മെഡിസെപിന്റെ കരാര്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ നടത്തിപ്പ് കരാര്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കു നല്‍കും. ധനവകുപ്പ് വിളിച്ച ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് ഓറിയന്റലാണ്.
400 രൂപയാണ് ജീവനക്കാര്‍ അടയ്‌ക്കേണ്ടിവരുന്ന പ്രതിമാസ പ്രീമിയം. എന്നാല്‍ ഹൈക്കോടതിയുടെ തീര്‍പ്പിനു വിധേയമായേ സര്‍ക്കാരിനു കരാര്‍ നല്‍കാന്‍ സാധിക്കൂ. മെഡിസെപിന്റെ നടത്തിപ്പിനു വേണ്ടി ധനവകുപ്പ് വിളിച്ച ടെന്‍ഡറില്‍ മൂന്നു കമ്പനികളാണ് പങ്കെടുത്തത്. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി, ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവ. ഇതില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് ഓറിയന്റലാണ്, വാര്‍ഷിക പ്രീമിയം 4,800 രൂപ. ടെന്‍ഡര്‍ പരിശോധന പൂര്‍ത്തിയാക്കി ധനവകുപ്പ് നിയമവകുപ്പിനു കൈമാറി.
മെഡിസെപ് നടത്തിപ്പിനുള്ള കരാര്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റിലയന്‍സിനായിരുന്നു നല്‍കിയത്. 2,991 രൂപയായിരുന്നു വാര്‍ഷിക പ്രീമിയം. എന്നാല്‍ മികച്ച ചികിത്സാ സൗകര്യമുള്ള ആശുപത്രികളൊന്നും റിലയന്‍സ് തയാറാക്കിയ പട്ടികയിലുണ്ടായിരുന്നില്ല. വ്യാപക പരാതി ഉയര്‍ന്നതോടെ ധനവകുപ്പ് റിലയന്‍സുമായുള്ള കരാര്‍ റദ്ദാക്കി.
തുടര്‍ന്ന് റിലയന്‍സിനെ ഒഴിവാക്കി വീണ്ടും ടെന്‍ഡര്‍ വിളിച്ചു. ഇതു ചോദ്യം ചെയ്ത് റിലയന്‍സ് ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാരിനു ടെന്‍ഡര്‍ നടപടിയുമായി മുന്നോട്ടു പോകാമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. എന്നാല്‍ അന്തിമകരാര്‍ നല്‍കുന്നത് ഹൈക്കോടതി തീര്‍പ്പിനു വിധേയമായിരിക്കും. അതിനാലാണ് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കു കരാര്‍ നല്‍കുന്നതിനു മുമ്പ് ധനവകുപ്പ് നിയമോപദേശം തേടിയത്. ടെന്‍ഡറിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതി തീരുമാനം അനുകൂലമാണെങ്കില്‍ കരാര്‍ ഒപ്പിടാനുള്ള നടപടിയുമായി സര്‍ക്കാരിനു മുന്നോട്ടുപോകാം. മറിച്ചാണെങ്കില്‍ കൊവിഡ് കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വീണ്ടും ത്രിശങ്കുവിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."