മിന്നലില്‍ പൊലിഞ്ഞത് 68 ജീവന്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലുമായി മിന്നലേറ്റ് കുട്ടികളുള്‍പ്പെടെ 68 പേരുടെ ജീവന്‍ പൊലിഞ്ഞു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ചയുമായാണ് മിന്നല്‍ ഇത്രയും പേരുടെ ജീവനപഹരിച്ചത്. മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച ഉത്തര്‍പ്രദേശില്‍ 41 പേരും മധ്യപ്രദേശില്‍ ഏഴുപേരുമാണ് മരിച്ചത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രാജസ്ഥാനില്‍ 20 പേരും മരിച്ചു.
രാജസ്ഥാനില്‍ മരിച്ചവരില്‍ ഏഴുപേര്‍ കുട്ടികളാണ്. 17 പേര്‍ക്ക് പരുക്കുണ്ട്. രാജസ്ഥാനിലെ ദോലാപൂര്‍, കോട്ട, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് മരണമുണ്ടായത്. ജയ്പൂരില്‍ 12ാം നൂറ്റാണ്ടില്‍ നിര്‍മിച്ച അമര്‍ കോട്ടയിലെ നിരീക്ഷണ ഗോപുരത്തില്‍ സെല്‍ഫിയെടുത്തുകൊണ്ടിരിക്കവെ മിന്നലേറ്റാണ് 11 പേര്‍ മരിച്ചത്. പേടിച്ച് താഴെക്ക് ചാടിയവര്‍ക്ക് ഗുരുതര പരുക്കേറ്റു. 27 പേരാണ് ഈ സമയത്ത് നിരീക്ഷണ ഗോപുരത്തിലുണ്ടായിരുന്നത്.
യു.പിയിലെ പ്രയാഗ്‌രാജില്‍ കനത്ത മഴക്ക് പിന്നാലെയുണ്ടായ മിന്നലില്‍ 14 പേരാണ് മരിച്ചത്. കാണ്‍പൂര്‍, ദേഹാത്ത്, ഫത്തഹ്പൂര്‍ എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതം മരിച്ചു. കൗശാംബിയില്‍ നാലുപേരും ഫിറോസാബാദില്‍ മൂന്നുപേരും മരിച്ചു. ഉന്നാവിലും ഹാമിര്‍പൂരിലും സോന്‍ബാദ്രയിലും ഓരോ മരണങ്ങളുണ്ടായി. കാണ്‍പൂര്‍ നഗര്‍, പ്രതാപ്ഗഡ്, ഹാര്‍ദോയി, മിര്‍സാപൂര്‍ എന്നിവിടങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 250 മൃഗങ്ങളും കൊല്ലപ്പെട്ടതായി യു.പി റിലീഫ് കമ്മിഷണര്‍ രണ്‍വീര്‍ പ്രസാദ് അറിയിച്ചു. യു.പിയില്‍ 30ലധികം പേര്‍ക്കാണ് പരുക്കുള്ളത്.
മധ്യപ്രദേശിലെ ഷൂപ്പൂരിലും ഗ്വാളിയോറിലുമാണ് രണ്ടുപേര്‍ വീതം മരിച്ചത്. ശിവ്പുരിയിലും അനുപൂരിലും ബേതുലിലും ഓരോരുത്തര്‍ വീതവും മരിച്ചു.
അതിനിടെ ഹിമാചല്‍പ്രദേശിലെ കംഗറ ജില്ലയില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍പ്രളയത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. ധര്‍മശാലയില്‍ വാഹനങ്ങള്‍ ഒഴുകിപോയി. ഉത്തരാഖണ്ഡിലും കശ്മിരിലും കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."