കേരള അഡ്മിനിസ്ട്രേറ്റീവ് സർവിസിലെ സംവരണം സുപ്രിംകോടതി ശരിവച്ചു
ന്യൂഡൽഹി • കേരള അഡ്മിനിസ്ട്രേറ്റീവ് സർവിസിലെ (കെ.എ.എസ്) സംവരണം ചോദ്യംചെയ്തുള്ള ഹരജികൾ സുപ്രിംകോടതി തള്ളി. കേരള അഡ്മിനിസ്ട്രേറ്റീവ് സർവിസിലെ സ്ട്രീം രണ്ടിലും മൂന്നിലും സർക്കാർ സർവിസിൽ നിന്ന് എത്തുന്നവർക്ക് സംവരണം ബാധകമാക്കിയ സർക്കാർ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ സമസ്ത നായർ സമാജം, ചില ഉദ്യോഗാർഥികൾ എന്നിവർ നൽകിയ ഹരജികളാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
കെ.എ.എസിൽ നേരിട്ട് പ്രവേശനം ലഭിക്കാൻ അപേക്ഷ നൽകുന്നവർക്കും സർക്കാർ സർവിസിൽ നിന്ന് കെ.എ.എസിലേക്ക് പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്കും പരീക്ഷയും ഇന്റർവ്യൂവും പാസാകേണ്ടതുണ്ടെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഒരിക്കൽ സംവരണം ലഭിച്ചവർക്ക് വീണ്ടും സംവരണ ആനുകൂല്യം ലഭിക്കുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. സർക്കാർ സർവിസിലുള്ളവർക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവിസിലും സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു.
കേസിൽ മൈനോരിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റും കക്ഷിചേർന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."