വണ്ടിപ്പെരിയാര്‍ കൊലപാതകം തെളിവെടുപ്പിനെത്തിച്ച പ്രതിക്ക് നാട്ടുകാരുടെ മര്‍ദനം
കൊലപാതകം പുനരാവിഷ്‌കരിച്ചു
വണ്ടിപ്പെരിയാര്‍ (ഇടുക്കി): വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡനത്തിനു ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് നാട്ടുകാരുടെ മര്‍ദനം. പ്രതി അര്‍ജുനെ (22) അവസാനവട്ട തെളിവെടുപ്പിനായി എസ്റ്റേറ്റ് ലയത്തിലെത്തിച്ചപ്പോഴായിരുന്നു പെണ്‍കുട്ടിയുടെ അച്ഛനടക്കം ആക്രോശവുമായി പാഞ്ഞടുത്തത്. പൊലിസ് ഒപ്പമുണ്ടായിരുന്നിട്ടും പരിസരവാസികളിലൊരാള്‍ വലയം ഭേദിച്ച് പ്രതിയുടെ മുഖത്തടിച്ചു. മറ്റൊരാള്‍ വെട്ടുകത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു.
പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവരുമെന്നറിഞ്ഞ് രാവിലെ മുതല്‍ ചുരക്കുളം എസ്റ്റേറ്റില്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. സ്ത്രീകളടങ്ങിയ സംഘം അര്‍ജുനെതിരേ പ്രതിഷേധവുമായെത്തി. ഏറെ പണിപ്പെട്ടാണ് പ്രതിയെ കൊലപാതകം നടന്ന ലയത്തിനകത്ത് കയറ്റാനായത്.
ശാസ്ത്രീയ തെളിവെടുപ്പിലൂടെ പരമാവധി വകുപ്പുകള്‍ ചുമത്തുകയാണ് പൊലിസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് രണ്ടാംതവണയും തെളിവെടുപ്പിന് എസ്റ്റേറ്റിലെത്തിയത്. കൊലപാതക രീതി അര്‍ജുന്‍ പൊലിസിനു മുന്നില്‍ പുനരാവിഷ്‌കരിച്ചു. ഡമ്മിയടക്കം ഉപയോഗിച്ചുള്ള വിശദമായ തെളിവെടുപ്പാണ് ഇന്നലെ നടത്തിയത്. കുട്ടിയെ കെട്ടിത്തൂക്കിയതും ജനലിലൂടെ പ്രതി രക്ഷപ്പെട്ടതും പുനരാവിഷ്‌കരിച്ചു. കൊലയ്ക്കു ശേഷം പ്രതി പോയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടന്നു. കുട്ടിയെ കൊലപ്പെടുത്തിയതിനു ശേഷം അഴിയില്ലാത്ത ജനല്‍ വഴി പ്രതി പുറത്തേക്കിറങ്ങിയത് രണ്ടാം തവണയും പൊലിസ് പരിശോധിച്ചുറപ്പിച്ചു.
അതേസമയം പ്രതി ഇപ്പോള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ ഇനിയും ശേഖരിക്കേണ്ടതുണ്ടെന്നും വണ്ടിപ്പെരിയാര്‍ സി.ഐ ടി.ഡി സുനില്‍കുമാര്‍ പറഞ്ഞു. നാളെയാണ് അര്‍ജുന്റെ കസ്റ്റഡി കാലാവധി തീരുന്നത്. ഇതിനകം കൂടുതല്‍ വിവരങ്ങള്‍ സ്റ്റേഷനിലെ ചോദ്യം ചെയ്യലിലൂടെ കണ്ടെത്താനാണ് പൊലിസിന്റെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."