ലാഭംനോക്കി വ്യാജനെ ഇറക്കേണ്ട; ഇങ്ങനെ ചെയ്താലുള്ള യുഎഇയിലെ ശിക്ഷാനടപടികള്‍ അറിയാം
ലാഭംനോക്കി വ്യാജനെ ഇറക്കേണ്ട; ഇങ്ങനെ ചെയ്താലുള്ള യുഎഇയിലെ ശിക്ഷാനടപടികള്‍ അറിയാം
അബുദാബി: പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് അനുകരണ ഉല്‍പന്നങ്ങള്‍ വിറ്റാല്‍ യുഎഇയില്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴയും ജയില്‍ശിക്ഷയും ലഭിക്കും. ആളുകളെ കബളിപ്പിച്ച് നടത്തുന്ന രാജ്യത്തെ ഇത്തരം വ്യാജ ഉത്പന്ന വിപണിയുടെ മൂല്യം 23 ട്രില്യണ്‍ ഡോളറാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
അനുകരണ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത് മാത്രമല്ല, ഇവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായാല്‍ അധികാരികളില്‍ നിന്ന് മറച്ചുവയ്ക്കുന്നതും നിയമലംഘനമാണ്. വ്യാജ ചരക്കുകളെക്കുറിച്ചും അവ കണ്ടെത്തിയ സാഹചര്യത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തെ അറിയിക്കേണ്ടത് രാജ്യത്തെ താമസക്കാരുടെ ധാര്‍മിക ഉത്തരവാദിത്തമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചരക്കുകള്‍ വ്യാജമാണെന്ന് അറിവില്ലായിരുന്നുവെങ്കില്‍ അതിന്റെ തെളിവ് നല്‍കാന്‍ വില്‍പ്പനക്കാരന് ബാധ്യതയുണ്ട്. വ്യാജമാണെന്ന് മനസിലായാല്‍ അക്കാര്യം വിതരണക്കാരെ അറിയിക്കാനും ഉത്തരവാദിത്തമുണ്ട്.
പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ചരക്കുകള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയും ലോകമെമ്പാടും കയറ്റുമതി ചെയ്യുകയും പുനര്‍കയറ്റുമതി നടത്തുകയും ചെയ്യുന്നുണ്ട്. യുഎഇ അതിര്‍ത്തികളിലൂടെ വ്യാജ ചരക്കുകള്‍ കടന്നുപോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികളും നിയമനിര്‍മാണങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഇറക്കുമതി, കയറ്റുമതി സമയങ്ങളില്‍ പരിശോധന നടത്തിവരികയും ചെയ്യുന്നുണ്ട്.
വെയര്‍ഹൗസുകളിലോ കണ്ടെയ്‌നറുകളിലോ വന്‍തോതില്‍ വ്യാജസാധനങ്ങള്‍ കണ്ടെത്തിയാല്‍ സാധനങ്ങള്‍ പിടിച്ചെടുത്ത് ബദല്‍ സംഭരണകേന്ദ്രത്തിലേക്ക് മാറ്റും. പിടിച്ചെടുത്ത സാധനങ്ങളുടെ സംഭരണം, ഗതാഗതം, കയറ്റിറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവും പ്രതി തന്നെ വഹിക്കേണ്ടിവരും. പിടിച്ചെടുത്ത വസ്തുക്കളിലും മറ്റും കോടതി വിധി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാം. സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യാനും നാശനഷ്ടത്തിനും കേടുപാടുകള്‍ക്കും നഷ്ടപരിഹാരം ക്ലെയിം ചെയ്യാനും പരാതിക്കാര്‍ക്ക് അവകാശമുണ്ട്.
പരാതിക്കാരന് ഒരു ബാഹ്യ വിദഗ്ധനെക്കൊണ്ട് നാശനഷ്ടം സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കാനും കഴിയും. ചില കേസുകളില്‍, കോടതി നിയമിച്ച ഒരു വിദഗ്ധന്‍ നഷ്ടം കണക്കാക്കിയേക്കാം. നാശനഷ്ടങ്ങളുടെ ക്ലെയിമുകള്‍ സാധൂകരിക്കാന്‍ കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ടിലൂടെ സാധിക്കും. വ്യാജ ഉത്പന്നങ്ങള്‍ സംബന്ധിച്ച കേസുകളിലെ ശിക്ഷകള്‍ കോടതിയുടെ വിവേചനാധികാരത്തിലുള്ള കാര്യമാണ്. പിഴ, സാധനങ്ങള്‍ കണ്ടുകെട്ടല്‍, പിടിച്ചെടുത്തവ നശിപ്പിക്കല്‍, തടവ്, നാടുകടത്തല്‍ എന്നിവയുള്‍പ്പെടെയുള്ളവ കോടതിയുടെ വിവേചനാധികാരത്തില്‍ വരും. ട്രേഡ്മാര്‍ക്ക് വ്യാജമായി ഉപയോഗിച്ചാല്‍ ജയില്‍ ശിക്ഷയോ ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്തതും 10 ലക്ഷം ദിര്‍ഹത്തില്‍ കൂടാത്തതുമായ പിഴയോ ഇവ രണ്ടും ചേര്‍ന്ന കഠിനമായ ശിക്ഷകളോ ലഭിച്ചേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."