ഏക സിവില്‍കോഡ്; അവസാനത്തെ സംഘ് അജന്‍ഡ
എ. റശീദുദ്ദീന്‍
ഹിന്ദുമതത്തിലെ അവാന്തര വിഭാഗത്തില്‍പ്പെട്ട രാജസ്ഥാനിലെ മീണ സമുദായക്കാരായ ദമ്പതികള്‍ നല്‍കിയ വിവാഹ മോചന കേസില്‍ വിധി പറയവെയാണ് രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും അമാന്തിച്ചു നില്‍ക്കേണ്ട കാര്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി പ്രതിഭാ സിങ് ജൂലൈ 7ന് അഭിപ്രായപ്പെട്ടത്. ജാതികളും മതങ്ങളുമൊക്കെ തീര്‍ക്കുന്ന വേലിക്കെട്ടുകളെ പുതിയ തലമുറ അതിജീവിക്കേണ്ട കാലമെത്തിയെന്നും ജഡ്ജി നിരീക്ഷിക്കുന്നുണ്ട്. ഭരണഘടനയുടെ അടിസ്ഥാനങ്ങളെ മൊത്തത്തില്‍ ചോദ്യം ചെയ്യുന്ന, പ്രത്യേകിച്ചും ആറാം ഷെഡ്യൂളിനെ തള്ളിപ്പറയുന്നതാണ് ഈ വിധിയെന്ന് പറയാതെ വയ്യ. വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവാണ് ഹരജി നല്‍കിയത്. എന്നാല്‍ പട്ടിക വര്‍ഗ പദവിയുള്ളത് കൊണ്ട് 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ 2(2) പ്രകാരമുള്ള മോചനവ്യവസ്ഥ ഈ കേസില്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന് ഭാര്യ തടസവാദമുന്നയിച്ചു. കീഴ്‌ക്കോടതി ഈ വാദം ശരിവയ്ക്കുകയും ചെയ്തു. വിഷയം ഒറ്റനോട്ടത്തില്‍ അവരുടെ ആചാരങ്ങളുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടതായിരുന്നു. എല്ലാ സിവില്‍കോഡുകളുടെയും അടിസ്ഥാനം അതാത് മതവിശ്വാസങ്ങളാണല്ലോ. എന്നാല്‍ ഇനി മുതല്‍ വിവാഹ, അനന്തരാവകാശ, ദത്തെടുക്കല്‍, രക്ഷാധികാര മേഖലകളില്‍ രാജ്യത്തിന് അതിന്റേതായ ഒറ്റ നിയമസംഹിത നടപ്പിലാക്കേണ്ട സമയമായെന്നാണ് ജഡ്ജി പറഞ്ഞുവച്ചത്. അയോധ്യയിലെ രാമക്ഷേത്രം, 370ാം വകുപ്പ് എടുത്തുകളയല്‍ എന്നീ വിവാദ വിഷയങ്ങളുടെ പട്ടികയോടൊപ്പം ബി.ജെ.പി കാലാകാലങ്ങളായി ഉന്നയിച്ചു പോന്ന വര്‍ഗീയ അജന്‍ഡയാണ് ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന ആവശ്യം. കുത്സിതമായ ഈ രാഷ്ട്രീയ താല്‍പര്യത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ കൈയൊപ്പ് വീണതു പോലെയാണ് ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നത്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന നിലവിലുള്ള ഭരണഘടനയെയും ജനാധിപത്യ സമ്പ്രദായങ്ങളെയും അട്ടിമറിക്കാന്‍ മോദി സര്‍ക്കാര്‍ പ്രയോഗിക്കാറുള്ള കുതന്ത്രങ്ങളുടെ പൊതുസ്വഭാവം വച്ചുനോക്കുമ്പോള്‍ ഈ 'ഏക സിവില്‍കോഡ്' വന്ന വഴി വളരെയെളുപ്പം പ്രവചിക്കാനാകുന്നുണ്ട്.
