കോപ: ആവേശം ഏറ്റുപിടിച്ച് രാഷ്ട്രീയ കേരളം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോപ അമേരിക്ക ഫൈനലിന്റെ ആവേശം നാടൊട്ടുക്കും നുരഞ്ഞു പൊന്തിയപ്പോള്‍ വൈകാരികാവേശത്തെ ഏറ്റുപിടിച്ച് രാഷ്ട്രീയ കേരളവും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും എം.എല്‍.എമാരുമൊക്കെ ജനത്തിന്റെ ആവേശം നെഞ്ചിലേറ്റി. അതിര്‍ത്തികള്‍ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസിയുടെ കിരീടധാരണവും എത്രമാത്രം സുന്ദരമാണെന്ന് എഴുതിയ മുഖ്യമന്ത്രി, ആരാധകരുടെ സന്തോഷത്തില്‍ പങ്കുചേരുന്നുവെന്നും കുറിച്ചു. തന്റെ ടീമായ ബ്രസീല്‍ തോറ്റെങ്കിലും നല്ല മത്സരം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കുറിപ്പ്. അര്‍ജന്റീനയുടെ ആരാധകരായ മുന്‍മന്ത്രി എം.എം മണിയും ഷാഫി പറമ്പില്‍ എം.എല്‍.എയും ടി.സിദ്ദീഖ് എം.എല്‍.എയും ബ്രസീലിന്റെ ആരാധകരായ മന്ത്രി വി.ശിവന്‍കുട്ടിയും മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനുമിട്ട പോസ്റ്റുകള്‍ ഫുട്ബോള്‍ ആരാധകര്‍ ഏറ്റുപിടിച്ചു. അര്‍ജന്റീന വിജയിച്ചതോടെ അര്‍ജന്റീനയ്ക്കും മണിയാശാനും അഭിനന്ദനങ്ങള്‍ നേര്‍ന്ന് വി.ശിവന്‍കുട്ടിയുടെ അടുത്ത പോസ്റ്റെത്തി. എം.എം മണിയുടെ പോസ്റ്റിനു താഴെ വി.ശിവന്‍കുട്ടിയെയും കടകംപള്ളി സുരേന്ദ്രനെയും ട്രോളുന്ന കമന്റുകളും പ്രത്യക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."