കൊല്ലുന്നതിന് മുമ്പ് ഒന്നുകൂടി കേൾക്കൂ
ഡൽഹി നോട്സ്
കെ.എ സലിം
വധശിക്ഷ വിധിക്കപ്പെടുന്ന കേസുകളിലെ ശിക്ഷാവിധിയിലുള്ള വാദം സംബന്ധിച്ച് വ്യവസ്ഥ തയാറാക്കുന്ന വിഷയം സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുന്നു. വിഷയത്തിൽ ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസുമാരായ രവീന്ദ്രഭട്ട്, സുധാൻശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന് ഏകസ്വരമുണ്ടായില്ല. ഇതോടെയാണ് വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എത്താൻ പോകുന്നത്. വധശിക്ഷ വിധിക്കാൻ മാത്രം ഗൗരവമുള്ള കേസുകളിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നു. ഏറ്റവും ഉയർന്ന ശിക്ഷതന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു. ഈ ഘട്ടത്തിലാണ് ശിക്ഷാവിധി സംബന്ധിച്ച് വാദം നടക്കുക. രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയിൽ ഏറ്റവും സുപ്രധാനമായ ഘട്ടമാണിത്. വിധിക്കുന്നത് നീതിയാണെന്നും പ്രതികാരമല്ലെന്നും ഉറപ്പാക്കണം. ആൾക്കൂട്ട വികാരത്തിന്റെ സ്വാധീനം വിധിയിലുണ്ടാകരുത്. കുറ്റവാളിയെ കഴുമരത്തിലയക്കും മുമ്പ് ഇരയുടെ നീതിയും പ്രതിയുടെ പുനരധിവാസ നീതിയും നടപ്പായെന്നുകൂടി ഉറപ്പാക്കണം. സൂക്ഷ്മമായ നീതിന്യായ സംവിധാനം ജനാധിപത്യത്തിൽ ഒഴിവാക്കാനാവാത്തതാണ്.
എന്നാൽ, ഇന്നുവരെ ഇതിനൊരു വ്യവസ്ഥയുണ്ടായിട്ടില്ല. ഏറ്റവും അലസമായാണ് രാജ്യത്തെ നിലവിലെ നീതിന്യായ സംവിധാനം ഈ ഘട്ടത്തെ കാണുന്നതെന്നാണ് ആക്ഷേപം. വിചാരണക്കോടതികൾ ശിക്ഷാവിധിയിൽ ഗൗരവകരമായ വാദം നടക്കാറില്ല. വിചാരണയുടെ അതുവരെയുള്ള ഘട്ടങ്ങളിൽ പ്രതി കുറ്റം ചെയ്യാനുണ്ടായ സാഹചര്യം പരിഗണിക്കാറില്ല. കുറ്റം ചെയ്തില്ലെന്ന വാദവും അതിനനുസരിച്ചുള്ള തെളിവുകളുമാണ് പ്രതിഭാഗം മുന്നോട്ടുവയ്ക്കുക. കുറ്റം തെളിയിക്കപ്പെട്ടാൽ പിന്നീടങ്ങനെയല്ല, ശിക്ഷ വിധിക്കണമെങ്കിൽ കുറ്റം ചെയ്യാനുണ്ടായ സാഹചര്യംകൂടി പരിഗണിക്കപ്പെടണം. ഏതു കുറ്റത്തിലും കുറ്റവാളി കടന്നുപോയ സാഹചര്യം സുപ്രധാനമാണ്. ഭരണഘടനാ ബെഞ്ച് പരിഗണിക്കാൻ പോകുന്ന കാര്യങ്ങളിൽ കുറ്റം ചെയ്യാനുള്ള സാഹചര്യത്തെ എങ്ങനെ കാണണമെന്ന വിഷയവുമുൾപ്പെടും. 2000 മുതൽ 2015വരെ ഡൽഹി കോടതി വിധിച്ച വധശിക്ഷകളിൽ 72 ശതമാനവും പൊതുമനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നുവെന്ന് നീതിന്യായ മേഖലയിലെ പരിഷ്‌കരണത്തിനായി പ്രവർത്തിക്കുന്ന പ്രൊജക്ട് 39 എ എന്ന സംഘടന നടത്തിയ പഠനത്തിൽ പറയുന്നുണ്ട്. 112 കേസുകളിൽ പൊതുമനസ്സാക്ഷിയുടെ സമ്മർദം വിധിയെ സ്വാധീനിച്ചപ്പോൾ 63 കേസുകളിൽ പൊതു മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുകയെന്ന ഒറ്റക്കാരണത്താലായിരുന്നു വധശിക്ഷ നൽകിയത്.
