യു.പി സര്‍ക്കാരിനെതിരേ സുപ്രിംകോടതി കേസെടുത്തു
വെള്ളിയാഴ്ചയ്ക്കുള്ളില് വിശദീകരണം നല്കാന് നിര്‍ദേശം
ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യം കണക്കിലെടുക്കാതെ കോടിക്കണക്കിന് പേര് ഒത്തുചേരുന്ന കന്‍വാര്‍ യാത്രയ്ക്ക് അനുമതി നല്കിയ യു.പി സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. വെള്ളിയാഴ്ചയ്ക്കുള്ളില് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കോടതി നോട്ടിസയച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഗോമുഖ്, ഗംഗോത്രി, ബിഹാറിലെ സുല്‍ത്താന്‍ഗഞ്ച് എന്നിവിടങ്ങളിലേക്ക് ശ്രാവണ മാസത്തില്‍ ഭക്തര്‍ നടത്തുന്ന യാത്രയാണ് കന്‍വാര്‍ യാത്ര. 2019ല്‍ മൂന്നുകോടി ആളുകളാണ് കന്‍വാര്‍ യാത്രയില്‍ പങ്കെടുത്തത്.
ഇന്ത്യന്‍ ജനത അതീവ ആശങ്കയിലാണുള്ളതെന്നും ഈ ഘട്ടത്തില്‍ ഇത്തരമൊരു യാത്ര നടത്തുന്നത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. മൂന്നാംതരംഗം വരാന്‍ പോകുന്നുവെന്ന മുന്നറിയിപ്പ് പ്രധാനമന്ത്രി തന്നെ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചെറിയൊരു വിട്ടുവീഴ്ച പോലും നല്കാന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യു.പി സര്‍ക്കാരിനൊപ്പം ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്, പഞ്ചാബ്, ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് കന്‍വാര്‍ യാത്രയ്ക്ക് ഭൂരിപക്ഷം വിശ്വാസികളും എത്തുന്നത്. യു.പി മാത്രമാണ് യാത്രയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."