HOME
DETAILS

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്?

  
backup
September 04 2023 | 04:09 AM

one-country-one-election

എൻ.പി ചെക്കുട്ടി


ഒരു റാങ്ക്, ഒരു പെൻഷൻ എന്നത് ഇന്ത്യൻ സേനയിൽ സേവനമനുഷ്ഠിച്ച സൈനികരുടെ ആവശ്യമായിരുന്നു. പല കാലങ്ങളിൽ ഒരേപദവിയിൽ ഇരുന്നവർക്ക് പല പെൻഷൻ എന്നതിലെ വൈരുധ്യമാണ് അവർ ചൂണ്ടിക്കാട്ടിയത്. തീർച്ചയായും നീതീകരണമുള്ള ഒരു മുദ്രാവാക്യമായിരുന്നു അത്. എന്നാൽ സർക്കാരത് അംഗീകരിക്കുകയുണ്ടായില്ല. അതുണ്ടാക്കുന്ന വമ്പിച്ച ബാധ്യതയെ നേരിടാനുള്ള ശേഷിയില്ല എന്ന ന്യായം പറഞ്ഞാണ് സൈനികരുടെ ആവശ്യത്തിനു ഭരണകൂടം പുറംതിരിഞ്ഞുനിന്നത്. പകരം സർക്കാർ നൽകുന്നത് പുതിയൊരു മുദ്രാവാക്യമാണ്: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്.
2014ൽ നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷം ബി.ജെ.പിയുടെ അജൻഡയിലുള്ള പല പരിപാടികളിൽ ഒരിനമാണിത്. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരിക്കെ, അദ്ദേഹത്തിന്റെ നയപ്രഖ്യാപന പ്രസംഗങ്ങളിൽ ഒന്നിലേറെ തവണ അത് പരാമർശിക്കപ്പെടുകയും ചെയ്തു.

വിഷയം പഠിക്കാനായി മുൻ രാഷ്ട്രപതിയെ അധ്യക്ഷനാക്കി സമിതിയെ നിയമിച്ചതായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. എന്താണ് ഈ നിർദേശത്തിന്റെ കാതൽ? ഇന്ത്യയിൽ പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും തെരഞ്ഞെടുപ്പ് നടക്കണം. 1952ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ 1967 വരെ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാണ് നടന്നുവന്നത്. പിന്നീട് പല നിയമസഭകളിലേക്കും ഇടക്കാല തെരഞ്ഞെടുപ്പു വേണ്ടിവന്നു. ലോക്‌സഭയിലേക്കും തൊണ്ണൂറുകളുടെ ആദ്യത്തിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. അതായത് എഴുപതുകൾ മുതൽ ഒന്നുകിൽ ലോക്‌സഭയിലേക്ക്, അല്ലെങ്കിൽ നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പില്ലാത്ത ഒരു വർഷവും രാജ്യത്തുണ്ടായിട്ടില്ല.


നിതാന്തമായ തെരഞ്ഞെടുപ്പുചക്രം രാജ്യത്തിൻ്റെ വികസനത്തെ ബാധിക്കുന്നെന്നും ഈ സ്ഥിതി ഒഴിവാക്കി എല്ലാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്തണമെന്നും ബി.ജെ.പി പറയുന്നു. തെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചു കഴിഞ്ഞാൽ നടപടിചട്ടങ്ങൾ നടപ്പിൽവരും, നയപരമായ വിഷയങ്ങളിൽ തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യം വരും. അത് രാജ്യവികസനത്തിന് വിഘാതം സൃഷ്ടിക്കും എന്നൊക്കെയാണ് അവർ പറയുന്നത്.


തെരഞ്ഞെടുപ്പു നടപടിക്രമങ്ങളും ചട്ടങ്ങളും വികസനത്തെ തടഞ്ഞുവയ്ക്കുന്നു എന്നതൊക്കെ ഒട്ടും വിശ്വാസ്യതയില്ലാത്ത ആരോപണങ്ങളാണ്. ഓരോ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കുമ്പോൾ നടപടിക്രമങ്ങൾ പാലിക്കാൻ അധികൃതരും പാർട്ടികളും ബാധ്യസ്ഥർതന്നെ. അത് ഏതാനും ആഴ്ച മാത്രം നിലനിൽക്കുന്ന പ്രതിഭാസമാണ്. അതിന്റെ പേരിൽ എന്ത് വികസനമാണ് തടയപ്പെടുന്നത്? നയപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് പുതിയ സർക്കാർ വന്നിട്ടാകണം എന്ന കാര്യത്തിൽ തർക്കമില്ല. അത് ജനാധിപത്യ സംവിധാനത്തിൽ നിർബന്ധമാണ്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെ മറ്റു ജനാധിപത്യ രാജ്യങ്ങളിലും ഇതാണ് സ്ഥിതി. അതിന്റെ പേരിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നോ അവ ഒന്നിച്ചുവേണമെന്നോ ആരും ആവശ്യപ്പെടുന്നില്ല. കാരണം വികസനത്തിന്റെ പുകമറയിൽ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ അങ്ങനെ എളുപ്പത്തിൽ വിലപ്പോവില്ല.