ലിംഗസമത്വവും സാമൂഹികഭദ്രതയും ഉറപ്പുവരുത്താനെന്ന പേരിലും പ്രത്യേകിച്ചും മുസ്‌ലിം സ്ത്രീകളെ രക്ഷിക്കാനെന്ന പേരിലുമാണ് ഏക സിവില്‍കോഡ് എന്ന ആഭാസം പൊതുവെ ചര്‍ച്ചക്കു വരാറുള്ളത്. മറ്റു മതങ്ങളിലെ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്നു നടിച്ചായിരുന്നു ന്യായമായ വിവാഹ മോചനങ്ങള്‍ക്കു പോലും തടസം സൃഷ്ടിക്കുന്ന രീതിയില്‍ മുത്വലാഖ് വിഷയത്തില്‍ മോദി നിയമം കൊണ്ടുവന്നത്. മുസ്‌ലിം സ്ത്രീകള്‍ മറ്റു വിഭാഗങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് കടുത്ത വിവേചനത്തിന് ഇരയാകുന്നുണ്ടെന്നാണ് ഈ വാദം ഉന്നയിക്കുന്നവരുടെ സങ്കല്‍പ്പം. എന്നാല്‍ എല്ലാവര്‍ക്കും ഒരു നിയമം മതിയെന്നു പറയുമ്പോഴും ബി.ജെ.പി പറയുന്ന ആ ഒന്നിന്റെ അടിസ്ഥാനം 'ഹിന്ദുത്വ'മാണെന്ന് ഏക സിവില്‍കോഡിനെ അനുകൂലിക്കുന്ന ഇടതുലിബറല്‍ ചിന്തകര്‍ പോലും കണ്ടില്ലെന്നു നടിക്കുന്നു. അന്തിമമായി എല്ലാ ന്യൂനപക്ഷങ്ങളും അവരവരുടെ സ്വത്വപരമായ നിലനില്‍പ്പിനു വേണ്ടി തെരുവിലിറങ്ങുന്ന, ജാതി, മത സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന ഒരു ഭാവിയിലേക്കാണ് മോദി സര്‍ക്കാര്‍ ഇന്ത്യയെ നയിക്കാനൊരുങ്ങുന്നതെന്നും ഇവര്‍ മനസിലാക്കുന്നില്ല. ട്രംപിന്റെ പതനത്തിനുശേഷം വലതുപക്ഷ രാഷ്ട്രീയ ചിന്തകള്‍ക്ക് ലോകത്തുടനീളം തിരിച്ചടിയുണ്ടായപ്പോഴും ഇന്ത്യയില്‍ മാത്രമായിരുന്നല്ലോ വര്‍ഗീയ അജന്‍ഡകള്‍ കൂടുതല്‍ കരുത്ത് നേടിയത്. ഈ യാഥാര്‍ഥ്യങ്ങളെ പൂര്‍ണമായും അവഗണിച്ചാണ് കോടതി ഏക സിവില്‍കോഡിനെയും പരിഷ്‌കൃത സമൂഹങ്ങളെയും തുലനം ചെയ്തത്.
രണ്ടാമതായി, ഏതു പരിഷ്‌കരണത്തിനുമുണ്ട് അതിന്റേതായ ചില മുന്‍ഗണനാക്രമങ്ങള്‍. സാമൂഹികമായ മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ എന്ത് അര്‍ഹതയാണ് മോദി സര്‍ക്കാരിനുള്ളത്. കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച 84 വയസുള്ള ഒരു പാതിരി ഒടുവില്‍ മൃതദേഹമായി പുറത്തേക്കു വന്നത് ഏതാനും ദിവസങ്ങള്‍ മുമ്പെയാണ്. സര്‍ക്കാരിനെതിരേ ശബ്ദിച്ചതിന് എത്രയോ മനുഷ്യാവകാശപ്രവര്‍ത്തകരും കവികളും അധ്യാപകരും മാധ്യമപ്രവര്‍ത്തകരും യു.എ.പി.എ ചുമത്തപ്പെട്ട് വര്‍ഷങ്ങളായി കല്‍ത്തുറുങ്കുകളില്‍ കഴിയുന്നുണ്ട്. മുസ്‌ലിം സ്ത്രീകളുടെയോ മീണ പുരുഷന്‍മാരുടെയോ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മുന്‍പ് രാജ്യത്ത് പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അടിസ്ഥാന സങ്കല്‍പ്പങ്ങളിലല്ലേ മാറ്റം വരുത്തേണ്ടത്? രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ, തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിലത്തകര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിക്കുമ്പോഴൊക്കെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഓരോ ചീട്ട് ഇറക്കി കൊണ്ടിരിക്കുക എന്നതിലപ്പുറം എന്ത് പ്രാധാന്യമാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ഏക സിവില്‍കോഡിനുള്ളത്? വിവിധ മതങ്ങളില്‍ വിശ്വസിക്കുന്ന ജനവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങളില്‍ ഏകീകരണമുണ്ടാവണമെന്നത് മീണ സമുദായത്തിന്റെ ഏതെങ്കിലുമൊരു പ്രശ്‌നത്തില്‍ നിന്നു ഉരുത്തിരിഞ്ഞുണ്ടാകേണ്ട സിദ്ധാന്തമായിരുന്നില്ല. സിഖുകാരോ പാഴ്‌സികളോ ജൈനന്‍മാരോ മറ്റേതെങ്കിലും വ്യക്തിനിയമം കൊണ്ടു നടക്കുന്നവരോ ഇക്കാര്യത്തില്‍ സമഗ്ര നിയമം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നോ? ഉത്തരം ഇല്ല എന്നു തന്നെയാണ്.
