സൗരവാതമെത്തി; അപകടങ്ങളുണ്ടായില്ല
ന്യൂയോര്‍ക്ക്: ലോകം ആശങ്കയോടെ കാത്തിരുന്ന സൗരവാതം ഭൂമിയിലെത്തി. എന്നാല്‍ വൈദ്യുതിവിതരണത്തെയോ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളെയോ അത് കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ടില്ല.
ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 10.10നാണ് സൗരവാതം ഭൂമിയിലെത്തിയതെന്ന് യു.എസിലെ നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍.ഒ.എ.എ) അറിയിച്ചു.
ഈ പ്രതിഭാസം ഏതാനും മണിക്കൂറുകള്‍ നിലനിന്നതായും നേരിയതോതില്‍ ഭൂമിയുടെ കാന്തികമണ്ഡലത്തെ അസ്ഥിരപ്പെടുത്തിയതായും എന്നാല്‍ അതുകൊണ്ട് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെന്നും യു.എസ് ഏജന്‍സി കൂട്ടിച്ചേര്‍ത്തു. ചില ദുര്‍ബലമായ പവര്‍ഗ്രിഡുകള്‍ സൗരവാതം മൂലം തകരാറിലായിട്ടുണ്ടാവുമെന്നും കാനഡ, അലാസ്‌ക എന്നിവിടങ്ങളില്‍ അറോറകള്‍ ദൃശ്യമാകുമെന്നും എന്‍.ഒ.എ.എ പറഞ്ഞു.
ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ സൗരവാതം എത്തുന്നതോടെ ലോകത്ത് പല ഭാഗത്തും വൈദ്യുതിവിതരണം നിലയ്ക്കാനും ജി.പി.എസ് നാവിഗേഷന്‍, മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍, സാറ്റലൈറ്റ് ടി.വി എന്നിവ തകരാറിലാകാനും ഇടയാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്താണ് സൗരവാതം?
സൂര്യോപരിതലം 3,315 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ളതാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ കൊറോണ എന്നറിയപ്പെടുന്ന ഇതിന്റെ അന്തരീക്ഷം ആയിരത്തിലേറെ ഇരട്ടി ചൂടുള്ളതാണ്.
കൊറോണയില്‍ നിന്നും പ്രോട്ടോണ്‍, ഇലക്ട്രോണ്‍ തുടങ്ങിയ കണങ്ങള്‍ പുറത്തേക്കു പ്രവഹിക്കുന്നതിനെയാണ് സൗരവാതം എന്നു പറയുന്നത്. ഇതു ഭൂമിയിലേക്കും എത്താം.
വാസ്തവത്തില്‍ ഇത് ഭൂമിയുടെ രക്ഷകന്‍ കൂടിയാണ്. സൗരയൂഥത്തില്‍ നിന്നും വരുന്ന കോസ്മിക് കിരണങ്ങളില്‍ നിന്നും ഭൂമിയെ സംരക്ഷിക്കുന്നത് സൗരവാതമാണ്. ടെലികമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കിനെയും ബഹിരാകാശത്തുകൂടി യാത്ര ചെയ്യുന്നവരെയും ഇത് ദോഷകരമായി ബാധിക്കുമെന്നു മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."