രാംനാഥ് കോവിന്ദ് കമ്മിറ്റി എന്തെല്ലാം നിർദേശങ്ങളാണ് കൊണ്ടുവരിക എന്ന കാര്യം കാത്തിരുന്നു കാണണം. പക്ഷേ എന്തുകൊണ്ട് അറുപതുകളുടെ അന്ത്യം മുതൽ തെരഞ്ഞെടുപ്പു സംവിധാനത്തിൽ ഇത്തരമൊരു ഗതിമാറ്റം സംഭവിച്ചു എന്ന വിഷയം പരിഗണിക്കണം. ഇന്ത്യൻ ജനാധിപത്യത്തിന്റെ സ്വാഭാവികമായ വളർച്ചയുടെയും മുന്നേറ്റത്തിന്റെയും ഭാഗമായി ഉയർന്ന പ്രക്രിയയാണ്. സ്വാതന്ത്ര്യത്തിനുശേഷം ആദ്യത്തെ രണ്ടു പതിറ്റാണ്ടുകാലം കോൺഗ്രസ് ഭരണക്കുത്തകയുടെ കാലമായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അവരാണ് ഭരണം കൈകാര്യം ചെയ്തത്. എന്നാൽ വൈകാതെ ഈയവസ്ഥയിൽ മാറ്റംവന്നു. കോൺഗ്രസ് ദുർബലമായി; കേരളമടക്കം പലയിടങ്ങളിലും പിളർന്നു. പുതിയ പ്രാദേശിക കക്ഷികൾ രൂപംകൊണ്ടു. ഭാഷ, ജാതിമത ഘടകങ്ങൾ, പ്രാദേശികത തുടങ്ങിയവ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തി. പലയിടത്തും ഒറ്റയ്‌ക്കൊരു പാർട്ടിക്ക് അധികാരം പിടിക്കൽ അസാധ്യമായി. അതിനാൽ ഐക്യമുന്നണി സംവിധാനങ്ങൾ നടപ്പായി. കേരളത്തിൽ കോൺഗ്രസ്, സി.പി.എം നേതൃത്വത്തിലുള്ള മുന്നണി സർക്കാരുകളും പഞ്ചാബിലും മറ്റു ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സംയുക്തവിധായക് ദൾ മന്ത്രിസഭകളും അതിനു ഉദാഹരണമാണ്.


