കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടു; പോപുലര്‍ ഫ്രണ്ടിനെതിരെ തെളിവുണ്ടെന്ന് കോടതിയില്‍ എന്‍.ഐ.എ
കൊച്ചി: കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടതായി ദേശീയ അന്വേഷണ ഏജന്‍സി.
ഇതുമായി ബന്ധപ്പെട്ട പല തെളിവുകളും റെയ്ഡില്‍ ലഭിച്ചുവെന്ന് എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ കിട്ടുന്നതിന് വേണ്ടി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് എന്‍.ഐ.എ ഇക്കാര്യം വ്യക്തമാക്കിയത്.
അറസ്റ്റിലായ പ്രതികളെ ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ നിരവധി പ്രമുഖരെ ലക്ഷ്യമിട്ട് ഇവര്‍ പ്രവര്‍ത്തിച്ചതായും അവര്‍ക്കെതിരെ അറസ്റ്റിലായ 11 പ്രതികളും ചേര്‍ന്ന് അവരുടെ ഓഫീസുകളിലും വീടുകളിലുമായി പലവട്ടം ഗൂഢാലോചന നടത്തിതായും എന്‍.ഐ.എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രഹസ്യയോഗങ്ങളെല്ലാം വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമിലൂടെയാണ് നടത്തിയത്. പ്രത്യേക വിഭാഗം ആളുകളുടെ ഹിറ്റ് ലിസ്റ്റ് ഇവര്‍ തയ്യാറാക്കിയിരുന്നതായും കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതായും എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയും തെളിവുകളുടെ മിറര്‍ ഇമേജും അടക്കം നിരത്തി ചോദ്യം ചെയ്താല്‍ മാത്രമേ ഗൂഢാലോചനയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കൂവെന്നും എന്‍.ഐ.എ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."