കോൺഗ്രസ്: ഇരിക്കും മുമ്പ് കാലു നീട്ടരുത്
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നടപടികൾ ആരംഭിച്ചിരിക്കെ, രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ തുലാസിലാടുകയാണ്. ഒരു സംസ്ഥാനത്തെ അധികാരമാണ് കോൺഗ്രസിനെ തുടർന്ന് ആരു നയിക്കണമെന്ന തീരുമാനത്തെ വരെ സ്വാധീനിക്കാൻ കഴിയുംവിധം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മോദി സർക്കാരിന്റെ ഏകാധിപത്യം അവസാനിപ്പിക്കാൻ പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയുള്ള നീക്കം ഒരു വശത്ത് നടക്കുന്നുണ്ട്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ ഐക്യം സാധ്യമാക്കുന്നതിനു ഓടിനടക്കുകയാണ് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും ജെ.ഡി.യു നേതാവ് നിതീഷ് കുമാറും. ഈ ഘട്ടത്തിലെങ്കിലും വിവിധ പ്രാദേശിക പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ബി.ജെ.പിയെ നേരിടുന്ന ദൗത്യത്തിന് നേതൃത്വം നൽകുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്.
നിർഭാഗ്യകരമാവാം ആഭ്യന്തര പ്രതിസന്ധികളിൽത്തട്ടി കാലിടറി നിൽക്കുകയാണ് കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്താലും രാജസ്ഥാൻ ഭരണത്തിന്റെ കടിഞ്ഞാൺ വിടാൻ തയാറല്ലാത്ത അശോക് ഗെഹ്‌ലോട്ടാണോ കപ്പിനും ചുണ്ടിനുമിടയിൽ മുഖ്യമന്ത്രി പദം രണ്ടുതവണ വഴുതിപ്പോയ സച്ചിൻ പൈലറ്റാണോ ഈ പ്രതിസന്ധിയിൽ കുറ്റക്കാരനെന്ന ചോദ്യം അപ്രസക്തമാണ്. രണ്ടുപേരും കുറ്റക്കാരാണ് എന്നു പറഞ്ഞാലേ ശരിയാവൂ. ഇവർ കോൺഗ്രസിനോടും രാജ്യത്തോടും ചെയ്യുന്നത് പാതകമാണെന്ന് വിശ്വസിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. തെരഞ്ഞെടുപ്പിൽ താനൊഴുക്കിയ വിയർപ്പാണ് രാജസ്ഥാനിലെ ഭരണമെന്നാണ് സച്ചിൻ പൈലറ്റിന്റെ പക്ഷം. ഭരണത്തിന് നേതൃത്വം നൽകാൻ താൻ തന്നെയാണ് യോഗ്യനെന്ന് പൈലറ്റ് കരുതുകയും ചെയ്യുന്നു. എന്നാൽ രണ്ടുവർഷം മുമ്പ് ബി.ജെ.പിയുടെ താൽപര്യത്തിനനുസരിച്ച് സർക്കാരിനെ മറിച്ചിടാൻ നീക്കം നടത്തിയ പൈലറ്റിനെ അധികാരമേൽപിക്കാൻ പാടില്ലെന്നാണ് ഗെഹ്‌ലോട്ട് പക്ഷക്കാരായ എം.എൽ.എമാർ പറയുന്നത്. മുൻകാല അനുഭവംവച്ച് ഇവരെ എങ്ങനെ കുറ്റപ്പെടുത്താനാവും?
പാർട്ടിക്കുള്ളിലെ തലമുറ മാറ്റത്തിന്റെ പ്രശ്‌നങ്ങളും ഒരുഭാഗത്തുണ്ട്. സോണിയാ ഗാന്ധിയെ നേതാവാക്കി വളർത്തിയെടുത്തതും രണ്ടുതവണ കോൺഗ്രസിന് അധികാരം സാധ്യമാക്കിയതും ഗെഹ്‌ലോട്ടടക്കമുള്ള മുതിർന്ന നേതാക്കന്മാരാണ്. സോണിയ മാറി രാഹുലിന്റെ സ്ഥാനാരോഹണത്തിനൊപ്പം അദ്ദേഹത്തെ ചുറ്റി നിൽക്കുന്ന നേതാക്കളുടെ പുതിയ തലമുറ രൂപംകൊണ്ടു. എന്നാൽ മുതിർന്ന നേതാക്കന്മാരിൽ നിന്ന് യുവാക്കളിലേക്കുള്ള അധികാര മാറ്റം എളുപ്പമാകുന്നില്ല. ഒന്നും വിട്ടുകൊടുക്കാൻ തയാറാകാത്തവരിൽ നിന്ന് അധികാരങ്ങളും സൗകര്യങ്ങളും പാർട്ടിയുടെ നിയന്ത്രണവും പിടിച്ചെടുക്കാനുള്ള അമിത വ്യഗ്രതയിലാണ് ഒരു വിഭാഗം. ഇവർ തമ്മിലുള്ള വടംവലിയാണ് മുന്നോട്ടുപോകേണ്ട ഓരോ ഘട്ടത്തിലും കോൺഗ്രസിനെ പിന്നോട്ടുനടത്തുന്നത്.
ജനങ്ങൾ നൽകിയ അധികാരത്തിന്റെ ശീതളഛായ ആസ്വദിച്ചുപോന്ന എല്ലാവർക്കും വേണ്ടത് ആജീവനാന്തം പദവികളാണ്. അത് കൈമോശം വരുന്നുവെന്ന് വരുമ്പോൾ അധികാരം ബി.ജെ.പിയുടെ താലത്തിലേക്ക് എടുത്തുവച്ചുകൊടുക്കാൻ അവർക്കൊരു മടിയുമില്ല. മുതിർന്നവരുടെ തഴക്കവും യുവാക്കളുടെ ഊർജവും കോൺഗ്രസിന് ആവശ്യമുണ്ട്. സന്തുലിതമായ നിലപാട് സ്വീകരിച്ച് ഇതിനെ അതിജീവിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. പഴയകാല നേതാക്കളുടെ ബുദ്ധിവൈഭവം ഫലിക്കുന്നില്ല. തന്ത്രവും തഴക്കവും ജനപിന്തുണയുമില്ലാത്ത പുതിയ യുവസംഘത്തിനാകട്ടെ നോക്കി നിൽക്കാനേ ആവുന്നുള്ളൂ. കോൺഗ്രസിന്റെ പടവലങ്ങ വളർച്ചക്ക് ഇതിലും വലിയ കാരണമൊന്നും തേടിപ്പോകേണ്ടതില്ല. ഇനിയൊരു തിരിച്ചുവരവ് സാധ്യമാണോ എന്ന വലിയ ചോദ്യത്തിനു മുന്നിലാണ് പാർട്ടി എത്തിനിൽക്കുന്നത്. ഈ പ്രതിസന്ധി ഓരോ ദിവസവും ശക്തിപ്പെടുന്നുണ്ട്. ഇതിന്റെയൊക്കെ ഫലമായി ഓരോ സംസ്ഥാനത്തും പാർട്ടി ക്ഷയിക്കുന്നുണ്ട്. നയിക്കുന്നവരുടെ വിശ്വാസ്യതക്ക് ഇടിവു സംഭവിച്ചുകൊണ്ടിരിക്കുന്നു. പാർട്ടിയെ ശക്തിപ്പെടുത്തണം എന്നാഗ്രഹിക്കുന്ന സാധാരണക്കാർ എന്തു ചെയ്യും!
