ഇന്ത്യയും പാകിസ്താനും വിഭജിച്ചപ്പോൾ ഉയിർകൊണ്ട കഥകൾ
പുസ്തകപ്പാത
വി. മുസഫര് അഹമ്മദ്
‘എട്ടു മണിക്കൂർ കഴിഞ്ഞ് ലാഹോറിലെ മുഗൾപുരിയിലെത്തുന്ന സ്പെഷൽ ട്രെയിൻ ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് അമൃത്സർ വിട്ടു. ധാരാളം പേർ വഴിമധ്യേ കൊല്ലപ്പെട്ടിരുന്നു. അതിലുമേറെപ്പേർക്ക് പരുക്കു പറ്റിയിരുന്നു. എണ്ണമറ്റ ആളുകളെ കാണാതാവുകയും ചെയ്തു’ - ദൗത്യം/സാദത്ത് ഹസൻ മണ്ടോ.
ഇന്ത്യാ-പാക് വിഭജനമുണ്ടാക്കിയ കൊടിയദുരന്തം എമ്മട്ടിലായിരുന്നുവെന്നതിനു മുകളിൽ ഉദ്ധരിച്ച വരികൾ സാക്ഷ്യം വഹിക്കുന്നു. ലാഹോറിൽനിന്ന് അമൃത്സറിലേക്കുള്ള തീവണ്ടിയാത്രകളുടെ സ്ഥിതിയും ഇതുതന്നെയായിരുന്നു. മനുഷ്യരക്തത്തിന്റെ കടലിലൂടെയാണ് ആ തീവണ്ടികൾ ഓടിയത്. വിഭജനത്തിനു മുക്കാൽനൂറ്റാണ്ട് തികഞ്ഞ ഈ വേളയിൽ സാദത്ത് ഹസൻ മണ്ടോയുടെ കഥകളും ലേഖനങ്ങളും 'വിഭജനകാല കഥകൾ'(പ്രസാധനം മാതൃഭൂമി ബുക്സ്/വിവർത്തനം: എ.പി കുഞ്ഞാമു) എന്ന ശീർഷകത്തിൽ പുറത്തുവന്നിരിക്കുന്നു. (സാദത്ത് ഹസൻ മാൻതു എന്നാണ് എഴുത്തുകാരന്റെ പേര് ഈ സമാഹരത്തിൽ കൊടുത്തിരിക്കുന്നത്. മണ്ടോ, മന്റോ, മൻതോ എന്നിങ്ങനെ മലയാളത്തിൽ ഈ പേര് ഉപയോഗിച്ചു കണ്ടിട്ടുണ്ട്. മാൻതു എന്നുകാണുന്നത് ആദ്യമാണ്. ഈ ലേഖനത്തിൽ മണ്ടോ എന്നാണ് ഉപയോഗിക്കുന്നത്). ഈ സമാഹാരത്തിലെ ചില കഥകൾക്കു മുൻകാലങ്ങളിൽ മലയാള പരിഭാഷകളുണ്ടായിട്ടുണ്ടെന്നതുകൂടി ഓർക്കുന്നു.
വിഭജനത്തിന്റെ കൊടുംഭീകരാവസ്ഥകളെക്കുറിച്ച് അറിയുന്നവരും അതിനെക്കുറിച്ച് ഒന്നുമറിയാത്തവരും ഒരുപോലെ ഈ കഥകളിലൂടെയും ലേഖനങ്ങളിലൂടെയും കടന്നുപോകണം. (വിഭജനത്തിന്റെ കഥാകാരൻ എന്നാണല്ലോ മണ്ടോ വിശേഷിപ്പിക്കപ്പെടാറ്). ഇന്ത്യയും പാകിസ്താനും ഒരേപോലെ അനുഭവിച്ച ചരിത്രത്തിന്റെ പിളർപ്പ് തൊട്ടറിയാൻ ഈ പുസ്തകം ഏതൊരാളെയും സഹായിക്കും. ഇവ കഥകളല്ലേ, ഇതൊക്കെ എങ്ങനെ സത്യമാകും എന്ന ചോദ്യം വരാനിടയുണ്ടെന്നതിനാൽ പറയട്ടെ, റിയലിസ്റ്റ് ഫിക്ഷൻ മാത്രം ആവിഷ്കരിച്ച എഴുത്തുകാരനായിരുന്നു മണ്ടോ.
