ഞങ്ങളെ മാലിന്യത്തിലേക്ക് വലിച്ചെറിയരുത്
ഫസീല മൊയ്തു
രണ്ടു സെന്റ് സ്ഥലത്ത് മൂന്നു വീടുകൾ, ഒരു വീടിനു മുന്നിൽ മറ്റൊരു വീട്. മുറ്റമോ മുഖമോ ഇല്ലാത്ത വീടുകളിലേക്കുള്ള ഇടുങ്ങിയ വഴികളിൽ മലിനജലം. കല്ലിട്ടും മരപ്പലകയിട്ടും വീടുകളിലേക്കുള്ള വഴികൾ. മഴക്കാലത്ത് സെപ്റ്റിക് ടാങ്ക് മാലിന്യമുൾപ്പെടെ ഒഴുകിവന്ന് കെട്ടിനിൽക്കുന്ന ദുരവസ്ഥ. കടലു കനിഞ്ഞാൽ മാത്രം അടുപ്പു കായുന്ന വീടുകൾ. ആ പ്രദേശത്ത് യാതൊരു പ്രതീക്ഷയുമില്ലാതെ കഴിഞ്ഞുകൂടുന്ന ആയിരക്കണക്കിന് ദരിദ്ര മനുഷ്യർ. ആ ജനങ്ങൾക്കുമേലാണ് മലിനജല പദ്ധതിയുമായി ഒരു ഭരണകൂടം മുന്നോട്ടുവരുന്നത്. കോഴിക്കോട് കോർപറേഷൻ പരിധിയിൽ വെള്ളയിൽ വാർഡിൽ ആവിക്കൽത്തോടിലാണ് കോർപറേഷൻ നടപ്പാക്കാൻ പോകുന്ന മലിനജല പദ്ധതിയായ ആവിക്കൽത്തോട് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്. ഈ പദ്ധതി ഇതിനോടകം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. പ്ലാന്റ് വേണ്ടെന്ന് ജനങ്ങളും വിവിധ രാഷ്ട്രീയ-സാംസ്കാരിക സംഘടനകളും പറഞ്ഞുകഴിഞ്ഞു. എന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് കോർപറേഷൻ. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ് പദ്ധതി. പദ്ധതിക്കായി എഴുപത് സെന്റ് സ്ഥലമാണ് കണ്ടുവച്ചിരിക്കുന്നത്. തണ്ണീർത്തടമായ ഈ പ്രദേശം ആദ്യം ലോറി സ്റ്റാൻഡ് പണിയാനാണെന്നു പറഞ്ഞാണ് കോർപറേഷൻ നികത്തിയത്. മഴക്കാലത്ത് വിവിധ മേഖലകളിൽനിന്ന് വരുന്ന വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലമാണ് ആവിക്കൽത്തോടിനോട് ചേർന്നുള്ള ഇവിടം. ഈ പ്രദേശത്ത് വെള്ളം കെട്ടിനിൽക്കുന്നതുകൊണ്ടാണ് മറ്റു പ്രദേശങ്ങളിലെ വീടുകളിലും മറ്റും വെള്ളം കയറാത്തത്. ലോറി സ്റ്റാൻഡിനെന്ന് പറഞ്ഞ് സ്ഥലം നികത്തിയതോടെ നൂറോളം വീടുകളിൽ വെള്ളംകയറുന്ന സ്ഥിതിയാണിപ്പോൾ.
കോർപറേഷനിലെ 62, 66, 67 വാർഡുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യമെടുത്ത് സംസ്കരിച്ച് ശുദ്ധമായ വെള്ളവും ഒപ്പം വളവുമാക്കി മാറ്റി വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്ന തരത്തിലാണ് നിർദിഷ്ട പ്ലാന്റ് വിഭാവനം ചെയ്യുന്നത്. പദ്ധതി വന്നാൽ പ്രദേശത്തെ 300ഓളം വീടുകൾ മലിനജലത്തിൽ മുങ്ങുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ആയിരത്തിലധികം വീടുകളെ നേരിട്ട് ബാധിക്കും. മലിനജലം ഒഴുക്കിവിടുന്ന ഹാർബറിൽ ജോലിസംബന്ധമായി ഇടപെടുന്ന പതിനായിരത്തിലധികം ആളുകളെയും ഈ പദ്ധതി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
പ്രദേശവാസികളുടെ ആശങ്ക
മലിനജലം കടലിലേക്ക് ഒഴുക്കിവിടുന്നത് മത്സ്യ ലഭ്യതക്കുറവിനും ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. സെപ്റ്റിക് മാലിന്യമായതിനാൽ ചുറ്റുപാടുകളിൽ ദുർഗന്ധമുണ്ടാകുമോ എന്ന ആശങ്കയും പ്രദേശത്തുകാർ പങ്കുവയ്ക്കുന്നു. പ്ലാന്റ് പണിയുന്നതോടെ പ്രദേശത്തെ തോടിന്റെ വീതി ഒന്നുകൂടി കുറയും. ഇതു വീടുകളെ വെള്ളക്കെട്ട് ദുരിതത്തിലേക്ക് തള്ളിവിടും. പ്ലാന്റ് നിലവിൽ വന്നാൽ മാലിന്യം സംസ്കരിച്ച വെള്ളം ഒഴുക്കുന്നത് കടലിലേക്കായിരിക്കും. ഇതിനു നൂറുമീറ്റർ പരിധിയിലാണ് വെള്ളയിൽ ഹാർബർ. ടൂറിസം വികസനത്തിനായി മേഖലയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഗൂഢനീക്കമാണ് ഈ പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ കോർപറേഷൻ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാൻ തയാറാവില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അമൃത് പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായി കോഴിക്കോട് കോർപറേഷൻ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആവിക്കൽത്തോടിൽ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നത് റാം ബയോളജിക്കൽസ് എന്ന കടലാസ് കമ്പനി തയാറാക്കിയ ഡി.പി.ആറിന്റെ പിൻബലത്തിലാണ്. ഇവരെ കൺസൾട്ടൻസിയാക്കിയത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. കമ്പനിയെ ഇ ടെണ്ടറോ ഓപൺ ടെണ്ടറോ ആയി തെരഞ്ഞെടുക്കേണ്ടതിന് പകരം ശുചിത്വമിഷൻ എംപാനൽ പട്ടികയിൽ നിന്ന് തെരഞ്ഞെടുത്തത് നിയമവിരുദ്ധമാണെന്നും റിപ്പോർട്ട് പറയുന്നു.
