തല്ലുമാല വേണ്ട; നല്ല പെരുമാറ്റം മുഖ്യം. ഒരു കോടി രൂപ ചെലവിട്ട് ചട്ടംപഠിപ്പിക്കാന്‍ കെ.എസ്.ആര്.ടി.സി
കാട്ടാക്കടയില്‍ ബസ് കണ്സഷന് കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനേയും മകളേയും കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ മര്‍ദ്ദിച്ചത് വലിയ പ്രതിഷേധത്തിനും ജാമ്യമില്ലാ വകുപ്പ് ചുമത്തിയുള്ള കേസെടുക്കലിലേക്കും വഴിവച്ചതോടെ ജീവനക്കാരെ നല്ല പെരുമാറ്റം പഠിപ്പിക്കാന്‍ കെ.എസ്.ആര്.ടി.സി തയ്യാറെടുക്കുന്നു. ഒരു കോടി രൂപയുടെ പരിശീലന പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജോലി സമയത്ത് മദ്യപിക്കുന്നവരെ പിടികൂടാന്‍ കൂടുതല്‍ ബ്രെത്തലൈസര്‍ വാങ്ങാനും തീരുമാനിച്ചു.
കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ഓഫിസ് ജീവനക്കാരും ഉള്‍പ്പെടെ പൊതുജനങ്ങളുമായി ഇടപഴകുന്ന ജീവനക്കാരില്‍ 10,000 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പരിശീലനങ്ങള്‍ക്കാണ് ഒരു കോടി രൂപ വകയിരുത്തുന്നത്. ജില്ലാ തലങ്ങളില്‍ മാനേജ്മെന്റ് പരിശീലന സ്ഥാപനങ്ങളുടെ സഹായത്തോടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം നല്‍കും. കഴിഞ്ഞ വര്‍ഷം കെ.എസ്.ആര്.ടി.സിയില്‍ ആദ്യമായി ഹ്യൂമന്‍ റിസോഴ്സ് വിഭാഗം രൂപീകരിക്കുകയും മാനേജ്മെന്റ് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിരുന്നു.
ബസ് സ്റ്റേഷനുകളിലെ ഓഫിസുകളില്‍ ബസ് യാത്രാ സമയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നേരിട്ടും ഫോണിലൂടെയും തേടുന്ന യാത്രക്കാരോട് പരുഷമായി പെരുമാറുന്നുവെന്ന ആക്ഷേപം പതിവാണ്. യാത്രക്കാര്‍ പ്രകോപനപരമായി പെരുമാറിയാലും കയ്യേറ്റം നടത്തുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നതിനു പകരം പൊലിസില്‍ വിവരം നല്‍കുകയോ ബസ് പൊലിസ് സ്റ്റേഷനിലെത്തിക്കുകയോ ചെയ്യണമെന്നാണ് നിര്‍ദേശം.
വരുന്ന ഗാന്ധിജയന്തി ദിനം മുതല്‍ മുഴുവന്‍ ഡിപ്പോകളിലും ജനസേവനം സംബന്ധിച്ച മഹാത്മാ ഗാന്ധിയുടെ വചനം പ്രദര്‍ശിപ്പിക്കും. ഉപഭോക്താവാണ് പ്രധാനമെന്നും അവരെ സേവിക്കുന്നത് മഹത്തരമാണെന്നും ഉപഭോക്താവ് ഇല്ലെങ്കില്‍ ജീവനക്കാരില്ലെന്നുമുള്ള ഗാന്ധിവചനാണ് പ്രദര്‍ശിപ്പിക്കുക.
കൂടുതല്‍ സര്‍വീസിനും ഭരണപരമായ മികവിനുമായി കെ.എസ്.ആര്.ടി.സിയെ നാല് സ്വതന്ത്ര സ്ഥാപനങ്ങളായി വിഭജിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."