വിഭജനത്തെക്കുറിച്ചുള്ള ഏറ്റവും സൂക്ഷ്മമായ നിരീക്ഷണം 'സഹായ്' എന്ന കഥയിൽ മണ്ടോ ഇങ്ങനെ കുറിച്ചിടുന്നു: ഒരു ലക്ഷം ഹിന്ദുക്കളും ഒരു ലക്ഷം മുസ്ലിംകളും മരിച്ചു എന്നു പറയരുത്, രണ്ടു ലക്ഷം മനുഷ്യ ജീവികൾ മരിച്ചു എന്നു പറയൂ. സത്യം പറഞ്ഞാൽ രണ്ടു ലക്ഷം പേർ മരിച്ചു എന്നത് അത്ര വലിയ ദുരന്തമൊന്നുമല്ല. യഥാർഥ ദുരന്തം കൊന്നവരും കൊല്ലപ്പെട്ടവരും ഒരു കണക്കിലും പെടുന്നില്ല എന്നതാണ്. ഒരു ലക്ഷം ഹിന്ദുക്കളെ കൊന്നുകഴിഞ്ഞപ്പോൾ ഹിന്ദുമതം ചത്തുപോയി എന്ന് മുസ്ലിംകൾ വിചാരിച്ചുകാണും. എന്നാൽ ഹിന്ദുമതം ജീവനോടെയുണ്ട്. എല്ലാകാലവും ബാക്കിയാവുകയും ചെയ്യും. ഇതുപോലെ ഒരു ലക്ഷം മുസ്ലിംകളെ കൊന്നപ്പോൾ ഹിന്ദുക്കളും തങ്ങൾ ഇസ്ലാമിനെ തുടച്ചുമാറ്റി എന്ന ആഹ്ലാദത്തിമിർപ്പിലായിരിക്കും. പക്ഷേ, സത്യം നിങ്ങളുടെ എല്ലാവരുടെയും മുമ്പിലുണ്ട്. ഇസ്ലാമിനു നേരിയ പോറൽപോലുമേറ്റിട്ടില്ല എന്നു നിങ്ങൾക്കറിയാമല്ലോ. തോക്കുകൊണ്ട് മതങ്ങളെ വേട്ടയാടിപ്പിടിക്കാമെന്ന് വിഡ്ഢികൾ മാത്രമേ വിശ്വസിക്കുകയുള്ളൂ. മതം, വിശ്വാസം, മനസ്സാക്ഷി-ഇവയെല്ലാം നമ്മുടെ ആത്മാവിലാണ് ജീവിക്കുന്നത്, ശരീരത്തിലല്ല. കത്തിയും വാളും തോക്കുംകൊണ്ട് അവയെ നശിപ്പിക്കാനാവുകയില്ല.
മുക്കാൽനൂറ്റാണ്ട് മുമ്പ് മണ്ടോ എഴുതിയ വരികൾ സമാകാലിക ഇന്ത്യക്ക് എങ്ങനെയെല്ലാം പ്രസക്തമാകുന്നുവെന്നതിന്് അധികം വിശദീകരണങ്ങൾ ആവശ്യമില്ല. യഥാർഥ എഴുത്തുകാർ വരാനിരിക്കുന്ന കാലങ്ങൾക്കുംകൂടി എഴുതുന്നവരാണെന്ന ആശയത്തിന് ‘സഹായി’യിലെ ഈ വാചകങ്ങൾ അടിവരയിടുന്നു. ഹിംസയിലൂടെ എതിർ ആശയത്തെ ഇല്ലാതാക്കാൻ ആരു ശ്രമിച്ചാലും അന്തിമമായി പരാജയം മാത്രമേ അവർക്കു സ്വന്തമാക്കാനാകൂ എന്ന് ആവർത്തിച്ചു പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട് മണ്ടോ. അത് ഇന്ത്യാ-പാക് ചരിത്രത്തിൽ മാത്രമല്ല, ലോകചരിത്രത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിട്ടുള്ള/ഇപ്പോഴും പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന നിത്യ-നിരന്തര പ്രതിഭാസം കൂടിയാണ്.
