കരടുനിയമങ്ങള്‍ കോടതിയില്‍ ചോദ്യംചെയ്യാനാവില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം
കൊച്ചി: ലക്ഷദ്വീപിലെ നിയമനിര്‍മാണവും കരടുനിയമങ്ങളും കോടതിയില്‍ ചോദ്യംചെയ്യാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു.
ദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചത്.
നിയമം നിലവില്‍വന്നാല്‍ മാത്രമേ കോടതിക്ക് പരിശോധിക്കാനാവൂ. കരടുനിയമം ചോദ്യം ചെയ്യുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. കരട് നിയമങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കണമായിരുന്നു എന്ന വാദം നിലനില്‍ക്കില്ല. ഭരണഘടനാ വ്യവസ്ഥയനുസരിച്ച് നിയമം ഇംഗ്ലിഷിലാണ് തയാറാക്കേണ്ടത്. മലയാളം ദ്വീപിന്റെ ഔദ്യോഗിക ഭാഷയല്ല.
കൊവിഡ് കാലത്ത് കിറ്റുകള്‍ നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ നേരത്തേ തന്നെ കോടതിയുടെ പരിഗണനയിലുള്ളതാണെന്നും സമാനസ്വഭാവമുള്ള ആവശ്യങ്ങള്‍ തന്നെയാണ് എം.പിയുടെ ഹരജിയിലും പറയുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സമാന ആവശ്യമുന്നയിച്ചു സമര്‍പ്പിച്ച ഹരജി കോടതി മുന്‍പ് തള്ളിയിട്ടുണ്ട്. അതുകൊണ്ട് ഈ ഹരജിയും പിഴയീടാക്കി തള്ളണം. കരട് സംബന്ധിച്ചു കൂടുതല്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇവ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചുകൊടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."