എന്റെ നിയമം നിന്നെ കൊണ്ട് അനുസരിപ്പിക്കുമെന്നും ഞാന്‍ കഴിക്കുന്ന ഭക്ഷണം മാത്രമേ നീയും കഴിക്കാവൂ എന്നും എന്റെ വിശ്വാസ പ്രകാരമുള്ള ദൈവത്തെ നീയും അംഗീകരിച്ചേ മതിയാവൂ എന്നും വിശ്വസിക്കുന്നവരുടേതാണ് ഈ ദുശ്ശാഠ്യം. പ്രാദേശികമായ തനിമകളെ, സൂക്ഷ്മമായി പറഞ്ഞാല്‍ സ്വത്വബോധങ്ങളെ, അംഗീകരിക്കാന്‍ വിസമ്മതിച്ചപ്പോഴൊക്കെ ഇന്ത്യ ആഭ്യന്തരമായി കലഹിക്കുകയാണ് ചെയ്തത്. ഇന്ദിരാഗാന്ധിയുടെ കാലത്തുണ്ടായ സിഖ് തീവ്രവാദവും തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രക്ഷോഭങ്ങളും അസമിലെയും നാഗാലാന്റിലെയും കശ്മിരിലെയും സമരങ്ങളുമൊക്കെ ഓര്‍ക്കുക. മറുഭാഗത്ത് വ്യക്തിനിയമങ്ങളില്‍ വൈവിധ്യം ഉണ്ടായതിനെ ചൊല്ലി രാജ്യത്തിന് വല്ല നഷ്ടവും സംഭവിക്കുന്നുണ്ടോ. വിധി പറയുന്ന ജഡ്ജിക്ക് കുറച്ചധികം നിയമ പുസ്തകങ്ങള്‍ വായിക്കേണ്ടി വരുന്നുണ്ടാവാം എന്നല്ലാതെ രാജ്യത്തെ പിടിച്ചുലക്കുന്ന ഒരു ക്രമസമാധാന പ്രശ്‌നവും അതിലില്ല. ക്രിമിനല്‍ നിയമങ്ങളും സാമ്പത്തിക നിയമങ്ങളുമാണ് രാജ്യത്തെ നേര്‍ക്കു നേരെ ബാധിക്കുന്നത്. അതാകട്ടെ ഇന്ത്യയില്‍ എല്ലാ പൗരന്‍മാര്‍ക്കും ഒന്നു തന്നെയാണ്. ഇന്ത്യയിലെ മുസ്‌ലിംകള്‍ കൊള്ളയോ കൊലയോ ചെയ്താല്‍ ശരീഅത്ത് നിയമ പ്രകാരമല്ലല്ലോ ശിക്ഷ നല്‍കാറുള്ളത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനം ഏതെങ്കിലുമൊരു മതമാണെന്ന് പാര്‍ലമെന്റ് പ്രഖ്യാപിക്കാതെ വിശ്വാസപരമായ കാര്യങ്ങളില്‍ നിയമം അടിച്ചേല്‍പ്പിക്കുന്നതെങ്ങനെ എന്നതാണ് ചോദ്യം. വ്യക്തിനിയമങ്ങളില്‍ ഏകീകരണം കൊണ്ടുവരുമ്പോള്‍ ഏത് മതത്തിന്റെ നിയമമായിരിക്കും സര്‍ക്കാര്‍ നടപ്പിലാക്കുക. അല്ലെങ്കില്‍ ഏത് തത്വശാസ്ത്രമായിരിക്കും പിന്‍പറ്റുക. ഈ വക ചോദ്യങ്ങള്‍ക്കൊന്നും കോടതി ഉത്തരം നല്‍കിയിട്ടില്ല. നിലവിലുളള വ്യക്തി നിയമങ്ങളില്‍ നിന്നെല്ലാം കൂടി സമാഹരിക്കുന്ന ശാസ്ത്രീയവും ആധുനികവും മാനവികവുമായ ഒരു പൊതുനിയമമാണ് കൊണ്ടുവരേണ്ടതെന്ന് ഡല്‍ഹി ഹൈക്കോടതി എവിടെയും പറഞ്ഞിട്ടുമില്ല.