‘ആദ്യം തന്നെ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും തട്ടിക്കൊണ്ടു പോകാനും അനുവദിച്ച ഇവർ എന്തിനാണ് ഇപ്പോൾ ബലാത്സംഗം ചെയ്യപ്പെടുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്ത അവരെ പുനരധിവസിപ്പിക്കാൻ ശ്രമിക്കുന്നത് ’ -മകൾ എന്ന കഥയിൽ. മനുഷ്യരുടെ ഹീനതകൾക്കും കൊടുംനീചതകൾക്കും ഹിംസക്കും നടുവിൽ നിന്നുകൊണ്ടാണ് മണ്ടോ തന്റെ കഥകളിലൂടെ ഈ ചോദ്യങ്ങളെല്ലാം ഉന്നയിച്ചത് എന്നുകൂടി ഓർക്കണം. വിഭജനത്തിന്റെ ആഘാതവും അനുഭവങ്ങളും ഇത്രയേറെ ഉള്ളിൽ സഹിച്ച മറ്റൊരു എഴുത്തുകാരനോ/എഴുത്തുകാരിയോ ഇന്ത്യയിലോ പാകിസ്താനിലോ ഉണ്ടാകാൻ ഇടയില്ല. അതിന് അദ്ദേഹത്തിന്റെ കഥകളും ലേഖനങ്ങളും തന്നെ സാക്ഷി.
മണ്ടോയുടെ അതിപ്രശസ്തമായ ‘തോബാ തേക് സിങ് ’ എന്ന കഥയുമായാണ് സമാഹാരം തുടങ്ങുന്നത്. കഥയുടെ തുടക്കം ഇങ്ങനെ: രാജ്യത്തിന്റെ വിഭജനം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കു ശേഷം ഇന്ത്യയിലേക്കും പാകിസ്താനിലേക്കും ഗവൺമെന്റുകൾ, തടവുകാരെപ്പോലെ ഭ്രാന്താലയങ്ങളിലെ അന്തേവാസികളെയും പരസ്പരം കൈമാറ്റം ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യയിലെ മുസ്ലിം ഭ്രാന്തൻമാരെ പാകിസ്താനിലേക്ക് അയക്കണം. പാകിസ്താനി ഭ്രാന്താലയങ്ങളിലെ ഹിന്ദു-സിക്ക് ഭ്രാന്തൻമാരെ ഇന്ത്യയിലേക്കും അയക്കണം. പഞ്ചാബിലെ തോബാ തേക് സിങ് ഗ്രാമത്തിലെ ബിഷൻസിങ് ഈ കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹത്തെ മുൻ നിർത്തിയാണ് കഥയുടെ ആഖ്യാനം. ഭ്രാന്ത് എന്ന രോഗാവസ്ഥയും വിഭജനത്തിലെ കൊടിയ ഹിംസകളും ഒരേപോലെ ഉൾച്ചേരുന്ന, ലോകത്തിലെ മികച്ച നൂറു കഥകളിലൊന്ന് എന്നു പലരും അഭിപ്രായപ്പെട്ട രചനകൂടിയാണിത്. താൻ ഇന്ത്യക്കാരനോ പാകിസ്താനിയോ? ഈ ചോദ്യത്തിനു ബിഷൻസിങ് നൽകുന്ന ഉത്തരം തേബാ തേക് സിങുകാരൻ എന്നാണ്. ഇന്ത്യാ-പാക് അതിർത്തിയായ വാഗയിൽ മനോരോഗികളായവരെ ഇരു രാജ്യങ്ങളിലേക്കും കൈമാറ്റം ചെയ്യുന്ന ഭീതിദമായ രംഗം കഥയിൽ കടന്നുവരുന്നുണ്ട്. പാകിസ്താനിലേക്കും ഇന്ത്യയിലേക്കും പോകാൻ തയാറില്ലാത്ത, തോബാ തേക് സിങിലേക്കു മാത്രം പോകാമെന്നു പറയുന്ന ബിഷൻസിങ്ങിലൂടെ മണ്ടോ അവതരിപ്പിക്കുന്ന വിഭജന പ്രതിസന്ധിയുടെ നൈതികത അങ്ങേയറ്റം ആഴത്തിലുള്ളതാണ്. കഥ ഇങ്ങനെ അവസാനിക്കുന്നു: സൂര്യോദയത്തിനു തൊട്ടുമുമ്പ് പതിനഞ്ചു കൊല്ലമായി സ്വന്തം കാലുകളിൽ എഴുന്നേറ്റുനിന്നുപോന്ന ബിഷൻസിങ് എന്ന മനുഷ്യൻ, നിലവിളിക്കാൻ തുടങ്ങി. ഇരുഭാഗത്തുനിന്നും ഉദ്യോഗസ്ഥൻമാർ ഓടിയെത്തുമ്പോഴേക്കും അയാൾ നിലത്തു കുഴഞ്ഞുവീണിരുന്നു.വലിച്ചുകെട്ടിയ വേലിക്കമ്പികൾക്കു പിന്നിൽ ഒരുവശത്ത് ഇന്ത്യയും അതിലുമേറെ കമ്പികൾക്കു പിന്നിൽ മറുവശത്ത് പാകിസ്താനും കിടന്നു. ഇവയ്ക്കിടയിൽ പേരില്ലാത്ത ഒരുതുണ്ട് ഭൂമിയിൽ തോബാ തേക് സിങ് എന്ന ദേശവും. ഒരൊറ്റ മനുഷ്യന്റെ അനുഭവത്തിലൂടെ വിഭജനത്തിന്റെ തീവ്രത മണ്ടോ ഇങ്ങനെ ആവിഷ്കരിച്ചിടുന്നു.
മണ്ടോയുടെ ഇന്ത്യാ-പാക് വിഭജനം പ്രമേയമായുള്ള പല കഥകളിലും രോഗങ്ങൾ കടന്നുവരുന്നുണ്ട്. തോബാ തേക് സിങ്ങിൽ അതു ഭ്രാന്താണ്. വിഭജനം സമചിത്തതോടെയുള്ള ഒരു പ്രവൃത്തിയായിരുന്നുവോ എന്ന ചോദ്യമാണ് അദ്ദേഹം പ്രധാനമായും ഉന്നയിക്കുന്നത്. ആർക്കായിരുന്നു ഭ്രാന്തെന്ന കൂർത്തുമൂർത്ത യാഥാർഥ്യം ഈ കഥയുടെ വായനക്കാരെ മുറിപ്പെടുത്തുന്നു. ‘ദൗത്യം’ എന്ന കഥയിലെ നായകൻ എന്നുവിളിക്കാവുന്ന റിട്ട. ജഡ്ജി മിയാൻ അബ്ദുൽ ഹയ്യിനു വിഭജനവേളയിലെ വർഗീയ കലാപ കാലത്ത് പക്ഷാഘാതം വരുന്നു. ഈ രോഗം ഒരു രൂപകം കൂടിയാണ്. പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരുഭാഗം നിശ്ചലമായിപ്പോകുന്ന അവസ്ഥ വിഭജനകാലത്ത് ഇന്ത്യയിലെയും പാകിസ്താനിലെയും മനുഷ്യർ ഒരുപോലെ അനുഭവിച്ചു. അബ്ദുൽ ഹയ്യിലൂടെ ഈ അവസ്ഥകൂടി മണ്ടോ അവതരിപ്പിക്കുന്നു. അബ്ദുൽ ഹയ്യ് ജഡ്ജിയായിരുന്ന കാലത്ത് ഗുരുമുഖ് സിങ് എന്നയാളെ ഒരു കള്ളക്കേസിൽ വെറുതെ വിട്ടിരുന്നു. നന്ദിസൂചകമായി എല്ലാ ഈദിനും ഗുരുമുഖ് സിങ് വീട്ടിലുണ്ടാക്കിയ പലഹാരങ്ങൾ അദ്ദേഹം മിയാൻ സാഹിബ് എന്നുവിളിക്കുന്ന അബ്ദുൽ ഹയ്യിന് നേരിൽ എത്തിക്കുമായിരുന്നു. കലാപകാലത്ത് ഒരുദിവസം മിയാൻ സാഹിബിന്റെ വാതിലിൽ മുട്ടുകേട്ടു. പുറത്തുള്ളയാൾ താൻ ഗുരുമുഖ് സിങ്ങിന്റെ മകൻ സന്തോഖ് സിങ്ങാണെന്നും അച്ഛൻ മരിച്ചുവെന്നും പറയുന്നു. അച്ഛനോട് കൊടുത്ത വാക്ക്, ഈദിന് പലഹാരമെത്തിക്കുക, പാലിക്കാൻ വന്നതാണെന്നു പറഞ്ഞ് മിയാൻ സാഹിബിന്റെ രോഗവിവരം അറിഞ്ഞ് അയാൾ മടങ്ങുന്നു. കഥ ഇങ്ങനെ അവസാനിക്കുന്നു: സന്തോഖ് സിങ് നിരത്തിലെ വളവു തിരിയുന്നതിനുമുമ്പ് തലപ്പാവുകൊണ്ട് മുഖംമറച്ച നാലുപേർ അയാൾക്കുനേരെ വന്നു. രണ്ടു പേരുടെ കൈകളിൽ ജ്വലിക്കുന്ന തീപ്പന്തങ്ങളുണ്ടായിരുന്നു. മറ്റുള്ളവരുടെ പക്കൽ മണ്ണെണ്ണ പാത്രങ്ങളും സ്ഫോടക വസ്തുക്കളും. അവരിലൊരാൾ മുഖംമൂടിക്കുള്ളിൽ നിന്നുള്ള ചിരിയോടെ സന്തോഖിനോട് ചോദിച്ചു. ‘സർദാർജി താങ്കളുടെ ദൗത്യം പൂർത്തിയായിക്കഴിഞ്ഞുവോ? എങ്കിൽ ജഡ്ജി സാഹിബിന്റെ കാര്യത്തിൽ ഞങ്ങളുടെ ദൗത്യം തുടങ്ങട്ടെയോ? നിങ്ങളുടെ ഇഷ്ടംപോലെ’ ഇതും പറഞ്ഞ് അയാൾ നടന്നകന്നു.
‘ഖോൽദോ’ (തുറക്കൂ എന്ന് ഉറുദു ശീർഷകം) എന്ന മണ്ടോയുടെ വിഖ്യാത കഥ ‘വീണ്ടെടുപ്പ് ’ എന്ന തലക്കെട്ടിലാണ് സമാഹാരത്തിലുള്ളത്. നിരവധിപേർ ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച തന്റെ മകൾ ആശുപത്രിയിൽനിന്ന് ഞരങ്ങുമ്പോൾ മകൾക്കു ജീവനുണ്ടെന്നതിൽ ആശ്വസിക്കുന്ന പിതാവിനെയാണ് ഈ കഥയിൽ വായനക്കാർ കാണുന്നത്. ‘പ്രതികാരക്കൊയ്ത്ത് ’, ‘തണുത്ത ഇറച്ചി’ എന്നീ കഥകളിലും പിച്ചിച്ചീന്തിപ്പെട്ട സ്ത്രീകൾ കടന്നുവരുന്നു.
