മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാർ വാക്‌സിൻ എടുക്കണം
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • മൃഗങ്ങളുടെ വാക്‌സിനേഷൻ, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉൾപ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്‌സിനേഷൻ ആരംഭിച്ചു.
വെറ്ററിനറി ഡോക്ടർമാർ, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർമാർ, മൃഗങ്ങളെ പിടിക്കുന്നവർ, കൈകാര്യം ചെയ്യുന്നവർ എന്നിവർക്കാണ് വാക്‌സിൻ നൽകുന്നത്.
മൃഗങ്ങളുമായി ഇടപെടുന്ന എല്ലാ ജീവനക്കാരും പേ വിഷ പ്രതിരോധ വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും ആവശ്യപ്പെട്ടു.
മുമ്പ് വാക്‌സിൻ എടുത്തവരേയും എടുക്കാത്തവരേയും തരംതിരിച്ചാണ് വാക്‌സിൻ നൽകുന്നത്. മുമ്പ് വാക്‌സിൻ എടുക്കാത്തവർക്ക് മൂന്ന് ഡോസ് വാക്‌സിനാണ് നൽകുന്നത്. പൂജ്യം, ഏഴ്, 21 ദിവസങ്ങളിലാണ് ഇവർക്ക് വാക്‌സിൻ നൽകുന്നത്. ഇവർ 21 ദിവസം കഴിഞ്ഞു മാത്രമേ മൃഗങ്ങളുമായി ഇടപെടാൻ പാടുള്ളൂ. ഭാഗികമായി വാക്‌സിനെടുത്തവരും വാക്‌സിൻ എടുത്തതിന്റെ രേഖകൾ ഇല്ലാത്തവരും ഇത്തരത്തിൽ മൂന്നു ഡോസ് വാക്‌സിൻ എടുക്കണം.
നേരത്തെ വാക്‌സിൻ എടുത്തവരും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബൂസ്റ്റർ ഡോസ് എടുക്കാത്തവരുമായവർക്ക് ഒരു ബൂസ്റ്റർ ഡോസ് നൽകും. അതിനു ശേഷം മാത്രമേ മൃഗങ്ങളുമായി ഇവർ ഇടപെടാൻ പാടുള്ളൂ.
വാക്‌സിനേഷൻ പൂർത്തീകരിച്ച് ജോലിയിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് വീണ്ടും മൃഗങ്ങളുടെ കടിയേറ്റാൽ ഇവർക്ക് പൂജ്യം, മൂന്ന് ദിവസങ്ങളിൽ രണ്ട് ഡോസ് വാക്‌സിൻ നൽകും. ഇവർ റീ എക്‌സ്‌പോഷർ വിഭാഗത്തിലാണ് വരിക.
നിലവിൽ വാക്‌സിൻ ലഭ്യമായിട്ടുള്ള ആശുപത്രികളിലാണ് വാക്‌സിൻ എടുക്കാൻ സാധിക്കുക. ഒരു വയൽ കൊണ്ട് 10 പേർക്ക് വരെ വാക്‌സിൻ എടുക്കാൻ സാധിക്കും. ഒരാൾക്ക് 0.1 എംഎൽ വാക്‌സിനാണ് നൽകുന്നത്. വാക്‌സിൻ വേസ്‌റ്റേജ് ഒഴിവാക്കാൻ 10 പേരടങ്ങിയ ബാച്ച് വീതമായിരിക്കും വാക്‌സിൻ നൽകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."