എമ്പതുകൾ മുതൽ ഈ പ്രതിസന്ധി ദേശീയതലത്തിലേക്കും വ്യാപിക്കുന്നതാണ് കണ്ടത്. രാജീവ് ഗാന്ധി മന്ത്രിസഭയുടെ പതനവും പിന്നീട് ഒരുഭാഗത്തു ബി.ജെ.പി, മറുഭാഗത്തു ഇടതുപക്ഷം അടക്കമുള്ള കക്ഷികളുടെ പിന്തുണയോടെ വി.പി സിങ് അധികാരത്തിൽ വന്നതും ഈ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായിരുന്നു. തുടർന്നാണ് യുനൈറ്റഡ് ഫ്രണ്ട് പരീക്ഷണം അരങ്ങേറിയത്. ദേവഗൗഡ മുതൽ ചന്ദ്രശേഖർ വരെ പ്രധാനമന്ത്രിമാർ മാറി വന്നു. അങ്ങനെയുള്ള കലങ്ങിമറിഞ്ഞ അന്തരീക്ഷത്തിലാണ് ബി.ജെ.പി പിടിമുറുക്കുന്നത്. തൊണ്ണൂറുകളുടെ അവസാനം വാജ്‌പേയി പ്രധാനമന്ത്രിസ്ഥാനത്ത് എത്തുന്നത് ബി.ജെ.പിയുടെ മാത്രം ശക്തിയുടെ അടിസ്ഥാനത്തിലായിരുന്നില്ല. പ്രാദേശിക കക്ഷികളടക്കം രണ്ടു ഡസനിലേറെ പാർട്ടികളുടെ പിന്തുണയോടെയാണ് അദ്ദേഹം അധികാരത്തിലെത്തിയത്.
ബി.ജെ.പിയുടെ വളർച്ചയും കോൺഗ്രസിന്റെ തകർച്ചയും സൂചിപ്പിക്കുന്ന കാര്യം, സ്വാതന്ത്ര്യാനന്തരം നമ്മുടെ രാഷ്ട്രീയത്തിലുണ്ടായ ആഴത്തിലുള്ള മാറ്റങ്ങളാണ്. പഴയ ശക്തികൾ പലതും ദുർബലമായി; പകരം പുതിയ ശക്തികളും താൽപര്യങ്ങളും രാഷ്ട്രീയമണ്ഡലത്തിൽ പ്രത്യക്ഷമായി. ഇത് ഏറ്റവും ശക്തമായി പ്രത്യക്ഷപ്പെടുന്നത് എമ്പതുകൾ മുതലാണ്. പിന്നോക്കക്കാർ, ദലിത്-ആദിവാസികൾ, ന്യൂനപക്ഷങ്ങൾ എന്നിങ്ങനെ നിരവധി പുതിയ സാമൂഹിക വിഭാഗങ്ങൾ രാഷ്ട്രീയരംഗത്ത് സ്ഥാനം നേടി. അവരിൽ പലരും വിവിധ സംസ്ഥാനങ്ങളിൽ അധികാരം പിടിച്ചെടുത്തു. ചിലർ മുന്നണി സംവിധാനത്തിൽ അവിഭാജ്യ ഘടകമായി. ഇതൊരു കൊടുങ്കാറ്റിനെപ്പോലെ ഇന്ത്യൻ രാഷ്ട്രീയത്തെയാകെ പിടിച്ചുകുലുക്കിയ സംഭവവികാസമാണ്. അതിനു പിന്നിൽ നിരവധി കാരണങ്ങളുടെങ്കിലും കീഴാള വിഭാഗങ്ങളുടെ ശാക്തീകരണമാണ് അതിൽ പ്രധാനം. മണ്ഡൽ ശുപാർശകൾ ദേശീയതലത്തിൽ നടപ്പാക്കാനുള്ള തീരുമാനവും മുസ്‌ലിംകളുടെ അവസ്ഥ സംബന്ധിച്ച സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തലുകളും ഈ പ്രക്രിയയെ ശക്തിപ്പെടുത്തിയ ഘടകങ്ങളാണ്.
അതിനു സമാന്തരമായി പ്രാദേശിക, ഭാഷാവിഭാഗങ്ങളുടെ മുൻകൈയിലുള്ള പുതിയ പ്രസ്ഥാനങ്ങളും രൂപം കൊണ്ടു. എൻ.ടി.ആറിന്റെ തെലുഗുദേശം ഉദാഹരണം. ദേശീയ പാർട്ടികളേക്കാൾ ഇത്തരം കക്ഷികൾക്ക് തങ്ങളുടെ പ്രദേശങ്ങളിൽ കൂടുതൽ കരുത്തും സ്വാധീനവും കൈവന്നു. തെരഞ്ഞെടുപ്പു കൂട്ടുകെട്ടുകളിൽ മുൻകാലത്തു ദേശീയപാർട്ടികളാണ് മുഖ്യപങ്കാളിത്തം വഹിച്ചതെങ്കിൽ പുതിയ കാലത്തു പ്രാദേശിക പ്രസ്ഥാനങ്ങൾക്കാണ് പ്രാമുഖ്യം കൈവന്നത്.


ഇത് പല പ്രതിബന്ധങ്ങളെയും നേരിട്ടുകൊണ്ടാണ് വികസിച്ചത്. അതിലൊന്ന്, ദേശീയതലത്തിൽ മുന്നണിസമ്പ്രദായം നടപ്പാക്കുന്നതിൽ സംഭവിച്ച പാളിച്ചകളും പ്രയാസങ്ങളുമാണ്. വി.പി സിങ് ഭരണം മുതൽ ചന്ദ്രശേഖറിന്റെ കാലംവരെ കേന്ദ്രമന്ത്രിസഭകൾക്ക്‌ ചുരുങ്ങിയ ആയുസ് മാത്രമേ ഉണ്ടായുള്ളൂ. വാജ്പേയി പോലും മൂന്നാമത്തെ തവണയാണ് അഞ്ചുവർഷം ഭരിക്കാനുള്ള പിന്തുണ നേടിയത്.
അൽപായുസായ മന്ത്രിസഭകൾ വികസനത്തെ തടസപ്പെടുത്തിയതായി പരാതി ഉയർന്നിരുന്നു. നയപരമായ പക്ഷാഘാതം എന്നാണ് ഈയവസ്ഥ അറിയപ്പെട്ടത്. അതിനെതിരേ വിവിധ മേഖലകളിൽപ്പെട്ടവർ, പ്രത്യേകിച്ച് സാമ്പത്തിക രംഗത്തെ പ്രമുഖരും കോർപറേറ്റ് ശക്തികളും അടക്കം നടത്തിയ സംഘടിത മുന്നേറ്റമാണ് തൊണ്ണൂറുകളിൽ ബി.ജെ.പിയുടെ വളർച്ചയ്ക്ക് കളമൊരുക്കിയത്. വർഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ഹിന്ദുത്വ ദേശീയതയും അവർക്ക് ആശയപരമായ പശ്ചാത്തലം ഒരുക്കി.