പ്രതിയെ കുറ്റക്കാരനായി കണ്ടെത്തുന്ന അന്നുതന്നെയാണോ ശിക്ഷാവിധിയിലുള്ള വാദവും നടക്കേണ്ടതെന്നതാണ് സുപ്രിംകോടതിയിൽ ഉയർന്ന പ്രധാന ചോദ്യം. അതിനൊരു സമയവും സാവകാശവും വേണം. ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ച കേസുകളിൽ 40 ശതമാനത്തിലും അന്നേ ദിവസം തന്നെയാണ് ശിക്ഷാവിധി സംബന്ധിച്ച വാദമുണ്ടായിട്ടുള്ളത്. കേസിലെ വിചാരണപോലെ പ്രധാനമാണ് വധശിക്ഷ വിധിക്കുന്ന കേസുകളിൽ ശിക്ഷാവിധിയിലുള്ള വാദവും. 1980ൽ സച്ചൻ സിങ് കേസിലാണ് സുപ്രിംകോടതി അപൂർവങ്ങളിൽ അപൂർവമായ കേസുകൾക്ക് മാത്രമേ വധശിക്ഷ നൽകാവൂ എന്ന വിധി പുറപ്പെടുവിക്കുന്നത്. അതോടൊപ്പം തന്നെ ശിക്ഷയിൽ പ്രത്യേക വാദം വേണമെന്നും കോടതി നിർദേശിച്ചിരുന്നു. 1982ലെ മിത്തു കേസിലെ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിയടക്കമുള്ള നിരവധി ഉത്തരവുകളിലും അത്യപൂർവ കേസുകളിൽ മാത്രമേ വധശിക്ഷ പാടുള്ളൂ എന്ന് ആവർത്തിച്ചെങ്കിലും ശിക്ഷാവിധിയിലുള്ള വാദത്തിന്റെ കാര്യത്തിൽ വിധികൾ പരസ്പരം യോജിച്ചിരുന്നില്ല.
എന്നാലും പിന്നീട് ചുരുങ്ങിയത് മൂന്ന് കേസുകളിലെങ്കിലും സുപ്രിംകോടതി ബെഞ്ച് ശിക്ഷാവിധിയിൽ പ്രത്യേക വിചാരണ വേണമെന്ന് ഉത്തരവിട്ടിരുന്നു. കുറ്റക്കാരനാണ് കണ്ടെത്തിയ അന്നേ ദിവസംതന്നെ ശിക്ഷാവിധിയിൽ വാദം നടത്തുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് സമീപകാലത്ത് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. 2019ൽ, ദത്താറായ കേസിലെ വധശിക്ഷ സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് ജീവപര്യന്തമായി ഇളവ് ചെയ്തത് ശിക്ഷാവിധിയിൽ വിചാരണ കോടതിയിൽ ശരിയായ വാദമുണ്ടായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്. പൊതുസമൂഹത്തിന്റെ വികാരങ്ങൾ കോടതി വിധിയെ സ്വാധീനിക്കുന്നുണ്ടോയെന്ന ചോദ്യം രാജ്യത്ത് പ്രസക്തമാണ്. ഇന്ത്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നതിൽ 75 ശതമാനത്തിൽ അധികവും പണത്തിനാലോ വിദ്യാഭ്യാസത്തിനാലോ കോടതിയിൽ കേസ് വാദിക്കാൻ കഴിയാത്ത വളരെ പാവപ്പെട്ടവരാണെന്ന് പഠനമുണ്ട്. അതിൽ തന്നെ കൂടുതലും മുസ്‌ലിംകളും ദലിതരുമാണ്.
2000 ജനുവരി ഒന്നിനും 2015 ജൂൺ 31നും ഇടയിൽ സുപ്രിംകോടതി 60 വധശിക്ഷകൾ ശരിവച്ചു. അതിൽ 15 എണ്ണത്തിൽ (25 ശതമാനം) തെറ്റുപറ്റിയെന്ന് പിന്നീട് സമ്മതിച്ചു. മുൻവിധിയുടെ അടിസ്ഥാനത്തിൽ പൊലിസ് ശേഖരിച്ചതോ കെട്ടിച്ചമച്ചതോ ആയ തെളിവുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തിന് ഒരാളെ കൊല്ലാമോ? വധശിക്ഷ ന്യായമായോ യുക്തിസഹമായോ നടപ്പിലാക്കുക അസാധ്യമാണെന്ന് സുപ്രിംകോടതി തന്നെ ആവർത്തിച്ച് സമ്മതിച്ചിട്ടുണ്ട്. ഭരണഘടനാപരവും നിയമപരവും നയപരവുമായ പ്രശ്‌നങ്ങൾ ഇരയുടെയോ ബന്ധുക്കളുടെയോ പ്രതികാരദാഹത്തിന്റെ അടിസ്ഥാനത്തിൽ നിർണയിക്കാൻ കഴിയില്ല. ചില കേസുകളിൽ അത് ആൾക്കൂട്ട ഉന്മാദത്തിലേക്ക് നയിക്കും. ശിക്ഷ കുറ്റത്തെ അനുകരിക്കലാകരുത്. ബലാത്സംഗക്കേസിലെ കുറ്റവാളികളെ ബലാത്സംഗം ചെയ്യുകയല്ല ശിക്ഷ. കൊലയാളികളെ കൊന്ന് തീർക്കേണ്ട കാര്യവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."