ഇന്‍ഡ്യ യോഗം ഇന്നും നാളെയും മുംബൈയില്‍
ഇന്‍ഡ്യ യോഗം ഇന്നും നാളെയും മുംബൈയില്‍
മുംബൈ: വിശാല പ്രതിപക്ഷ സഖ്യത്തിന്റെ (ഇന്‍ഡ്യ സഖ്യം) മൂന്നാമത് യോഗത്തിന് ഇന്ന് മുംബൈയില്‍ തുടക്കമാകും. 2024ലെ ലോക് സഭ തെരഞ്ഞെടുപ്പിനൊരുങ്ങാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും രണ്ടുദിവസം നീളുന്ന മുംബൈ സമ്മേളനം വേദിയായേക്കും. ഇന്‍ഡ്യ സഖ്യത്തിന്റെ കണ്‍വീനര്‍, പതിനൊന്നംഗ ഏകോപന സമിതി, വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളുമായുള്ള സഹകരണം, വിവിധ പാനല്‍ കമ്മിറ്റികള്‍ എന്നിവ സംബന്ധിച്ച തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തിലുണ്ടാവുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ആദ്യ രണ്ട് യോഗങ്ങളില്‍ പങ്കെടുത്ത 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള പ്രാദേശിക പാര്‍ട്ടികള്‍ കൂടി യോഗത്തില്‍ പങ്കെടുത്തേക്കും.
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി മുഖ്യ സംഘാടകരായ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും എന്‍.സി.പി നേതാവ് ശരദ് പവാറും അറിയിച്ചു. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡിയുടെ നേതൃത്വത്തിലാണ് മുംബൈ യോഗം നടക്കുന്നത്.
യോഗത്തില്‍ പ്രധാനമായും സഖ്യത്തിന്റെ കണ്‍വീനര്‍, ഏകോപന സമിതി എന്നിവയുടെ തെരഞ്ഞെടുപ്പാണ് ഉണ്ടാവുക. പതിനൊന്ന് പാര്‍ട്ടികളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ഏകോപന സമിതി രൂപീകരിക്കുക. ഇതില്‍ ഉള്‍പ്പെടാത്ത പാര്‍ട്ടികളുടെ പ്രതിനിധികളെ വിവിധ പാനല്‍ കമ്മിറ്റികളിലേക്ക് നിയോഗിക്കും.
ഇന്‍ഡ്യ മുന്നണിയുടെ ലോഗോയും മുംബൈയില്‍ പുറത്തിറക്കും. കണ്‍വീനറായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നിയോഗിക്കാനാണ് സാധ്യത. ചെയര്‍പേഴ്‌സണായി സോണിയാ ഗാന്ധി വേണമെന്ന അഭിപ്രായമാണ് മിക്ക പാര്‍ട്ടികള്‍ക്കുമുള്ളത്. അതേസമയം സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."