പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാര്‍; വെള്ളം അനിയന്ത്രിതമായി പുറത്തേക്കൊഴുകുന്നു, ചാലക്കുടി തീരത്ത് അതീവ ജാഗ്രത
പാലക്കാട്: സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. തുടര്‍ന്ന് വെള്ളം അനിയന്ത്രിതമായി പുറത്തേക്കൊഴുകുകയാണ്. സെക്കന്‍ഡില്‍ 20,000 വരെ ക്യുസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചാലക്കുടി പുഴയിലെ ജലനിരപ്പ് 4.5 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. പുഴയില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റര്‍ വീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടെയാണ് നടുവിലത്തെ ഷട്ടര്‍ തുറന്നുപോയത്. 25 അടി നീളമുള്ള ഷട്ടറാണ് പൂര്‍ണമായും ഉയര്‍ന്നുപോയത്. സാധാരണ 10 സെന്റീമീറ്റര്‍ മാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തില്‍ പൊന്തിയത്.
സെക്യൂരിറ്റി വെയിറ്റിന്റെ ചങ്ങല പൊട്ടി കോണ്‍ക്രീറ്റ് റാഡ് ഡാമിലേക്ക് പതിക്കുകയായിരുന്നു. ഇതോടുകൂടി ഒരു ഷട്ടര്‍ തനിയെ ഉയര്‍ന്നു. പിന്നാലെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മറ്റ് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.
പറമ്പിക്കുളം വന്യജീവി സങ്കേതത്തിന് അകത്താണ് പറമ്പിക്കുളം ഡാം സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണ് അപകടവിവരം അധികൃതരെ അറിയിച്ചത്. പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ തൃശൂരിലെ പെരങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരും. അതിനാല്‍ ഇവിടെയും ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തും. പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകള്‍ സര്‍വീസ് ചെയ്യണമെങ്കില്‍ 27 അടിയെങ്കിലും ജലനിരപ്പ് താഴണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."