HOME
DETAILS
MAL
മൂന്നു മത്സ്യങ്ങള്‍
backup
July 11 2021 | 03:07 AM
പുനരാഖ്യാനം:
എ.കെ അബ്ദുല്‍ മജീദ്
ലയടിവാരത്തിലെ കുളത്തില്‍ മൂന്ന് വലിയ മീനുകള്‍ പാര്‍ത്തിരുന്നു. ആരുടെയും ശല്യമില്ലാതെ അവ അതില്‍ നീന്തിത്തുടിച്ചു. അങ്ങനെയിരിക്കെ ഒരുദിവസം അതുവഴി കടന്നുപോയ ഒരുകൂട്ടം ആളുകളുടെ ശ്രദ്ധയില്‍ ആ മൂന്നു മത്സ്യങ്ങള്‍ പെട്ടു. അവയുടെ വലിപ്പവും സൗന്ദര്യവും അവരെ മോഹിപ്പിച്ചു. എങ്ങനെയെങ്കിലും അവയെ പിടികൂടണം എന്ന് അവര്‍ തീരുമാനിച്ചു. എവിടെനിന്നോ അവര്‍ ഒരു വല സംഘടിപ്പിച്ചു. അതുമായി വലിയ ബഹളത്തോടെ അവര്‍ കുളക്കരയില്‍ എത്തി.
പക്ഷേ, അവരുടെ വരവും ബഹളവും എന്തിനാണെന്ന് മത്സ്യങ്ങള്‍ക്ക് പിടികിട്ടിയില്ല. മീന്‍പിടുത്തക്കാരെ അവ മുന്‍പു കണ്ടിട്ടില്ല. എങ്കിലും അവിടെ നിന്ന് എത്രയുംപെട്ടെന്ന് രക്ഷപ്പെടുന്നതാണ് നല്ലതെന്ന് കൂട്ടത്തില്‍ ഏറ്റവും ബുദ്ധിയുളള മത്സ്യത്തിന് തോന്നി. തന്റെ ആശയം കൂട്ടുകാരുമായി പങ്കുവച്ചാലോ എന്നാലോചിച്ചെങ്കിലും വേണ്ടെന്നുവച്ചു. കാലങ്ങളായി താമസിച്ചുവരുന്ന ഇടം വിട്ടുപോവാന്‍ അവര്‍ മടിക്കും. തന്നെയും ഇവിടെ തടഞ്ഞുവയ്ക്കാനാവും അവര്‍ ശ്രമിക്കുക. കുളത്തില്‍ നിന്ന് നദിയിലേക്കു നീളുന്ന ഒരു തുരങ്കപാത ബുദ്ധിമാനായ മത്സ്യം കണ്ടുപിടിച്ചു. അതുവഴി അവന്‍ വിശാലമായ നദീ ജലപ്പരപ്പില്‍ എത്തി. കുളത്തിന്റെ പരിമിതികളില്‍ നിന്ന് അവന്‍ സ്വതന്ത്രനായി.
ഇതിനിടെ മത്സ്യങ്ങളെ പിടികൂടാന്‍ കുളക്കരയില്‍ എത്തിയവര്‍ വലവിരിച്ചുകഴിഞ്ഞിരുന്നു. കാര്യങ്ങള്‍ അപകടത്തിലേക്കാണ് നീങ്ങുന്നതെന്നു മനസിലാക്കിയ രണ്ടാമത്തെ മത്സ്യം രക്ഷപ്പെടുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചുള്ള ചിന്തയില്‍ മുഴുകി. ഒന്നാമത്തെ മത്സ്യത്തെപ്പോലെ കുളത്തില്‍ നിന്ന് ഇനി രക്ഷപ്പെടുക സാധ്യമല്ല. പുറത്തേക്കുള്ള വഴികളെല്ലാം മീന്‍പിടുത്തക്കാര്‍ അടച്ചുകളഞ്ഞിരിക്കുന്നു.
ഇനിയെന്തുമാര്‍ഗം? ചത്തപോലെ കിടക്കുക തന്നെ. അതായിരുന്നു രണ്ടാമത്തെ മത്സ്യം കണ്ടെത്തിയ ഉപായം. അതു ഫലംചെയ്തു. മത്സ്യം ദീനംവന്നു ചത്തതായിരിക്കും എന്നു കരുതി മീന്‍പിടുത്തക്കാരില്‍ ഒരാള്‍ അതിനെ വാലില്‍പിടിച്ച് അടുത്തുള്ള വയലിലേക്ക് ഒരേറു കൊടുത്തു. അവിടെ കെട്ടിനിന്ന വെള്ളത്തിലൂടെ നീന്തി മത്സ്യം ഒരു തോട്ടില്‍ ചെന്നുചേര്‍ന്നു. തോട്ടിലൂടെ നീന്തി വിശാലമായ നദിയില്‍ പ്രവേശിച്ചു. അങ്ങനെ രണ്ടാമത്തെ മത്സ്യവും രക്ഷപ്പെട്ടു.
മൂന്നാമത്തെ മത്സ്യത്തിന്റെ സ്ഥിതി കഷ്ടമായിരുന്നു. രക്ഷപ്പെടാന്‍ ഉപായമൊന്നും തോന്നാതെ അവന്‍ വലയ്ക്കുള്ളില്‍ പിടഞ്ഞു. വല അടുപ്പിച്ച് അവനെ പിടികൂടിയ മീന്‍പിടുത്തക്കാര്‍ അവനെ കറിപ്പാകത്തില്‍ വെട്ടിമുറിച്ചു മസാല പുരട്ടി എണ്ണയിലിട്ടു വറുത്തു.
ജീവന്‍ പോവുന്നതിനു മുന്‍പ് മത്സ്യം ആത്മഗതം ചെയ്യുകയുണ്ടായി: 'നേരത്തെ രക്ഷപ്പെടാതിരുന്നത് വലിയ മണ്ടത്തരമായിപ്പോയി. എന്റെ കൂട്ടുകാരെപ്പോലെ ഞാനും രക്ഷപ്പെടേണ്ടതായിരുന്നു. ഇനി ഒരവസരം കിട്ടുകയാണെങ്കില്‍ ഞാന്‍ ഇടുങ്ങിയ കുളത്തില്‍ തന്നെ നില്‍ക്കാതെ വിശാലമായ നദിയിലോ സമുദ്രത്തിലോ അഭയം തേടുന്നതാണ്'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."