ഷാര്‍ജയില്‍ ഭവന്‍സ് പേള്‍ വിസ്ഡം സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു
ഷാര്‍ജ: വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലും വിദേശത്തും ഖ്യാതിയുള്ള ഭാരതീയ വിദ്യാഭവന്റെ 'ഭവന്‍സ് പേള്‍ വിസ്ഡം സ്‌കൂള്‍' പ്രവര്‍ത്തനമാരംഭിച്ചു. തിങ്കളാഴ്ച സ്‌കൂളിന്റെ ഔപചാരിക ഉദ്ഘാടനം കാമ്പസില്‍ നടന്നു. ചെയര്‍മാന്‍ എന്‍.കെ രാമചന്ദ്ര മേനോന്‍, വൈസ് ചെയര്‍മാന്‍ സി.എ സൂരജ് രാമചന്ദ്രന്‍, ഡയറക്ടര്‍ സി.എ ദിവ്യ രാജേഷ് രാമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ ഇന്ദു പണിക്കര്‍, സ്റ്റാഫ്, സ്‌കൂള്‍ മാനേജ്‌മെന്റ് ടീം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
വിദ്യാഭ്യാസ രംഗത്ത് മികവുള്ള സ്‌കൂള്‍ അതിന്റെ പാരമ്പര്യം നിലനിര്‍ത്തി പുതുതലമുറയെ വാര്‍ത്തെടുക്കുന്ന ദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയാണെന്ന് എന്‍.കെ രാമചന്ദ്ര മേനോന്‍ സ്‌കൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭാരതീയ വിദ്യാഭവന്‍ കുവൈത്തില്‍ ആദ്യ സ്‌കൂള്‍ 2006ല്‍ സ്ഥാപിച്ചതോടെയാണ് മിഡില്‍ ഈസ്റ്റിലും അതിന്റെ പ്രവര്‍ത്തനത്തിന് തുടക്കമായത്. ഷാര്‍ജയിലെ അല്‍ അസ്രയില്‍ ഉദ്ഘാടനം ചെയ്ത പുതിയ സ്‌കൂള്‍ മിഡില്‍ ഈസ്റ്റിലെ അതിന്റെ 9-ാമത് ശാഖയാണെന്നും അഭിമാനകരമാണീ വളര്‍ച്ചയെന്നും സൂരജ് രാമചന്ദ്രന്‍ പറഞ്ഞു. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും ഭവന്‍സ് പേള്‍ വിസ്ഡം സ്‌കൂളില്‍ പഠിക്കാന്‍ അവസരമൊരുക്കുന്നുണ്ട്. ദുബായിലെ സ്‌കൂളില്‍ ജബല്‍ അലി ഉള്‍പ്പെടെ വിദൂര പ്രദേശങ്ങളിലെ കുട്ടികളും പഠിക്കുന്നുണ്ട് -അദ്ദേഹം വ്യക്തമാക്കി.
പ്രവാസ ലോകത്ത് ഭാരതീയ വിദ്യാഭവന്റെ വിജയം രൂപപ്പെടുത്തുന്നതില്‍ മാനേജ്‌മെന്റിന്റെ കാഴ്ചപ്പാടും നേതൃത്വവും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഇന്ദു പണിക്കര്‍ അഭിപ്രായപ്പെട്ടു.
സിബിഎസ്ഇ കരിക്കുലത്തില്‍ നല്ല അധ്യാപകരും മികച്ച സൗകര്യങ്ങളുമുള്ള കാമ്പസാണിതെന്ന് ദിവ്യ രാജേഷ് രാമചന്ദ്രന്‍ പറഞ്ഞു.
2023-'24 അധ്യയന വര്‍ഷത്തേക്ക് പ്രീ കെജി മുതല്‍ ഗ്രേഡ് 8 വരെയുള്ള ക്‌ളാസുകളിലേക്കാണിപ്പോള്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. സ്‌കൂള്‍ കാമ്പസിലെ ആദ്യ രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ രാമചന്ദ്ര മേനോന്‍ നിര്‍വഹിച്ചു.
പ്രവേശന ഫോമുകള്‍ സ്‌കൂള്‍ വെബ്‌സൈറ്റി(www.Bhavans-sharjah.com)ല്‍ ലഭ്യമാണ്: ഫോണ്‍: 056 3334210.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."