ക്വട്ടേഷൻ അംഗീകരിക്കുന്നതിന് മുമ്പ് തന്നെ റാം ബയോളജിക്കൽസ് ഡീറ്റയിൽഡ് പ്രൊജക്ട് റിപ്പോർട്ട് തയാറാക്കി. ഡി.പി.ആർ തയാറാക്കാൻ മുൻപരിചയമില്ലാത്ത കൺസൾട്ടൻസിയെ എന്തിന് തെരഞ്ഞെടുത്തു എന്ന് റിപ്പോർട്ട് ചോദിക്കുന്നു. മലിനജലസംസ്കരണ പ്ലാന്റ് നിർമാണം പൂർത്തിയായാൽ മാത്രമാണ് കൺസൾട്ടൻസിക്ക് അവസാന ഗഡുവായ പത്ത് ശതമാനം തുക നൽകേണ്ടത്. എന്നാൽ ഈ വ്യവസ്ഥയ്ക്ക് വിരുദ്ധമായി തുക കൈമാറിയിട്ടുണ്ട്. ഏഴ് പ്ലാന്റുകൾ സ്ഥാപിച്ചെന്ന് കൺസൾട്ടൻസി അവകാശപ്പെടുന്നുണ്ടെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജ് ഒഴികെ മുൻപരിചയമുള്ളതിന്റെ രേഖകളൊന്നും കമ്പനിക്ക് ഹാജരാക്കാനായിട്ടില്ലെന്നും കോർപറേഷന്റെ ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പൊലിസ് അടിച്ചമർത്തൽ
പ്രദേശവാസികളുടെ പ്രതിഷേധത്തെ വലിയ രീതിയിലാണ് പൊലിസ് അടിച്ചമർത്തിക്കൊണ്ടിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ മണ്ണ് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ജനങ്ങൾ പദ്ധതിക്കെതിരേ പ്രതിഷേധിച്ചു. ശക്തമായ പൊലിസ് നടപടിയുണ്ടായി. ജൂൺ 23ന് മണ്ണ് പരിശോധന നടത്താൻ ഉദ്യോഗസ്ഥർ വീണ്ടും എത്തിയപ്പോൾ പ്രതിഷേധിച്ച 36 പേരെ കസ്റ്റഡിയിൽ എടുത്തു. ജൂലൈ മൂന്നിന് സർവേ നടപടികൾ തുടങ്ങിയതിനെതിരേ ജനകീയ സമരസമിതി നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ ഗ്രനേഡ് പ്രയോഗത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പൊലിസ് വീടുകളിൽ കയറി സമരക്കാരെ അറസ്റ്റ് ചെയ്തു. പ്രായമായവർക്കെതിരേയും സ്ത്രീകൾക്കെതിരേയും നടപടിയുണ്ടായി.
ജൂലൈ 30ന് പൊലിസ് മൃഗീയമായാണ് ഇടപെട്ടത്. വീടുകളിലും പൊലിസ് അതിക്രമം ഉണ്ടായി. വെള്ളയിൽ ഫിഷറീസ് സ്കൂളിൽ നടന്ന ജനസഭ യോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രദേശവാസികൾക്കുമേൽ പൊലിസ് നടത്തിയത് നരനായാട്ടായിരുന്നു. സംഭവസ്ഥലത്തെത്തിയ വിവിധ രാഷ്ട്രീയക്കാരോടും പൊലിസ് മർദന നിലപാടാണ് സ്വീകരിച്ചത്.
