ബി.ജെ.പി കോഴ: അന്വേഷണസംഘം ഹോംസ്റ്റേയിലെത്തി തെളിവെടുത്തു
സുല്‍ത്താന്‍ ബത്തേരി: നിയമസഭ തെരഞ്ഞെടുപ്പില്‍ സി.കെ ജാനുവിനെ എന്‍.ഡി.എയിലെത്തിക്കാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് കോഴ നല്കിയ സംഭവത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ ജെ.ആര്.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിനെ സുല്‍ത്താന്‍ ബത്തേരിയിലെ ഹോംസ്റ്റേയിലെത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
തെരഞ്ഞെടുപ്പ് സമയത്ത് സി.കെ ജാനുവും പ്രസീത അഴീക്കോടും താമസിച്ച കാരക്കണ്ടി മണിമല ഹോംസ്റ്റേയിലാണ് തെളിവെടുപ്പ് നടത്തിയത്.
ഇവിടെവെച്ചാണ് ബി.ജെ.പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ സി.കെ ജാനുവിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പ്രസീത വെളിപ്പെടുത്തിയിരുന്നു.
ഇതേകാര്യം ക്രൈംബ്രാഞ്ചിന് മൊഴിയായും നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് വയനാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര് മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഹോംസ്റ്റേയിലെത്തി തെളിവുകള്‍ ശേഖരിച്ചത്. ഇന്നലെ രാവിലെ 11.30യോടെയാണ് അന്വേഷണസംഘമെത്തി തെളിവെടുപ്പ് ആരംഭിച്ചത്. 12ഓടെ പ്രസീതയും ജെ.ആര്.പി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ബിജു അയ്യപ്പനുമെത്തി വിവരങ്ങള്‍ നല്കി.
മാര്‍ച്ച് 26ന് രാവിലെ പ്രശാന്ത് മലവയല്‍ തുണിസഞ്ചിയില്‍ പൂജാസാധനങ്ങളെന്ന് പറഞ്ഞ് 25 ലക്ഷം രൂപ സി.കെ ജാനുവിന് ഈ ഹോംസ്റ്റേയില്‍ വെച്ച് കൈമാറിയെന്നായിരുന്നു പ്രസീതയുടെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശാന്തിനെ വിളിച്ചുവരുത്തി ക്രൈബ്രാഞ്ച് ചോദ്യംചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് 17 ദിവസമാണ് സി.കെ ജാനുവും പ്രസീതയും ഈ ഹോംസ്റ്റേയില്‍ താമസിച്ചത്. മാര്‍ച്ച് 25ന് എന്താണ് ഹോംസ്റ്റേയില്‍ നടന്നത് എന്നതിനെക്കുറിച്ചും പണം കൈമാറിയ സംഭവത്തെ കുറിച്ചുമാണ് ക്രൈംബ്രാഞ്ച് ചോദിച്ചതെന്നും നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും പ്രസീത മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."