കൊതുകിന്റെ ഉറവിടം കണ്ടെത്താനും 'ഉടമ'യുടെ അനുമതി വേണം
തിരുവനന്തപുരം: സികയും ഡെങ്കിയും പടര്‍ന്നുപിടിക്കുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി പൊതുജനാരോഗ്യ നിയമം. കൊതുകിന്റെ ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പുതിയ നിയമം തിരിച്ചടിയായിരിക്കുന്നത്. ഏതെങ്കിലും പ്രദേശത്തോ വീടുകളിലോ പരിശോധനയ്ക്ക് പ്രവേശിക്കണമെങ്കില്‍ ഉടമയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന ചട്ടമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയാകുന്നത്. ജൂണ്‍ ഒന്നിന് ഇറങ്ങിയ പുതിയ പൊതുജനാരോഗ്യ നിയമത്തിലാണ് ഈ ഭേദഗതി. നിയമത്തിലെ സെക്ഷന്‍ 65 അനുസരിച്ച് പരിശോധനകള്‍ക്കായി എവിടെയെങ്കിലും പ്രവേശിക്കണമെങ്കില്‍ കടമ്പകള്‍ ഏറെയുണ്ട്. ഇതില്‍ പ്രധാനം പരിശോധനയ്ക്ക് മുന്‍പ് ഉടമകളുടെ അനുമതി തേടണം എന്നതാണ്. ഉടമ അനുമതി നിഷേധിച്ചാല്‍ പരിശോധനയും മുടങ്ങും.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തുന്ന ആളിനു മാത്രമേ പരിശോധനയ്ക്ക് പോകാന്‍ കഴിയൂ എന്നതാണ് മറ്റൊരു പ്രതിസന്ധി. അടിയന്തര ഘട്ടങ്ങളില്‍ അനുമതി വൈകിയാല്‍ പരിശോധനയോ തുടര്‍നടപടികളോ നടക്കില്ല. ഇതോടെ പല ജില്ലകളിലും പരിശോധന നടക്കുന്നില്ല. സിക, ഡെങ്കി രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ വ്യാപക പരിശോധന എത്രയും വേഗത്തില്‍ നടത്തിയില്ലെങ്കില്‍ വലിയ തിരിച്ചടിയാകും. ഈ രോഗങ്ങള്‍ക്ക് കാരണമായ ഈഡിസ് കൊതുകുകള്‍ വീടുകള്‍ക്ക് ഉള്ളില്‍ വരെ ഉണ്ടാകാം. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ക്ക് മുന്‍കൂര്‍ അനുമതി എന്നത് പ്രായോഗികമാകില്ല. പുതിയ നിയമപ്രകാരം നിയമ നിര്‍വഹണ അധികാരം ഡോക്ടര്‍മാരിലേക്ക് ചുരുങ്ങും. കൊവിഡ് ഡ്യൂട്ടി അടക്കം ചുമതലയില്‍ ഉള്ള ഡോക്ടര്‍മാര്‍ക്ക് ഇത കൂടുതല്‍ ഭാരമാകും. നിയമത്തിലെ ഈ പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും മാറ്റമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."