തീവ്രവാദ ആരോപണം
സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനനും കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദുമാണ് ആദ്യമായി സമരക്കാർക്കുനേരെ തീവ്രവാദ ആരോപണം ഉയർത്തുന്നത്. സമരം ചെയ്യുന്നവർ തീവ്രവാദികളാണെന്ന് പി. മോഹനൻ പറഞ്ഞതോടെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായി. അതിനിടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്ത എം. ഗോവിന്ദനും പരാമർശം ആവർത്തിച്ചത്. ഇതിനെതിരേ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്നാൽ സമരക്കാർക്ക് പിന്തുണയുമായി മത, രാഷ്ട്രീയ രംഗത്തുള്ളവരെത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി അബ്ദുറഹിമാൻ മുസ്ലിയാർ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. മതവും തീവ്രവാദവും ആരോപിച്ച് സമരത്തെ അടിച്ചമർത്തുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഈ സമരത്തെ പിന്തുണക്കുമെന്നും സമസ്ത അറിയിച്ചു. കോൺഗ്രസ്, മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രാദേശികമായി ആദ്യഘട്ടത്തിൽ സമരത്തോടൊപ്പമായിരുന്നു. എന്നാൽ സമരം ശക്തിപ്പെട്ടതിന് പിന്നാലെ പ്രാദേശിക സി.പി.എമ്മും ബി.ജെ.പിയും സമരത്തോട് മുഖംതിരിഞ്ഞു നിന്നു. നിലവിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ റാലികളും പ്രതിഷേധ പരിപാടികളും ആവിക്കൽത്തോടിൽ നടന്നുവരുന്നു.
ജനകീയ സമരസമിതി
സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് ടി. ദാവൂദ് ചെയർമാനായും ഇർഫാൻ ഹബീബ് കൺവീനറുമായുള്ള ജനകീയ സമരസമിതി. പ്ലാന്റിനെതിരേ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി വൈസ് പ്രസിഡന്റ് ജ്യോതി കാംപുരത്ത് പറയുന്നു. മലിനജല പ്ലാന്റിനെതിരേയല്ല ആവിക്കൽത്തോടിലെ ജനങ്ങൾ, ഈ പദ്ധതി ജനവാസ മേഖലയിൽ വരുന്നതിനെയാണ് എതിർക്കുന്നതെന്ന് ജ്യോതി കാംപുരത്ത് പറഞ്ഞു. പാവപ്പെട്ട ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ മുതലാളിമാരുടെയും വൻകിട ബിസിനസുകാരുടെയും മാലിന്യം കൊണ്ടുവന്ന് സംസ്കരിക്കുന്നത് എന്തിന് വേണ്ടിയാണ്? നിലവിൽ നഗരപരിധിയിലുള്ള എല്ലാ അപ്പാർട്ട്മെന്റുകളിലും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് വേണമെന്ന് നിയമമുണ്ട്. പക്ഷേ, ആ നിയമം പാലിക്കാൻ ആരും തയാറാകുന്നില്ല. നഗരത്തിലെ ഒട്ടുമിക്ക സ്ഥാപനങ്ങളിലെയും സെപ്റ്റിക് മാലിന്യങ്ങൾ ഡ്രൈനേജുകളിലേക്കാണ് ഒഴുക്കിവിടുന്നതെന്നും അവർ പറഞ്ഞു. പദ്ധതി വന്നാൽ ആയിരത്തിലധികം കുടുംബങ്ങളെയും ഹാർബറിൽ ജോലി ചെയ്യുന്ന തൊഴിലാളികളെയും ബാധിക്കും. അതിനാൽ ശക്തമായി തന്നെ മുന്നോട്ടുപോകുമെന്നും ജ്യോതി കാംപുരത്ത് കൂട്ടിച്ചേർത്തു.
നിലവിൽ മണ്ണ് പരിശോധന ഒമ്പത് അടിയിലും പന്ത്രണ്ട് അടിയിലുമാണ് നടത്തിയിട്ടുള്ളത്. അത് പര്യാപ്തമല്ലാത്തതിനാൽ കേന്ദ്രസർക്കാർ അനുമതി ലഭിച്ചിട്ടില്ല. 24 അടിയിൽ മണ്ണ് പരിശോധന നടത്താനാണ് അടുത്തനീക്കം.
സാമൂഹികമായും സാമ്പത്തികമായും സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ കഴിയുന്ന അരികുവൽക്കരിക്കപ്പെട്ട ജനതയോട് ഒരു ഭരണകൂടം കാണിക്കുന്ന നിഷ്ഠുരമായ ക്രൂരതയാണ് ആവിക്കൽത്തോട് പദ്ധതി. ജനനം മുതൽ ദാരിദ്ര്യത്തോടും പ്രതികൂല ജീവിത കാലാവസ്ഥകളോടും പടവെട്ടി അതിജീവിക്കുന്ന ജനതയോട് ജനാധിപത്യബോധമുള്ള സമൂഹമെന്ന നിലയിൽ ഏവരും ഐക്യദാർഢ്യപ്പെടേണ്ടതുണ്ട്. സമരം ശക്തമാക്കുമെന്ന് സമരസമിതി ഊന്നിപ്പറയുമ്പോഴും പിന്നോട്ടില്ലെന്ന് കോർപറേഷനും വ്യക്തമാക്കുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."