വാക്സിന് ഡോസുകള്‍ക്കിടയിലെ സമയക്രമം: ഹരജി തള്ളി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കുന്നതിനിടയിലുള്ള സമയദൈര്‍ഘ്യം കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി.
അന്‍പതിലേറെ പ്രായമുള്ളവര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും ഈ സമയം ലഘൂകരിച്ച് നല്‍കണമെന്നായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.ഇക്കാര്യത്തില്‍ ഇടപെടില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്, ഹരജി ചെലവുസഹിതം തള്ളുകയാണെന്നും വ്യക്തമാക്കി. കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടു ഡോസുകള്‍ക്കിടയില്‍ 12 മുതല്‍ 16വരെ ആഴ്ചകള്‍ വേണമെന്നാണ് നിലവിലെ നിര്‍ദേശം. എന്നാല്‍ ഇത് എട്ടാഴ്ചയാക്കി ചുരുക്കണമെന്നായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ടോയെന്നും എങ്ങനെയാണ് ഡോസുകളുടെ സമയം നിശ്ചയിക്കുന്നതെന്ന് അറിയാമോയെന്നും ഹരജിക്കാരനു വേണ്ടി വാദിച്ച അഡ്വ. കുല്‍ദീപ് ജൗഹരിയോട് കോടതി ചോദിച്ചു. വിദഗ്ധര്‍ ഇക്കാര്യത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഹരജിക്ക് ആധാരമെന്ന് അഭിഭാഷകന് വാദിച്ചെങ്കിലും അതു തെളിയിക്കാനായില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.പിന്നാലെയാണ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ്, എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്. ഡോ. സിദ്ദാര്‍ഥ് ദേ എന്നയായാളായിരുന്നു ഹരജിയുമായി കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."