'ടിറ്റ്വാളിലെ നായ' എന്ന കഥ പാകിസ്താനിയോ ഇന്ത്യനോ എന്നു തീരുമാനിക്കാനാവാത്ത ഒരു നായയുടെ കഥയാണ്. മണ്ടോ ആക്ഷേപഹാസ്യം അതിരൂക്ഷമായി ചൊരിഞ്ഞിരിക്കുന്ന അതിഗംഭീര കഥയാണിത്. അതിർത്തിയിൽ ഇന്ത്യൻ സൈനികർ തങ്ങളുടെ നായയെന്നും പാക് സൈനികർ അവരുടെ നായയെന്നും ബോർഡ് തൂക്കി അങ്ങോട്ടുമിങ്ങോട്ടും നടത്തിക്കുകയാണ് ഈ ജീവിയെ. കഥ ഇങ്ങനെ അവസാനിക്കുന്നു: നായ വീണ്ടും പുറം തിരിഞ്ഞു പാഞ്ഞു. അവന്റെ ഒരു കാൽ തീർത്തും ഉപയോഗ ശൂന്യമായിക്കഴിഞ്ഞിരുന്നു. അവൻ ഹർനാം സിങ്ങിനു നേരെ ഇഴഞ്ഞുനീങ്ങാൻ തുടങ്ങി. അയാൾ തോക്കെടുത്തു, ശ്രദ്ധാപൂർവം ഉന്നംപിടിച്ച് നായയുടെ കഥ കഴിച്ചു. സുബേദാർ ഹിമ്മത് ഖാൻ നെടുവീർപ്പിട്ടു. ‘ആ സാധു മൃഗം രക്തസാക്ഷിയായി’. ജമേദാർ ഹർനാംസിങ് അപ്പോഴും ചൂടു വിട്ടുമാറിയിട്ടില്ലാത്ത തോക്കിൻകുഴലിനു മുകളിലൂടെ കൈ പായിച്ചുകൊണ്ടു പിറുപിറുത്തു. ‘അവൻ ഒരു നായയായിത്തന്നെ ചത്തു’.
‘ജിന്നാ സാഹിബ് ’ എന്ന കഥ മുഹമ്മദലി ജിന്നയുടെ വ്യക്തിജീവിതത്തിലേക്കു വെളിച്ചം വീശുന്നു. ജിന്നയുടെ ഡ്രൈവറായിരുന്ന ആസാദിലൂടെ അവതരിപ്പിക്കപ്പെടുന്ന ‘ആത്മനിഷ്ഠ ജിന്ന’യാണ് ഈ കഥയിലുള്ളത്. അതു ലോകത്തിനു പരിചിതമായ ‘രാഷ്ട്രീയ ജിന്ന’യല്ല. പത്തു കഥകളും 13 ലേഖനങ്ങളുമാണ് ഈ സമാഹാരത്തിലുള്ളത്. ‘ബോംബെ കലാപങ്ങളിൽ, വിഭജനകാലത്തെ ബോംബെ’ എന്നീ ലേഖനങ്ങൾ കഥകളിലുള്ള പ്രമേയങ്ങൾ തന്നെയാണ്. മണ്ടോ തന്നെ സ്വയം അവതരിപ്പിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന ‘സാദത്ത് ഹസൻ’, തന്റെ എഴുത്തിനെ വിശദമാക്കുന്ന ‘ഞാൻ എന്തിന് എഴുതുന്നു’, ‘ഇസ്മത്ത് ചുഗ്ത്തായി’ എന്നീ ലേഖനങ്ങൾ ഉറുദു സാഹിത്യത്തെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നവരെയും സാഹിത്യതൽപരരായവരെയും ആകർഷിക്കും. മണ്ടോ അമൃത്സർ, ബോംബെ, ഡൽഹി എന്നിവിടങ്ങളിലും ലാഹോറിലും കറാച്ചിയിലും ജീവിച്ചു. 43ാം വയസിൽ ലാഹോറിൽ മരിച്ചു. ഹ്രസ്വമായ ജീവിത കാലത്ത് ഉറുദു സാഹിത്യത്തിലെ മാസ്റ്ററായി അദ്ദേഹം മാറി. രസകരമായ ഒരു വസ്തുതയും മണ്ടോ ഒരു ലേഖനത്തിൽ വെളിപ്പെടുത്തുന്നു: ‘കോളജിൽ രണ്ടു തവണയും താൻ തോറ്റത് ഉറുദുവിലായിരുന്നു; അതിനാൽ കോളജ് പഠനം പൂർത്തിയായതുമില്ല’.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."