കടൽ നികത്തിയെടുക്കുന്ന 165 ഏക്കറും കൂടി 384 ഏക്കറാണ് അദാനിയുടെ കൈയിൽ എത്താൻ പോകുന്നത്. ഇതിന്റെ മൂന്നിലൊന്ന് 128 ഏക്കറാണ് അദാനി റിയൽ എസ്റ്റേറ്റിനായി ഉപയോഗിക്കുന്നത്. ഇതിന്റെ വരവുചെലവു കണക്കുകൾ അദാനിക്കു മാത്രം അവകാശപ്പെട്ട സ്വന്തം കച്ചവടമാണ്. വാണിജ്യ തുറമുഖം അദാനിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് ഒരു മറ മാത്രമാണെന്ന് മനസിലാകുന്നു. ഇനി വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതിയുടെ പി.പി.പി (പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ്) സാമ്പത്തിക വ്യവസ്ഥ നോക്കുക. പദ്ധതിക്കായി 7,525 കോടി രൂപയാണ് അടങ്കൽ തുക. ഇതിൽ 69 ശതമാനമായ 5,071 കോടി രൂപ മുടക്കുന്നത് സർക്കാരാണ്. 31 ശതമാനമായ 2,454 കോടി രൂപ മുടക്കുന്നത് അദാനിയും. ലാഭക്ഷമത ഘടകമെന്ന നിലയിൽ കേന്ദ്രസർക്കാർ നൽകുന്ന 818 കോടി രൂപയും കേരള സർക്കാർ നൽകുന്ന 817 കോടിയും ഗ്രാന്റാണ്. പദ്ധതിയുടെ അടങ്കൽ തുകയുടെ 69 ശതമാനം മുടക്കുന്ന സർക്കാരിനു 15 വർഷം വരെ ലാഭത്തിൽ ഒരു പങ്കുമില്ല.
ലാഭത്തിന്റെ 100 ശതമാനവും അദാനിക്കാണെന്ന് സാരം. 15ാം വർഷം മുതൽ 69 ശതമാനം മുടക്കുന്ന സർക്കാരിന് ഒരു ശതമാനവും 31 ശതമാനം മുടക്കുന്ന അദാനിക്ക് 99 ശതമാനവുമാണ് ലാഭം. ഇതൊരു അപൂർവങ്ങളിൽ അപൂർവമായ സാമ്പത്തിക കരാറാണ്. കരാർപ്രകാരം 31 ശതമാനം മുടക്കുന്നവനാണ് 60 വർഷം വരെ തുറമുഖത്തിന്റെ പൂർണനിയന്ത്രണവും നടത്തിപ്പും. 50 വർഷം കഴിഞ്ഞേ ഇനി കരാർ പുതുക്കുകയുള്ളൂ. സർക്കാർ അദാനിക്കു കൊടുക്കുന്ന ധനം കേരളീയന്റെ പേരിൽ നികുതി ചുമത്തപ്പെടുന്ന പണമോ, കേരളീയരെ പണയംവച്ച് കടമെടുക്കുന്ന പണമോ ആയിരിക്കും.
