കോപയിൽ കൊടുങ്കാറ്റടങ്ങി; കളിച്ചും ചിരിച്ചും മെസിയും നെയ്മറും
കോപയിൽ കൊടുങ്കാറ്റടങ്ങിയിരിക്കുന്നു. മാലാഖയായി എയ്ഞ്ചൽ ഡി. മരിയ അവതരിച്ചപ്പോൾ കാൽപന്തിലെ മിശിഹ ചിരിച്ചു. കാനറികൾ ചിറകറ്റു വീണപ്പോൾ നെയ്മർ കണ്ണീർ വാർത്തു. 1993 ന് ശേഷം അർജൻ്റീനയുടെ കിരീട വരൾച്ചയ്ക്ക് മാരക്കാനയിൽ വിരാമമായിരിക്കുന്നു. ലോകമെങ്ങും അർജൻ്റീന ആരാധാകരുടെ ആഹ്ലാദാരവങ്ങൾ അലയടിച്ചുയരുന്നു.
ചിരവൈരികളായ അർജൻ്റീന - ബ്രസീൽ കാലാശപ്പോരിന് രണ്ടു ചേരിയായി തിരിഞ്ഞാണ് ലോകം കോപയിൽ ആർപ്പു വിളിച്ചത്.
ഇങ്ങ് ദൈവത്തിൻ്റെ സ്വന്തം നാട്ടിലും അർജൻ്റീനയെയും ബ്രസീലിനെയും നെഞ്ചേറ്റിയവർ വാഗ്വാദങ്ങളുമായി സമൂഹമാധ്യമങ്ങളിൽ കൊമ്പുകോർത്തു. ഫാനിസത്തിൻ്റെ ഏറ്റുമുട്ടൽ മൂർധന്വത്തിലായിരുന്നു. പരസ്പരം വാക്കുകളും വരികളും ട്രോളുകളും കൊണ്ടവർ ഏറ്റുമുട്ടി. സമൂഹമാധ്യമങ്ങളിലെ പോർവിളി അവസാനിച്ചിട്ടില്ല. അതങ്ങനെ ലോകത്ത് ഫുട്ബോൾ നിലനിൽക്കുവോളം, ബ്രസീലും അർജൻ്റീനയും കാൽപന്തിനായ് ബൂട്ടുകെട്ടുവോളം തുടരും.
മെസിയും നെയ്മറും... സൗഹൃദത്തിൻ്റെ ഉദാത്തമായ വാർപ്പുമാതൃകകൾ. രണ്ട് പരസ്പര വൈരികളുടെ പോര് മാരക്കാനയിലെ പുൽത്തകിടിയിൽ മാത്രമായിരുന്നു. ഫൈനൽ കിക്കോഫ് മുതൽ പുൽത്തകിടിയിലെ ശത്രുക്കൾ. കാറ്റുനിറച്ച തുകൽ പന്തിന് പിന്നാലെ 'കോപ' വെട്ടിപ്പിടിക്കാനായി പരസ്പരം ആക്രമിച്ചു മുന്നേറിയവർ.
റഫറിയുടെ ഫൈനൽ വിസിൽ മുഴക്കത്തിന് പിന്നാലെ വൈരം വെടിഞ്ഞവർ. കളത്തിന് പുറത്ത് കാൽപന്ത് സമ്മാനിച്ച സുന്ദര മുഹൂർത്തം. ചോര പൊടിഞ്ഞ കലാശപ്പോരിന് ഒടുവിലും സൗഹൃദം കൈവിടാതെ അവർ കൽപന്തിൻ്റെ സൗന്ദര്യം സമ്മാനിക്കുന്നു. നെയ്മറും മെസിയും. ഫുട്ബോൾ അവരെ ചേർത്തു നിർത്തുന്നു. പരസ്പരം പോരടിക്കുന്ന ആരാധകക്കൂട്ടങ്ങളോട് അവർ പറയാതെ പറയുന്നു ചേർന്നിരിക്കാൻ. കളത്തിന് പുറത്തെ വൈര്യം വെടിയാൻ. ഇതാണ് ഫുട്ബോൾ, ഇതാവണം ഫുട്ബോൾ. ഇതാവട്ടെ ഫുട്ബോൾ.
https://twitter.com/CopaAmerica/status/1414064050766585858
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."