ഒരു നേതാവ് കൊഴിയുമ്പോൾ ഒരു സംസ്ഥാനം തന്നെ കൈവിട്ടുപോകുന്ന ദുരന്തം ഏറ്റുവാങ്ങുകയാണ് കുറച്ചുകാലമായി കോൺഗ്രസ്. ബി.ജെ.പിയുടെ രാഷ്ട്രീയത്തെ ഫലപ്രദമായി നേരിടാൻ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾക്കു പോലും ഒരുപരിധിവരെ കഴിയുന്നു. അതിനൊപ്പം നിലകൊള്ളാനെങ്കിലും കോൺഗ്രസിന് സാധിക്കണം. ദേശീയ രാഷ്ട്രീയത്തിലെ അതികായനായിരുന്ന ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ഐക്യാഹ്വാനവുമായി കളത്തിലുണ്ട്. നിതീഷ് കുമാറുമായി കൈകോർത്ത് ബിഹാറിൽ നിന്ന് മാതൃക കാട്ടിത്തരുന്നുമുണ്ട്. ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടിയും ബംഗാളിൽ തൃണമൂൽ കോൺഗ്രസും തമിഴ്‌നാട്ടിൽ ഡി.എം.കെയും കേരളത്തിൽ ഇടതുപാർട്ടികളും അധികാരത്തിലുണ്ട്. തെലങ്കാനയിലെ ടി.ആർ.എസും ആന്ധ്രാപ്രദേശിലെ വൈ.എസ്. ആർ കോൺഗ്രസും ഒഡിഷയിൽ ബിജു ജനതാദളും ബി.ജെ.പി പാളയത്തിലുള്ളവരല്ല. വിവേകപൂർവമാണ് നീക്കങ്ങളെങ്കിൽ എന്തെളുപ്പമാണ് കാര്യങ്ങൾ. വിശ്വാസത്തിലെടുക്കാവുന്ന പങ്കാളിയായി യു.പിയിൽ സമാജ് വാദി പാർട്ടിയുണ്ട്. ഹരിയാനയിലെ ഐ.എൻ.എൽ.ഡിയും ജമ്മുകശ്മിരിൽ പി.ഡി.പി, നാഷനൽ കോൺഫറൻസ് ഉൾപ്പെടെയുള്ള പാർട്ടികളുമുണ്ട്.
അടുത്ത തെരഞ്ഞെടുപ്പിൽ തന്നെ നില മെച്ചപ്പെടുത്തുകയും കോൺഗ്രസ് അവരെ മുന്നിൽനിന്ന് നയിക്കാൻ സ്വീകാര്യമാവുകയും ചെയ്യുമെന്ന് നിലവിലെ പ്രതിപക്ഷ കക്ഷികൾ കണ്ണടച്ചു കരുതരുത്. അതിന് സമയമായിട്ടില്ല. പ്രതിപക്ഷ നേതാക്കൾക്ക് വിശ്വസ്തവും സ്വീകാര്യവുമായി മാറുകയും ഐക്യത്തിനുള്ള വാതിൽ തുറന്നിടുകയുമാണ് കോൺഗ്രസ് ഇപ്പോൾ ചെയ്യേണ്ടത്. സോണിയയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിപക്ഷ ഐക്യം സാധ്യമാക്കുന്നതിന് വിട്ടുവീഴ്ചകൾ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ലാലുവും നിതീഷും ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന പ്രാദേശിക പാർട്ടികളെകൂടി പ്രതിപക്ഷ ഐക്യമുന്നണിയിൽ കൊണ്ടുവരുന്നതിൽ തടസ്സം നിൽക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും ആഗ്രഹിക്കുന്ന കാര്യമാണിത്. ആദ്യം ഒന്നിച്ചുനിൽക്കുക. മോദിയുടെ യഥാർഥ പ്രതിയോഗി ആരാണെന്ന ചോദ്യത്തിനുത്തരം തേടുന്നത് പിന്നെയാവാം. ഇരുന്നു കാലു നീട്ടിയാൽ വീഴില്ല; അല്ലെങ്കിൽ ഉടയുന്നത് കോൺഗ്രസ്സിന്റെ തന്നെ തലയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."