എന്നാൽ ദശാബ്ദം നീണ്ട മോദി ഭരണത്തിനൊടുവിൽ പുതിയ ആന്തരിക ചലനങ്ങൾക്ക് ഇന്ത്യൻ രാഷ്ട്രീയം വിധേയമാക്കുന്നുണ്ട്. വികേന്ദ്രീകൃത അധികാരവ്യവസ്ഥയെയാണ് ഇന്ത്യയിൽ എമ്പതുകളിൽ ഉയർന്ന പുതു ശക്തികൾ പ്രതിനിധീകരിച്ചതെങ്കിൽ ബി.ജെ.പിയുടെ കാലത്തു അത് തിരിച്ചൊഴുകി അധികാര കേന്ദ്രീകരണത്തിന് കരുത്തുനൽകി. എന്നാൽ ഈ പ്രവണതയും സ്ഥായിയല്ല. വിപരീതദിശയിലുള്ള ശക്തികളുടെ സാന്നിധ്യവും സംഘർഷവും ഇന്ന് കൂടുതൽ ശക്തിയോടെ അനുഭവപ്പെടുന്നുണ്ട്. ഇതൊരു വൈരുദ്ധ്യാത്മക പ്രക്രിയയാണ്. ബി.ജെ.പിക്കെതിരേ രണ്ടു ഡസനിലേറെ കക്ഷികൾ ഒന്നിച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിടാനായി തയാറാവുകയാണ്. 2004ൽ സോണിയാഗാന്ധി നയിച്ച യു.പി.എ സഖ്യത്തിന്റെ വിജയം അപ്രതീക്ഷിതമായിരുന്നു. പ്രധാനമായും ഗ്രാമങ്ങളിൽ ഉണ്ടായ മാറ്റമാണ് അന്ന് വാജ്പേയിയെ വീഴ്ത്തിയതും ഡോ. മൻമോഹൻസിങിനെ അധികാരത്തിലേറ്റിയതും.
ഇപ്പോൾ വീണ്ടും വികേന്ദ്രീകരണ ശക്തികൾക്ക് തിടംവയ്ക്കുകയാണ്.

അതിനെ ചെറുക്കാനുള്ള വഴികളാണ് ബി.ജെ.പി അന്വേഷിക്കുന്നത്. അതിലൊന്നാണ് തെരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള നീക്കം. പക്ഷേ അത് ക്ഷിപ്രസാധ്യമായ ഒന്നല്ല. ജനങ്ങൾ അതിനെ അംഗീകരിക്കാനും പ്രയാസമാണ്. മാത്രമല്ല, നിരവധി ഭരണഘടനാ ഭേദഗതികൾ അതിനു വേണം; ഭൂരിപക്ഷം സംസ്ഥാന നിയമസഭകളുടെ അംഗീകാരം വേണം. പല നിയമസഭകളുടെയും കാലാവധി പകുതിക്കുവച്ചു ഉപേക്ഷിക്കണം. ഭരണത്തകർച്ച വന്നാൽ സംസ്ഥാനങ്ങളിൽ ദീർഘകാലം ഉദ്യോഗസ്ഥ ഭരണത്തിന് ജനങ്ങൾ സമ്മതിക്കണം. ഇതൊന്നും എളുപ്പത്തിൽ സാധിക്കാവുന്ന കാര്യമല്ല. അതിനുള്ള ദേശീയസമന്വയം സംഘടിപ്പിക്കാനുള്ള ശേഷി ഇന്ന് ബി.ജെ.പിക്കെന്നല്ല, ഒരു പാർട്ടിക്കും ഇന്ത്യയിലില്ല. അതിനാൽ ചായക്കോപ്പയിലെ മറ്റൊരു കൊടുംകാറ്റാണ്‌ മുൻരാഷ്‌ട്രപതി കോവിന്ദിനെ മുന്നിൽനിർത്തി ചിലർ ആസൂത്രണം ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago