സചിന്‍ പൈലറ്റിന്റെ കാത്തിരിപ്പിന് അറുതിയാവുമോ....രാജസ്ഥാനിലെ മുഖ്യമന്ത്രി ആരെന്ന് ഇന്ന് തീരുമാനമായേക്കും
ന്യൂഡല്‍ഹി: അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയുമെന്ന കാര്യത്തില്‍ ഏറെക്കുറെ സ്ഥിരീകരണമായ സ്ഥിതിക്ക് പുതിയ മുഖ്യമന്ത്രി ആരാകും എന്നാണ് പുതിയ ചര്‍ച്ച. സചിന്‍- ഗെഹ്‌ലോട്ട് യുദ്ധത്തിനൊടുവില്‍ മുഖ്യമന്ത്രി സ്ഥാനം സചിന് കിട്ടുമോ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അല്ലാത്തവര്‍ക്കും അറിയേണ്ടത്,
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറായപ്പോഴും മുഖ്യമന്ത്രി സ്ഥാനത്തില്‍ തന്നെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു ഗെഹ്‌ലോട്ട്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം പാര്‍ട്ടിക്കുള്ളിലെ തന്റെ എതിരാളിയായ സചിന്‍ പൈലറ്റിന് നല്‍കരുതെന്ന നിബന്ധന പോലും ഗെഹ്‌ലോട്ട് മുന്നോട്ടു വെച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താന്‍ അധ്യക്ഷ സ്ഥാനത്തെത്തുകയാണെങ്കില്‍ തനിക്ക് വിശ്വസ്തനായ ഒരാളെ വേണം രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാന്‍ എന്നായിരുന്നു ഗെഹ്‌ലോട്ടിന്റെ ആവശ്യം. അല്ലാത്ത പക്ഷം, മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ടു തന്നെ വര്‍ക്കിങ് പ്രസിഡന്റായി പ്രവര്‍ത്തിക്കാനാണ് ഗെഹ്‌ലോട്ട് താല്‍പര്യപ്പെട്ടത്.
രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തെ തന്നെ കണ്ണുവെച്ചയാളാണ് സചിന്‍ പൈലറ്റ്. മുമ്പ് പാര്‍ട്ടിയുമായി പിണങ്ങിയപ്പോഴൊക്കെ ദേശീയ നേതൃത്വം അനുനയിപ്പിച്ച് നിര്‍ത്തുകയായിരുന്നു യുവനേതാവിനെ. ഇന്നലെ സചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തിയത് അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഒരു വര്‍ഷം മാത്രമാണ് അവശേഷിക്കുന്നതെങ്കിലും മുഖ്യമന്ത്രി സ്ഥാനം തനിക്ക് വേണമെന്ന ആവശ്യം സചിന്‍ ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനായാണ് അശോക് ഗെഹ്‌ലോട്ട് സോണിയക്ക് മുമ്പാകെ നിബന്ധന വെച്ചത്.
എന്നാല്‍ സചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായാലും എതിര്‍ക്കില്ലെന്ന് രാജസ്ഥാന്‍ മന്ത്രിയും ഗെഹ്‌ലോട്ട് പക്ഷത്തെ നേതാവുമായ രാജേന്ദ്ര ഗുധ വ്യക്തമാക്കിയിരുന്നു. ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിര്‍ദേശിച്ചാലും പിന്തുണക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2018ല്‍ ബി.എസ്.പിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ ആറ് എം.എല്‍.എമാരില്‍ ഒരാളാണ് രാജേന്ദ്ര ഗുധ.
അതിനിടെ, കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകിട്ട് ഏഴിന് ജയ്പൂരില്‍ നടക്കുമെന്നാണ് വിവരം. യോഗത്തില്‍ രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തില്‍ തീരുമാനമായേക്കും. ഹൈക്കമാന്‍ഡ് പ്രതിനിധികളായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അജയ് മാക്കനുമടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
പകരക്കാരനായി സ്പീക്കര്‍ സി പി ജോഷിയെയാണ് ഗെഹ്‌ലോട്ടിന് താല്‍പര്യം. അതേസമയം ഗാന്ധി കുടുംബത്തിന് സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് താല്‍പര്യമെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ നിര്‍ണായക യോഗമാണ് ഇന്ന് നടക്കുന്നത്. അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ജയ്പൂരില്‍ തന്നെ തുടരാനും എം.എല്‍.എമാരെ കാണാനും പാര്‍ട്ടി ഉന്നതര്‍ പൈലറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എം.എല്‍.എമാരെ കണ്ട് സച്ചിന്‍ പിന്തുണ തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."