കോൺഗ്രസ് നായകനെ തേടുമ്പോൾ
നൗഷാദ് മണ്ണിശ്ശേരി
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടയിലും പുതിയ എ.ഐ.സി.സി പ്രസിഡൻ്റ് ആരാകുമെന്ന ചർച്ച സജീവമായി നടക്കുകയാണ്. രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് പ്രഖ്യാപിച്ചതുകൊണ്ടാണ് ഈ ചർച്ചക്ക് പ്രസക്തി ഉയർന്നത്. അപ്പോഴും നല്ലൊരു ശതമാനം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാഹുൽഗാന്ധി തന്നെ പ്രസിഡൻ്റാവണമെന്ന ആഗ്രഹക്കാരാണ്. കോൺഗ്രസുകാർ അല്ലാത്തവർപോലും പാർട്ടിയുടെ ഏറ്റവും വലിയ ജനകീയ മുഖമായി കാണുന്നതും രാഹുൽഗാന്ധിയെ തന്നെയാണ്. മോത്തിലാൽ നെഹ്‌റു മുതൽ ആ കുടുംബത്തോടുള്ള സ്‌നേഹവും അലിവും നിർലോഭം ചൊരിഞ്ഞുകൊടുത്തവരും ഇന്നും കൊടുക്കാൻ തയാറുള്ളവരുമാണ് എക്കാലത്തെയും കോൺഗ്രസുകാർ.
ഭാരത് ജോഡോ യാത്രയിലൂടെ ജനഹൃദയങ്ങളിലേക്ക് ചരിത്ര സഞ്ചാരം നടത്തുന്ന രാഹുൽ ഗാന്ധി തന്നെയാണ് കോൺഗ്രസിലെ ഏറ്റവും ആകർഷണീയ മുഖമെന്ന കാര്യത്തിൽ സംശയമില്ല. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തേക്കാൾ കുടുംബ പാരമ്പര്യത്തിന്റെ ഗുണമാണത്. തലമുറകളിലൂടെ കൈമാറ്റം ചെയ്തുവന്ന ഈ സ്‌നേഹവായ്പ് രാഹുലിനും സഹോദരി പ്രിയങ്കക്കും നൽകാൻ ഇന്ത്യൻ ജനത ഒട്ടും പിശുക്ക് കാട്ടിയിട്ടില്ല. കോൺഗ്രസിന്റെ താൽക്കാലിക പ്രസിഡൻ്റ് സോണിയ ഗാന്ധി തന്റെ അനാരോഗ്യം അലട്ടുമ്പോഴും ആശ്ചര്യകരമായ ഇച്ഛാശക്തികൊണ്ട് കോൺഗ്രസിനെ നയിക്കുകയാണ്.
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് വലിയ മാധ്യമശ്രദ്ധയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സാധാരണഗതിയിൽ ഇത്തരം ജാഥകളെ നയിക്കാറുള്ളത് ആ സംഘടനയുടെ നായകന്മാരാണ്. ഇവിടെ പതിവിനു വിപരീതമായി നായകനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയും നായക പരിവേഷത്തോടെ രാഹുൽ ജാഥ നയിക്കുകയും ചെയ്യുന്നതിൽ അസാംഗത്യമുണ്ട്. ജാഥ നടത്തി കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധി തന്നെയാണ് പ്രസിഡൻ്റാവേണ്ടത്. തലമുതിർന്നവരും പരിചയ സമ്പന്നരുമായ പല പ്രമുഖരും കോൺഗ്രസിനോട് ഗുഡ്‌ബൈ പറഞ്ഞ്, ചരിത്രത്തിൽ കോൺഗ്രസ് ഏറ്റവും ദുർബലമായ അവസ്ഥയിലുള്ള സമയത്താണ് പുതിയ കപ്പിത്താനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. പല കോണുകളിൽ നിന്നും വ്യത്യസ്ത പേരുകൾ ഉയർന്നുവരുന്നുണ്ടെങ്കിലും ഏറ്റവും ഒടുവിലായി രണ്ടു പേരുകളിലേക്ക് ഈ ചർച്ചകൾ കേന്ദ്രീകരിക്കുന്നതായിട്ടാണ് ഇപ്പോഴത്തെ രാഷ്ട്രീയ നിരീക്ഷണം എത്തിനിൽക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെലോട്ടും വിശ്വമലയാളി ശശി തരൂർ എം.പിയുമാണവർ.
കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ എൻ.എസ്.യുവിന്റെ യൂനിറ്റ് പ്രവർത്തകനായി തുടങ്ങി ദേശീയ അധ്യക്ഷസ്ഥാനം വരെ അലങ്കരിച്ചശേഷം യൂത്ത് കോൺഗ്രസിലും ഇപ്പോൾ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലും എത്തിനിൽക്കുകയാണ് അശോക് ഗെലോട്ട്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ പതിറ്റാണ്ടുകളായി നോക്കിക്കണ്ട അനുഭവസമ്പത്തിലൂടെ രാഷ്ട്രീയജീവിതം കരുപിടിപ്പിച്ച നേതാവാണ് അദ്ദേഹം. ശശി തരൂരാവട്ടെ 2002 മുതൽ 2007വരെ യു.എൻ സെക്രട്ടറി ജനറൽ കോഫി അന്നനു കീഴിൽ അണ്ടർ സെക്രട്ടറിയായിരുന്നു. മറ്റൊരിക്കൽ യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട വ്യക്തി കൂടിയാണ്. ആ സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയുകയെന്നതുതന്നെ ലോക വീക്ഷണത്തിൽ മഹത്വമേറിയ കാര്യമാണ്.
അന്താരാഷ്ട്ര ജീവിതം മതിയാക്കി അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തിയതോടെ കോൺഗ്രസ് രാഷ്ട്രീയം സ്വീകരിച്ച് സജീവമായി വരുന്നതിനിടയിലാണ് 2009ൽ അപ്രതീക്ഷിതമായി തിരുവനന്തപുരത്തു നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നതും വിജയിക്കുന്നതും. പിന്നീട് ജനകീയ എം.പിയായി മാറാൻ താമസമുണ്ടായില്ല. നല്ല കാഴ്ചപ്പാടുള്ള ജനപ്രതിനിധിയായിട്ടാണ് അദ്ദേഹത്തെ എല്ലാവരും വിലയിരുത്തുന്നത്. രണ്ടാം യു.പി.എ സർക്കാരിൽ വിദേശകാര്യ സഹമന്ത്രി സ്ഥാനവും വഹിച്ചു. മന്ത്രിയായ സമയത്ത് ഔദ്യോഗിക ഭവനത്തിലായിരുന്നില്ല അദ്ദേഹത്തിന്റെ താമസം. ഡൽഹിയിലെ ഏറ്റവും ചെലവേറിയ ഹോട്ടലുകളിൽ ഒന്നായ മൗര്യ ഷെറാട്ടണിലാണ് തരൂർ കഴിഞ്ഞത്. അദ്ദേഹത്തിന് അതിന് കഴിയുമായിരുന്നു. ലളിത ജീവിതം നയിക്കാനും വിമാനയാത്രയിൽ സാധാരണക്കാരോടൊപ്പം യാത്ര ചെയ്യാനുമുള്ള കോൺഗ്രസിന്റെ തീരുമാനം വന്നപ്പോൾ ഇനി മുതൽ കന്നുകാലി ക്ലാസിൽ വിശുദ്ധ ഗോക്കളോടൊപ്പം സഞ്ചരിക്കാം എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അത് ജീവിത ചുറ്റുപാട് അദ്ദേഹത്തെ പാകപ്പെടുത്തി എടുത്തതാണ്. അതിനെ വിമർശന വിധേയമാക്കേണ്ട ആവശ്യവുമില്ല. പക്ഷേ കോൺഗ്രസ് പോലെയുള്ള ഒരു പ്രസ്ഥാനത്തെ അതിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയിൽ മുന്നിൽനിന്ന് നയിക്കാൻ ഈ അന്താരാഷ്ട്ര പരിജ്ഞാനം മതിയാവില്ല. ഇന്ത്യയിലെ താഴെത്തട്ടിലുള്ള അടിസ്ഥാന വർഗത്തിന്റെ വ്യഥകളും ആവശ്യങ്ങളും അറിയുന്ന, രാഷ്ട്രീയത്തിൽ അടിയിൽനിന്ന് ഉയർന്നുവന്ന വ്യക്തിക്ക് മാത്രമേ അതിന് കഴിയൂ. കഴിവും പ്രാപ്തിയും വേണ്ടുവോളമുണ്ടെങ്കിലും ശശി തരൂരിന് ചേരിയിൽ കഴിയുന്ന പട്ടിണിപ്പാവങ്ങളുടെ ഹൃദയവികാരത്തിനനുസരിച്ച് തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ അശോക് ഗെലോട്ടിനോളം കഴിയില്ല എന്നത് ഒരു പരമാർഥമാണ്.
ഇന്ത്യക്കും കോൺഗ്രസിനും അത്തരമൊരു ലീഡർഷിപ്പാണ് കാലം ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ ഹൃദയഭൂമിയിൽ നിന്നുള്ള അശോക് ഗെലോട്ട് ഈയൊരു കാഴ്ചപ്പാടിൽ ശശി തരൂരിനെക്കാളും മികച്ച കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനാർഥിയായിരിക്കും. രാഷ്ട്രീയ വൈദഗ്ധ്യവും പ്രായോഗിക രാഷ്ട്രീയവും തമ്മിൽ താരതമ്യത്തിന് വിധേയമാക്കുമ്പോൾ അശോക് ഗെലോട്ടിന്റെ പ്രായോഗിക രാഷ്ട്രീയം തന്നെയാണ് കോൺഗ്രസിന് ഈ സമയത്ത് ഏറ്റവും ഗുണം ചെയ്യുക.
മൻമോഹൻ സിങ് പത്തുവർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായി മികച്ച ഭരണമാണ് കാഴ്ചവച്ചത്. വിശിഷ്യാ ഒന്നാം യു.പി.എ ഗവൺമെന്റ്. പക്ഷേ അദ്ദേഹം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായിരുന്നില്ല. അതിന്റെ ന്യൂനത പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. മികച്ച ഭരണപാടവമുള്ള പ്രണബ് മുഖർജിയെ രാഷ്ട്രപതിയാക്കിയതോടെ ദൈനംദിന രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ തീർത്തും ഇല്ലാതാവുകയാണ് ചെയ്തത്. ഒരർഥത്തിൽ അത് കോൺഗ്രസിന് രാഷ്ട്രീയമായി ക്ഷീണം ചെയ്തെന്നും മൻമോഹൻ സിങ്ങിനു പകരം പ്രണബ് മുഖർജിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചിത്രം മറ്റൊന്നാകുമായിരുന്നു എന്നുമുള്ള രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായങ്ങളെ അത്ര ലാഘവത്തോടെ തള്ളിക്കളയേണ്ട ഒന്നല്ല. അശോക് ഗെലോട്ടും ശശി തരൂരും തമ്മിൽ മത്സരം വരുമ്പോൾ ഈ കാര്യങ്ങൾ മനസിലേക്ക് ഒരിക്കൽ കൂടി ഓടിയെത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."