വ്യക്തിനിയമങ്ങള്‍ മാത്രമല്ല രാജ്യത്തിന്റെ പൗരത്വവും നികുതിഘടനയും മുതല്‍ ഭക്ഷണശീലങ്ങളും വേഷവിധാനങ്ങളും എന്തിനേറെ തെരഞ്ഞെടുപ്പ് പോലും ഒന്നു മതിയെന്നാണ് ബി.ജെ.പി പ്രചരിപ്പിച്ചു വരുന്ന സിദ്ധാന്തം. അതിനായി പാര്‍ട്ടി നിരത്തുന്ന ന്യായവാദങ്ങള്‍ കേട്ടാല്‍ നരേന്ദ്ര മോദി ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രമാക്കാന്‍ ഒരുങ്ങുകയാണെന്നാണ് ആര്‍ക്കും തോന്നുക. സാമ്പത്തികമായ വീക്ഷണ കോണിലൂടെ മാത്രം വിലയിരുത്തി രാജ്യത്ത് ഇടക്കിടെ തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ട ആവശ്യകതയുണ്ടോ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം പെരുകി വരുന്നത് ശ്രദ്ധിക്കുക. പ്രധാനമന്ത്രി പദവിയില്‍ നരേന്ദ്ര മോദി ഇനിയുമൊരു മുപ്പത് കൊല്ലം കൂടി ഭരിച്ചാല്‍ അത്രയും പൊതുതെരഞ്ഞെടുപ്പുകളുടെ ചെലവ് ലാഭിക്കാനാവും എന്നാണ് ഇത്തരക്കാരുടെ ലളിതമായ യുക്തി. ജനാധിപത്യത്തില്‍ വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യമില്ല എന്ന് വളച്ചു കെട്ടിപ്പറയുന്നതിന് തുല്യമാണിത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന അമിത് ഷായുടെ സങ്കല്‍പ്പം പ്രായോഗിക തലത്തില്‍ അത് അര്‍ഥമാക്കുന്നത് ബി.ജെ.പി മാത്രം മതിയെന്നാണ്. ഒരു ജുറാസിക് പാര്‍ക്കും രണ്ട് ഡൈനസോറുകളുമെന്ന കപില്‍ സിബലിന്റെ പ്രശസ്തമായ ആ ഉപമയാണ് സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ നികുതിഘടന നിലനില്‍ക്കുന്നത് രാജ്യത്തിന് നഷ്ടമുണ്ടാക്കുന്നുണ്ടായിരിക്കാം. അതേസമയം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചു കയറുന്നത് ബി.ജെ.പിക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്, ഇടക്കിടെ തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ അധികാരം നിലനിര്‍ത്താനായി പാര്‍ട്ടിക്ക് കോടികളുടെ അധിക ചെലവ് വരുന്നുണ്ട് മുതലായവയൊക്കെ രാജ്യത്തിന്റെ നഷ്ടങ്ങളുടെ പട്ടികയില്‍ എഴുതി ചേര്‍ക്കാന്‍ തുടങ്ങിയാല്‍ എന്തുണ്ടാവും. ഈ രാഷ്ട്രീയ ഗുണ്ടായിസം ആളുകളുടെ വിശ്വാസ കാര്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ തയാറെടുക്കുന്നത്.
നിയമ പരിഷ്‌കരണമെന്ന മോദി സര്‍ക്കാരിന്റെ താല്‍പര്യം സംശയാസ്പദമാകുന്ന വേറെയും സാഹചര്യങ്ങളുണ്ട്. രാജ്യത്തെ ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിന് ഡോ. രണ്‍ബീര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിരുന്നുവല്ലോ. നിലവിലുള്ളതോ വിരമിച്ചതോ ആയ ഒറ്റ ജഡ്ജിയും അംഗമല്ലാത്ത, ഒരു വനിതയെ പോലും ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ഈ പാനലാണ് ഇന്ത്യയുടെ നീതിവാഴ്ചയെക്കുറിച്ച അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പോകുന്നത്. എന്തിനു വേണ്ടിയാണ് ഒട്ടും യുക്തിഭദ്രമല്ലാത്ത രീതിയില്‍ ഇങ്ങനെയൊരു കമ്മിറ്റിക്ക് രൂപം നല്‍കിയത്. അവരുടെ വെബ്‌സൈറ്റില്‍ അന്ന് പ്രസിദ്ധപ്പെടുത്തിയ ചോദ്യങ്ങള്‍ വായിച്ചാലറിയാം എന്തു മാത്രം നിലവാര ശൂന്യമായ കമ്മിറ്റിയാണ് ഇതെന്ന്. പൊലിസ് രേഖപ്പെടുത്തുന്ന മൊഴി അംഗീകരിക്കുന്ന കാര്യം വരെ പാനല്‍ ചര്‍ച്ചക്കു വച്ചിട്ടുണ്ട്. ക്രമിനല്‍ നിയമങ്ങള്‍ കുത്തഴിയാന്‍ ഒത്താശ ചെയ്യുന്ന അതേ മന്ത്രാലയം തന്നെ വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കുമെന്നു വിശ്വസിക്കാന്‍ കുറച്ചൊന്നുമല്ല തലക്കകത്ത് നിലാവെളിച്ചം കയറേണ്ടത്. ഏക സിവില്‍കോഡ് വെറും അജന്‍ഡ മാത്രമാണ്. മാനവികമോ നിയമപരമോ ആയ ഒരു യുക്തിയും അതിനില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."