കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ യു.പിയില്‍ സര്‍ക്കാര്‍ ജോലിയില്ല
ലഖ്‌നൗ: രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതിനും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കേര്‍പ്പെടുന്ന വ്യവസ്ഥകളോടെ യു.പി സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട കരട് ബില്‍ പുറത്തുവിട്ടു.
മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികളും ലഭിക്കില്ല. അതോടൊപ്പം സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങളും തടയും. റേഷന്‍ കുടുംബത്തിലെ നാലുപേര്‍ക്ക് മാത്രമായി നിശ്ചയിക്കും.
ഇതോടെ രണ്ടു കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാത്രമായിരിക്കും റേഷനുണ്ടാകുക.
ഉത്തര്‍പ്രദേശ് സ്റ്റേറ്റ് നിയമ കമ്മിഷനാണ് ഉത്തര്‍പ്രദേശ് പോപ്പുലേഷന്‍ (കണ്‍ട്രോള്‍, സ്റ്റബ്‌ലൈസേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍) ബില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ടു കുട്ടികളില്‍ അധികമുള്ള നിലവിലെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പ്രമോഷന് അര്‍ഹതയുണ്ടായിരിക്കില്ല.
രണ്ടു കുട്ടി നിയമം പാലിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രണ്ടു ഇന്‍ക്രിമെന്റ് അധികം ലഭിക്കുമെന്ന് കരട് പറയുന്നു. 12 മാസം ശമ്പളത്തോടെയുള്ള പ്രസവാവധിയോ പാറ്റേണിറ്റി ലീവോ ലഭിക്കും. പെന്‍ഷന്‍ പദ്ധതിയിലെ തൊഴിലുടമയുടെ വിഹിതത്തില്‍ മൂന്നു ശതമാനം വര്‍ധനവുണ്ടാകും.
ജനസംഖ്യാ നിയന്ത്രണം മുന്‍നിര്‍ത്തിയുള്ള ഹെല്‍ത്ത് സെന്ററുകള്‍ തുറക്കും. ഗര്‍ഭനിരോധന ഗുളികകള്‍, ഗര്‍ഭനിരോധന ഉറകള്‍ തുടങ്ങിയവ സന്നദ്ധ സംഘടനകള്‍ വഴി വിതരണം ചെയ്യും. ജനസംഖ്യാ നിയന്ത്രണം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും കരട് ബില്ലില്‍ പറയുന്നു. ബില്ലില്‍ നിര്‍ദേശങ്ങള്‍ പൊതുസമൂഹത്തിന് ഈ മാസം 19ന് മുന്‍പായി സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."