സ്ത്രീധനത്തിനെതിരേ 10 മണിക്കൂര്‍ ഉപവസിച്ച് ഗവര്‍ണര്‍ 'സ്ത്രീധന പരാതി ഉയര്‍ന്നാല്‍ ബിരുദം റദ്ദാക്കണം'
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ അസാധാരണ സമരത്തിന് ഇന്നലെ രാജ്ഭവന്‍ സാക്ഷിയായി. സ്ത്രീ സുരക്ഷിത കേരളത്തിനും സ്ത്രീധനത്തിനെതിരായും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ പത്തു മണിക്കൂര്‍ ഉപവസിച്ചു.
രാജ്ഭവനിലും ഗാന്ധി ഭവനിലുമായാണ് ഉപവാസമിരുന്നത്. രാവിലെ എട്ടുമണിക്ക് രാജ്ഭവനില്‍ ഉപവാസം ആരംഭിച്ച ഗവര്‍ണര്‍ വൈകിട്ട് ആറിന് ഗാന്ധി ഭവനിലാണ് ഉപവാസം അവസാനിപ്പിച്ചത്. നാലു മണിയോടെയാണ് ഗവര്‍ണര്‍ ഗാന്ധി ഭവനിലെത്തിയത്. രാജ് ഭവനില്‍ ഉപവാസമിരുന്ന ഗവര്‍ണര്‍ പുസ്തക വായനയില്‍ മുഴുകി.
തന്റെ ഉപവാസത്തിന് രാഷ്ട്രീയമില്ലെന്നും ജനങ്ങള്‍ക്കായുള്ള സന്ദേശമായാണ് താന്‍ ഉപവസിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. പരിപാടിയെ ക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ഉപവാസത്തിന് സന്നദ്ധനായിരുന്നു. ഉപവാസം തീരുമാനിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയും ഗാന്ധിജിയുടെ പൗത്രിയും തന്നെ വിളിച്ച് പിന്തുണ നല്‍കി. സ്ത്രീധനത്തിനെതിരേ ഇത്തരത്തിലുള്ള പ്രചാരണം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
സ്ത്രീപീഡന വാര്‍ത്തകള്‍ നാടിന് നാണക്കേടാണ്. സ്ത്രീധന പ്രശ്‌നങ്ങള്‍ കാരണം സ്ത്രീകളുടെ ജീവിതം അടിച്ചമര്‍ത്തപ്പെടുന്നു. നമ്മുടെ മൂല്യങ്ങള്‍ നശിക്കുന്നു.
സാമൂഹ്യ ബോധം ഇല്ലാത്തതല്ല കേരളത്തിലെ പ്രശ്‌നങ്ങള്‍. സ്ത്രീധനത്തിനെതിരേ എല്ലാവരും കൈകോര്‍ക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ സ്ത്രീധനത്തോട് നോ പറയണം. സ്ത്രീധന പരാതിയുയര്‍ന്നാല്‍ സര്‍വകലാശാലകള്‍ ബിരുദം റദ്ദാക്കണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."