HOME
DETAILS
MAL
യു.എ.ഇയും ജര്‍മനിയും ഊര്‍ജ കരാറില്‍ ഒപ്പിട്ടു
backup
September 26 2022 | 08:09 AM
ദുബൈ:ഊര്‍ജ സുരക്ഷിതത്വം,കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കല്‍ തുടങ്ങി സംയുക്ത സംരംഭങ്ങള്‍ ത്വരിതപ്പെടുത്തുന്നത് ലക്ഷ്യമിട്ട് യു.എ.ഇ-ജര്‍മന്‍ കരാര്‍. ജര്‍മന്‍ ചാന്‍സിലര്‍ ഓലാഫ് ഷോള്‍സിന്റെ യു.എ.ഇ സന്ദര്‍ശനത്തിനിടെയാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പുവെച്ചത്. എനര്‍ജി സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രി ആക്സിലറേറ്റര്‍ കരാറില്‍ വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും യു.എ.ഇയുടെ കാലാവസ്ഥാവ്യതിയാന പ്രതിനിധിയുമായ ഡോ. സുല്‍ത്താന്‍ ആല് ജബ്റും ജര്‍മനിയുടെ സാമ്പത്തികകാര്യ മന്ത്രാലയം സ്റ്റേറ്റ് സെക്രട്ടറി ഡോ. ഫ്രാന്‍സിസ്ക ബ്രാന്റനറുമാണ് ഒപ്പുവെച്ചത്. കരാറനുസരിച്ച് അബൂദബി നാഷനല്‍ ഓയില്‍ കമ്പനി(അഡ്നോക്) ജര്‍മന്‍ എനര്‍ജി കമ്പനിയായ ആര്.ഡബ്ല്യൂ.ഇ എ.ജിക്ക് വര്‍ഷാവസാനത്തോടെ ദ്രവീകൃത പ്രകൃതിവാതകം എത്തിക്കും.യുക്രെന് യുദ്ധപശ്ചാത്തലത്തില്‍ ഊര്‍ജ ആവശ്യങ്ങള്‍ക്ക് റഷ്യയെ ആശ്രയിക്കുന്നത് കുറക്കാന്‍ ലക്ഷ്യമിട്ടുള്ള ജര്‍മനിയുടെ നീക്കങ്ങളുടെ ഭാഗമായാണ് യു.എ.ഇയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ജര്‍മനിയില്‍ ഉപയോഗിക്കുന്ന ഗ്യാസിന്റെ 55 ശതമാനവും റഷ്യയില്‍നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."