വിദ്യാര്‍ഥികളുടെ വിവരശേഖരണം; എതിര്‍പ്പുമായി അധ്യാപകര്‍
വിദ്യാര്‍ഥികളുടെ വിവരശേഖരണം; എതിര്‍പ്പുമായി അധ്യാപകര്‍
സുനി അല്‍ഹാദി
കൊച്ചി: കേന്ദ്ര സര്‍ക്കാരിന് വേണ്ടി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വിശദ വിവരങ്ങള്‍ ശേഖരിച്ച് നല്‍കണമെന്ന നിര്‍ദേശത്തിനെതിരേ എതിര്‍പ്പുമായി അധ്യാപകരും. ഇതിനുവേണ്ടി അധികഭാരം കെട്ടി ഏല്‍പിക്കുന്നത് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കും എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും 56ഇനം വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള (യൂ സൈഡ് പ്ലസ്) വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനാണ് നിര്‍ദേശം.
ആധാര്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍, ഇമെയില്‍, മതം, ജാതി, സാമ്പത്തിക പിന്നോക്കാവസ്ഥ, എസ്.സി.എസ്.ടി, തുടങ്ങിയ 56 വിവരങ്ങള്‍ നല്‍കണം. 2022- 23 വിദ്യാഭ്യാസ വര്‍ഷം പഠനം പൂര്‍ത്തിയാക്കി പുറത്തുപോയവര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളും ശേഖരിച്ചുനല്‍കണം. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ഇക്കാര്യങ്ങള്‍ അടിയന്തരമായി ശേഖരിച്ച് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, ഹയര്‍സെക്കന്‍ഡറി ഓഫിസര്‍മാര്‍ എന്നിവര്‍ വഴി സ്‌കൂളുകള്‍ക്ക് നേരത്തെ നിര്‍ദേശം ലഭിച്ചിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യക്തിഗത വിവരങ്ങള്‍ കേന്ദ്രത്തിന് നല്‍കുന്നതിന് എതിരേ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപക സംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തിയത്.
മുന്‍ വര്‍ഷങ്ങളില്‍ സര്‍വശിക്ഷ കേരളയുടെ (എസ്.എസ്.കെ) ഭാഗമായി 20ഇനം വിവരങ്ങള്‍ ശേഖരിച്ച് അപ്‌ലോഡ് ചെയ്തതാണ്.
ഇത് കേന്ദ്രമന്ത്രാലയത്തിനും കൈമാറിയിരുന്നു. അതിനു പുറമെയാണ് വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."