വിഴിഞ്ഞത്തെ സിംഗപ്പൂരും ദുബൈയും ആക്കുമെന്നും അനേകായിരങ്ങൾക്ക് വലിയ ശമ്പളത്തിൽ പുത്തൻ തൊഴിൽ കിട്ടുമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളും മാധ്യമങ്ങളും കൂടി ആസൂത്രിതമായി നടത്തുന്ന കള്ളപ്രചാരണങ്ങളെ കൃത്യമായി പരിശോധിച്ചാൽ അവയുടെ പൊള്ളത്തരങ്ങൾ ബോധ്യമാകും. വിഴിഞ്ഞം ട്രാൻഷിപ്‌മെന്റ് തുറമുഖത്തിനായി ഉദ്ദേശിക്കുന്നതിനേക്കാൾ പ്രവർത്തനശേഷിയുള്ള വല്ലാർപാടം ട്രാൻഷിപ്‌മെന്റ് തുറമുഖത്തിന്റെ പ്രാരംഭഘട്ടത്തിലും ഇതൊക്കെ തന്നെയാണ് മാധ്യമങ്ങളും സർക്കാരും കൊട്ടിഘോഷിച്ചിരുന്നത്. ദുബൈ പോർട്ട് വേൾഡ് വല്ലാർപാടത്തെ മറ്റൊരു ദുബൈ തുറമുഖമാക്കുമെന്നു മാധ്യമങ്ങൾ എഴുതി. തുടർന്ന് കണ്ടെയ്‌നർ ടെർമിനലുകൾ ഓപറേറ്റ് ചെയ്യുന്ന ആഗോളഭീമനായ ദുബൈ പോർട്ട് വേൾഡിന് തുറമുഖം കൈമാറി. ഇതിനായി മൂലമ്പള്ളിക്കാരെ കൈയേറ്റം ചെയ്ത് അവരുടെ പാർപ്പിടങ്ങളിൽനിന്ന് നിഷ്ഠുരമായി അടിച്ചിറക്കി. ഈ മാമാങ്കങ്ങൾക്കുശേഷം വല്ലാർപാടത്ത് 600ഓളം തൊഴിലവസരങ്ങൾ മാത്രമാണുണ്ടായത്. തീരദേശവാസികൾക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും വാഗ്ദാനം ചെയ്ത ജോലിയൊന്നും കിട്ടിയില്ലെന്നു മാത്രമല്ല, കുടിയൊഴിപ്പിക്കപ്പെട്ടവരെ പൂർണമായും പുനരധിവസിപ്പിച്ചിട്ടുമില്ല. വല്ലാർപാടത്ത് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കിടപ്പാടത്തിനായുള്ള സമരം സെക്രട്ടേറിയറ്റ് വരെ നീണ്ടിരുന്നു.
വിഴിഞ്ഞത്തേക്കാൾ വികസനവാദമുഖങ്ങൾ ഊതിവീർപ്പിച്ച് യാഥാർഥ്യമാക്കിയ വല്ലാർപാടം ട്രാൻഷിപ്‌മെന്റ് തുറമുഖത്തിന്റെ ഇന്നത്തെ അവസ്ഥ അതീവ ദയനീയമാണ്. പറഞ്ഞതുപ്രകാരമുള്ള മദർഷിപ്പുകൾ വല്ലാർപാടത്ത് കാര്യമായി ഇതുവരെ വന്നിട്ടില്ല. വന്നതാകട്ടെ, പ്രധാനമായും കരിപ്പൂർ, കോയമ്പത്തൂർ മേഖലകളിലെ വ്യവസായങ്ങളെ അടിസ്ഥാനമാക്കിയാണ് കയറ്റിറക്ക് നടത്തിയത്. അത്തരമൊരു സാധ്യതപോലും വിഴിഞ്ഞത്തു കാണുന്നില്ല.
തമിഴ്‌നാട് ഭാഗത്തെ ചരക്കു കയറ്റിയിറക്കിൽ തൂത്തുക്കുടിയാണ് നിർണായകമായ പങ്കുവഹിച്ചു കൊണ്ടിരിക്കുന്നത്. പ്രകൃതിദത്തമായ വല്ലാർപാടം തുറമുഖത്തിന് 12 വർഷം മുമ്പ് 3,000 കോടി രൂപ ചെലവഴിച്ചിട്ടും, അന്താരാഷ്ട്ര കപ്പൽചാലിനോട് അടുത്തുകിടന്നിട്ടും, ദുബൈ പോർട്ട് വേൾഡ് എന്ന ഈ രംഗത്തെ ഒന്നാംകിട കമ്പനിക്ക് കൈമാറിയിട്ടും, കബോട്ടാഷ് നിയമത്തിൽ ഇളവു വരുത്തിക്കൊടുത്തിട്ടും, ദുബൈ പോർട്ട് വേൾഡിന് ഇനി വല്ലാർപാടം തുറമുഖം നടത്തിക്കൊണ്ടുപോകാൻ താൽപര്യമില്ലെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചിരിക്കുകയാണ്. പ്രതിവർഷം 100 കോടി രൂപ നഷ്ടത്തിൽ വല്ലാർപാടം കൂപ്പുകുത്തി വീണിരിക്കുന്നു. വിഴിഞ്ഞം ട്രാൻഷിപ്‌മെന്റ് പദ്ധതിയേക്കാൾ സ്വപ്നപദ്ധതിയെന്ന് പെരുമ്പറമുഴക്കിയ വല്ലാർപാടത്തിന്റെ കരിഞ്ഞ സ്വപ്നം വിഴിഞ്ഞത്തും ആവർത്തിക്കാൻ പോവുകയാണ്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."